കെജ്രിവാളിന് വണ്ടി വീട്ടില്‍ നിന്ന് ജയിലിലെത്തിക്കുന്ന ഭക്ഷണത്തില്‍ വിമര്‍ശമുന്നയിച്ച് കോടതി

കെജ്രിവാളിന് വണ്ടി വീട്ടില്‍ നിന്ന് ജയിലിലെത്തിക്കുന്ന ഭക്ഷണത്തില്‍ വിമര്‍ശമുന്നയിച്ച് കോടതി


ന്യൂഡല്‍ഹി: തിഹാര്‍ ജയിലില്‍ കഴിയുന്ന ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന് വീട്ടില്‍ പാകം ചെയ്ത ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തിയ സാധനങ്ങള്‍ സ്വന്തം ഡോക്ടര്‍ നിര്‍ദേശിച്ചതില്‍ നിന്ന് വ്യത്യസ്തമാണെന്ന് ഡല്‍ഹി കോടതി തിങ്കളാഴ്ച നിരീക്ഷിച്ചു. ഉരുളക്കിഴങ്ങ്, അര്‍ബി (താറോ), മാമ്പഴം തുടങ്ങിയ ഭക്ഷണ പദാര്‍ത്ഥങ്ങള്‍ ഡോക്ടര്‍ നിര്‍ദ്ദേശിച്ചിട്ടില്ല, എന്നാല്‍ അവ അദ്ദേഹത്തിന് നല്‍കിയ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്, കോടതി പറഞ്ഞു.

കെജ്രിവാളിന്റെ മെഡിക്കല്‍ കുറിപ്പടി പ്രകാരമല്ലാത്ത ഭക്ഷ്യവസ്തുക്കള്‍ അയക്കാന്‍ അനുവദിച്ചത് എന്തുകൊണ്ടാണെന്ന് ജയില്‍ അധികൃതര്‍ വിശദീകരിക്കുന്നില്ലെന്ന് സിബിഐ, ഇഡി കേസുകളുടെ പ്രത്യേക ജഡ്ജി കാവേരി ബവേജ നിരീക്ഷിച്ചു.

പ്രമേഹരോഗിയായ അരവിന്ദ് കെജ്രിവാള്‍ രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിയ്ക്കാതെ ദിവസവും മാമ്പഴവും ആലു പൂരിയും മധുരപലഹാരങ്ങളും കഴിക്കുന്നുണ്ടെന്ന് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ആരോപിച്ചതിന് ദിവസങ്ങള്‍ക്ക് ശേഷമാണ് കോടതിയുടെ പരാമര്‍ശം.

മുതിര്‍ന്ന എന്‍ഡോക്രൈനോളജിസ്റ്റുകളും ഡയബറ്റോളജിസ്റ്റുകളും ഉള്‍പ്പെടുന്ന എയിംസ് മെഡിക്കല്‍ ബോര്‍ഡ് നിര്‍ദ്ദേശിക്കുന്ന ഡയറ്റ് പ്ലാന്‍ കര്‍ശനമായി പാലിക്കുമെന്ന വ്യവസ്ഥയില്‍ ഡല്‍ഹി മുഖ്യമന്ത്രിക്ക് വീട്ടില്‍ പാകം ചെയ്ത ഭക്ഷണം നല്‍കുന്നത് തുടരുമെന്ന് കോടതി തിങ്കളാഴ്ച വിധിച്ചു.

മെഡിക്കല്‍ ബോര്‍ഡ് ഡയറ്റ് പ്ലാന്‍ നല്‍കുന്നതുവരെ, അരവിന്ദ് കെജ്രിവാളിനെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ അയച്ച ഏപ്രില്‍ 1 മുതല്‍ ഡോക്ടര്‍ നിര്‍ദ്ദേശിച്ച ഡയറ്റ് ചാര്‍ട്ടും കോടതിയുടെ ഉത്തരവും കര്‍ശനമായി പാലിക്കാന്‍ അരവിന്ദ് കെജ്രിവാളിന്റെ കുടുംബത്തിന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

കെജ്രിവാളിന്റെ ഭക്ഷണത്തില്‍ വൈദ്യശാസ്ത്രം നിര്‍ദ്ദേശിക്കുന്ന ഭക്ഷണക്രമത്തില്‍ നിന്ന് വ്യതിചലനമില്ലെന്ന് തിഹാര്‍ ജയില്‍ അധികൃതര്‍ ഉറപ്പാക്കണമെന്നും കോടതി പറഞ്ഞു. കുടുംബ ഡോക്ടറുമായി വീഡിയോ കോളിലൂടെ ദിവസവും കൂടിയാലോചന നടത്തണമെന്ന ഡല്‍ഹി മുഖ്യമന്ത്രിയുടെ ഹര്‍ജി തള്ളിക്കൊണ്ടാണ് കോടതി ഉത്തരവ്.

ഹൈപ്പര്‍ ഗ്ലൈസെമിക് രോഗിയായ കെജ്രിവാളിന് ഇന്‍സുലിന്‍ ഇല്ല

രക്തത്തില്‍ അമിതമായ പഞ്ചസാര (ഗ്ലൂക്കോസ്) ഉള്ള ഹൈപ്പര്‍ ഗ്ലൈസീമിയ എന്ന രോഗമുള്ളതിനാല്‍ ഇന്‍സുലിന്‍ നല്‍കണമെന്ന അരവിന്ദ് കെജ്രിവാളിന്റെ അപേക്ഷ അദ്ദേഹത്തിന്റെ വാക്കില്‍ മാത്രം അംഗീകരിക്കാനാവില്ലെന്ന് കോടതി പറഞ്ഞു.

കെജ്രിവാളിന് നിലവില്‍ ഇന്‍സുലിന്‍ ആവശ്യമുണ്ടോ എന്നതിനെക്കുറിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ എയിംസ് മെഡിക്കല്‍ ബോര്‍ഡിനോട് ആവശ്യപ്പെട്ടു. എന്തെങ്കിലും ഇടപെടല്‍ ആവശ്യമുണ്ടെങ്കില്‍ മെഡിക്കല്‍ ബോര്‍ഡുമായി ആലോചിച്ച് ജയില്‍ അധികൃതര്‍ അന്തിമ തീരുമാനമെടുക്കുമെന്നും കോടതി പറഞ്ഞു.

മുഖ്യമന്ത്രിക്ക് ഇന്‍സുലിന്‍ നിഷേധിക്കപ്പെട്ട് സാവധാനത്തിലുള്ള മരണത്തിലേക്ക് തള്ളിവിടുകയാണെന്ന് ആം ആദ്മി പാര്‍ട്ടി (എഎപി) ആരോപിച്ചു. ഡല്‍ഹി മദ്യനയവുമായി ബന്ധപ്പെട്ട കേസില്‍ അറസ്റ്റിലായ അരവിന്ദ് കെജ്രിവാള്‍ ഇപ്പോള്‍ തിഹാര്‍ ജയിലിലാണ്.