ഇലോൺ മസ്‌ക് ഇന്ത്യാ സന്ദർശനം നീട്ടിവെച്ചു

ഇലോൺ മസ്‌ക് ഇന്ത്യാ സന്ദർശനം നീട്ടിവെച്ചു


ടെസ്‌ല കാർ കമ്പനിയുടമ ഇലോൺ മസ്‌ക് തൻറെ ഇന്ത്യാ സന്ദർശനം നീട്ടിവെച്ചു. വാരാന്ത്യത്തിൽ ഇന്ത്യയിലെത്തി തിങ്കളാഴ്ച്ച പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ചർച്ച നടത്താനാണ് നേരത്തെ അദ്ദേഹം പരിപാടിയിട്ടിരുന്നത്.

നിർഭാഗ്യകരമെന്ന് പറയട്ടെ, ടെസ്‌ലയിൽ വലിയ ഉത്തരവാദിത്തങ്ങൾ ഇന്ത്യാ സന്ദർശനം നീട്ടിവയ്ക്കാൻ (എന്നെ) നിര്ബന്ധിതനാക്കിയിരിക്കുകയാണ്. എങ്കിലും, ഈ വർഷാന്ത്യത്തോടെ ഇന്ത്യ സന്ദർശിക്കാനാവുമെന്നാണ് പ്രതീക്ഷിക്കുന്നത്," മസ്‌ക്  തൻറെ ഉടമസ്ഥതയിലുള്ള സമൂഹ മാധ്യമമായ 'എക്‌സി'ൽ എഴുതി.

ഇന്ത്യാ സന്ദർശനവേളയിൽ ഇന്ത്യയിലെ സ്പേസ് സ്റ്റാർട്ടപ്പുകളുമായി ചർച്ചകൾ നടത്തുന്നതിനും തുടർന്ന് പ്രധാനമന്ത്രി മോദിയുമായി ചർച്ചകൾ നടത്തുന്നതിനുമാണ് മസ്‌ക് പരിപാടിയിട്ടിരുന്നത്. പ്രധാനമന്ത്രിയുമായുള്ള ചർച്ചകൾക്ക് ശേഷം ഇന്ത്യയിൽ ടെസ്‌ല കാർ ഫാക്ടറി ആരംഭിക്കുന്നത് സംബന്ധിച്ച് നിർണായകമായ പ്രഖ്യാപനമുണ്ടാവുമെന്നും പ്രതീക്ഷിക്കപ്പെട്ടിരുന്നു. 

ലോകത്തെ തന്നെ മൂന്നാമത്തെ ഏറ്റവും വലിയ കാർ മാർക്കറ്റായ ഇന്ത്യയിലേക്ക് താൻ വരികയാണെന്ന് മസ്‌ക് പല തവണ പ്രഖ്യാപിച്ചിരുന്നു. ടെസ്‌ലയുടെ വിദഗ്ദ്ധർ കാർ ഫാക്ടറി സ്ഥാപിക്കുന്നതിന് അനുയോജ്യമായ ഇടം തേടി ഇന്ത്യയൊട്ടാകെ പരിശോധനകളും നടത്തി വരുകയാണ്. ഗുജറാത്തും തമിഴ് നാടുമാണ് ടെസ്‌ലയുടെ കാർ നിർമ്മാണ ഫാക്ടറി സ്ഥാപിക്കുന്നതിനുള്ള മത്സരത്തിൽ മുന്നിട്ട് നിൽക്കുന്ന രണ്ട് സംസ്ഥാനങ്ങൾ. 

ഇലക്ട്രിക് കാർ നിർമ്മാണത്തിന് ഇന്ത്യയിലേക്ക് എത്തുന്നതിന് നികുതിയിളവുകൾ വേണമെന്ന ആവശ്യം മസ്‌ക് പ്രധാനമന്ത്രിക്ക് മുന്നിൽ നേരത്തെ വച്ചിരുന്നു. എന്നാൽ, ടെസ്‌ലയ്ക്ക് മാത്രമായി എന്തെങ്കിലും ആനുകൂല്യം നൽകുന്നതിനെതിരെ മറ്റ് കാർ നിർമ്മാതാക്കൾ രംഗത്തെത്തിയതോടെ അവരുമായും ചർച്ച നടത്താൻ തയ്യാറായിരിക്കുകയാണ് ഭാരത സർക്കാർ.