കോടികളുടെ തട്ടിപ്പ് നടത്തി യുഎസിലേക്ക് മുങ്ങിയ മോണിക്കയെ 25 വര്‍ഷത്തിനുശേഷം ഇന്ത്യയിലേക്ക് നാടുകടത്തി

കോടികളുടെ തട്ടിപ്പ് നടത്തി യുഎസിലേക്ക് മുങ്ങിയ മോണിക്കയെ 25 വര്‍ഷത്തിനുശേഷം ഇന്ത്യയിലേക്ക് നാടുകടത്തി


ന്യൂഡല്‍ഹി: ഇന്ത്യയില്‍ സാമ്പത്തിക കുറ്റകൃത്യം നടത്തിയതിനുശേഷം 25 വര്‍ഷം മുമ്പ് അമേരിക്കയിലേക്ക് രക്ഷപ്പെട്ട മോണിക്ക കപൂറിനെ അമേരിക്കയില്‍ നിന്ന് സി.ബി.ഐ സംഘം കസ്റ്റഡിയിലെടുത്തതായി ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് പിടിഐ റിപ്പോര്‍ട്ട് ചെയ്തു.

25 വര്‍ഷമായി ഒളിവില്‍ കഴിയുന്ന മോണിക്ക കപൂറിനെ ജൂലൈ 9 നു രാത്രി സിബിഐ സംഘം ഇന്ത്യയിലേക്ക് കൊണ്ടുവരുമെന്ന് ഉദ്യോഗസ്ഥന്‍ അറിയിച്ചു. അമേരിക്കന്‍ എയര്‍ലൈന്‍സിന്റെ വിമാനത്തില്‍ മോണിക്കയുമായി സിബിഐ സംഘം പുറപ്പെട്ടതായും ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് പിടിഐ റിപ്പോര്‍ട്ട് ചെയ്തു.

    ഇന്ത്യയും അമേരിക്കയും തമ്മിലുള്ള ഉഭയകക്ഷി കൈമാറ്റ ഉടമ്പടി പ്രകാരമാണ്  ന്യൂയോര്‍ക്കിലെ ഈസ്‌റ്റേണ്‍ ഡിസ്ട്രിക്റ്റിനായുള്ള യുണൈറ്റഡ് സ്‌റ്റേറ്റ്‌സ് ഡിസ്ട്രിക്റ്റ് കോടതി മോണിക്കയെ കൈമാറുന്നതിന് അനുമതി നല്‍കിയത്.

ഇന്ത്യയിലേക്ക് തിരിച്ചയച്ചാല്‍ താന്‍ പീഡിപ്പിക്കപ്പെടുമെന്ന മോണിക്ക കപൂറിന്റെ വാദങ്ങള്‍  യുഎസ് സ്‌റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോ നേരത്തെ തള്ളുകയും  കീഴടങ്ങല്‍ വാറണ്ട് പുറപ്പെടുവിക്കുകയും ചെയ്തിരുന്നു.
  1998 ലെ വിദേശകാര്യ പരിഷ്‌കരണ, പുനഃസംഘടനാ നിയമം (FARRA) നടപ്പിലാക്കിയ പീഡനത്തിനെതിരായ ഐക്യരാഷ്ട്രസഭയുടെ കണ്‍വെന്‍ഷന്റെ ലംഘനമായിരിക്കും തന്നെ കൈമാറുന്നതെന്ന് മോണിക്ക വാദിച്ചിരുന്നു.

1999 ല്‍ ആഭരണ വ്യാപാരികളായ തന്റെ രണ്ട് സഹോദരന്മാരുമായി ചേര്‍ന്ന് 6,79,000 ഡോളറിന്റെ തട്ടിപ്പ് നടത്തിയതിന് ശേഷം മോണിക്ക കപൂര്‍ അമേരിക്കയിലേക്ക് ഒളിച്ചോടിയെന്നാണ് അവര്‍ക്കെതിരെ ഇന്ത്യയിലുള്ള കേസ്.

ആഭരണ ബിസിനസിനായി വ്യാജ രേഖകള്‍ നിര്‍മ്മിച്ച് ഇന്ത്യാഗവണ്മെന്റില്‍ നിന്ന് ഡ്യൂട്ടി ഫ്രീ അസംസ്‌കൃത വസ്തുക്കള്‍ ഇറക്കുമതി ചെയ്യുന്നതിനുള്ള ലൈസന്‍സ് നേടിയെടുക്കാന്‍ പ്രതികള്‍ ശ്രമിച്ചതായാണ് ആരോപണം.

ഈ തട്ടിപ്പ് മൂലം ഇന്ത്യന്‍ ഖജനാവിന് 679,000 ഡോളറിലധികം നഷ്ടം സംഭവിച്ചതായി റിപ്പോര്‍ട്ടില്‍ പറയുന്നു.

ഇരു രാജ്യങ്ങളും തമ്മിലുള്ള കുറ്റവാളി കൈമാറ്റ ഉടമ്പടി പ്രകാരം 2010 ഒക്ടോബറില്‍ മോണിക്ക കപൂറിനെ കൈമാറണമെന്ന് ആവശ്യപ്പെട്ട് ഇന്ത്യ യുഎസിനെ സമീപിച്ചിരുന്നു.