വര്‍ഗ്ഗീയ കലാപം നടന്ന സ്ഥലങ്ങളില്‍ വോട്ടെടുപ്പ് അനുവദിക്കില്ലെന്ന് ഹൈക്കോടതി

വര്‍ഗ്ഗീയ കലാപം നടന്ന സ്ഥലങ്ങളില്‍ വോട്ടെടുപ്പ് അനുവദിക്കില്ലെന്ന് ഹൈക്കോടതി


കൊല്‍ക്കത്ത: രാമനവമി ആഘോഷത്തിനിടെ വര്‍ഗീയ കലാപം നടന്ന പശ്ചിമ ബംഗാളിലെ ലോക്സഭാ മണ്ഡലങ്ങളില്‍ വോട്ടെടുപ്പ് അനുവദിക്കില്ലെന്ന് കൊല്‍ക്കത്ത ഹൈക്കോടതി മുന്നറിയിപ്പ് നല്‍കി.

ഏപ്രില്‍ 17ന് രാമനവമി ഘോഷയാത്രയ്ക്കിടെ മുര്‍ഷിദാബാദില്‍ നടന്ന അക്രമസംഭവങ്ങളില്‍ വാദം കേള്‍ക്കുന്നതിനിടെയാണ് ചീഫ് ജസ്റ്റിസ് ടി എസ് ശിവജ്ഞാനം അധ്യക്ഷനായ ബെഞ്ച് ഇക്കാര്യം പറഞ്ഞത്. 

ജനങ്ങള്‍ക്ക് സമാധാനത്തോടെയും ഐക്യത്തോടെയും ജീവിക്കാന്‍ കഴിയുന്നില്ലെങ്കില്‍ ഈ ജില്ലകളിലെ പാര്‍ലമെന്റ് തിരഞ്ഞെടുപ്പ് നടത്താന്‍ തിരഞ്ഞെടുപ്പ് കമ്മീഷന് കഴിയില്ലെന്ന് തങ്ങള്‍ പറയുമെന്നും അതാണ് ഏക പോംവഴിയെന്നും ബെഞ്ച് പറഞ്ഞു.

മാതൃകാ പെരുമാറ്റച്ചട്ടം നിലവിലുണ്ടെങ്കിലും രണ്ട് കൂട്ടം ആളുകള്‍ ഇതുപോലെ പോരാടുകയാണെങ്കില്‍ അവര്‍ തിരഞ്ഞെടുക്കപ്പെട്ട ഒരു പ്രതിനിധിക്കും അര്‍ഹരല്ലെന്നും ബെഞ്ച്  കൂട്ടിച്ചേര്‍ത്തു.

രാമനവമി ദിനത്തിലും കൊല്‍ക്കത്തയില്‍ സമാനമായ ഘോഷയാത്രകള്‍ നടന്നിരുന്നുവെങ്കിലും അക്രമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി.

'കൊല്‍ക്കത്തയിലും 23 സ്ഥലങ്ങളില്‍ ആഘോഷങ്ങള്‍ നടന്നിരുന്നുവെങ്കിലും അനിഷ്ട സംഭവങ്ങളൊന്നും ഉണ്ടായിട്ടില്ല. എം സി സി ഉള്ളപ്പോള്‍ ഇത് സംഭവിച്ചാല്‍ സംസ്ഥാന പോലീസ് എന്തുചെയ്യും? കേന്ദ്ര സേന എന്താണ് ചെയ്യുന്നത്? ഇരുവര്‍ക്കും സംഘര്‍ഷം നേരിടാന്‍ കഴിഞ്ഞില്ല.' ബെഞ്ച് ചൂണ്ടിക്കാട്ടി.

അക്രമവുമായി ബന്ധപ്പെട്ട കേസുകളില്‍ എത്ര പേരെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്ന് സംസ്ഥാന അഭിഭാഷകനോട് ബെഞ്ച് ചോദിച്ചു. അന്വേഷണം സി ഐ ഡി ഏറ്റെടുത്തതായി സര്‍ക്കാര്‍ അഭിഭാഷകന്‍ കോടതിയെ അറിയിച്ചു.

ഒരു സീറ്റിലെയും തിരഞ്ഞെടുപ്പ് മാറ്റിവയ്ക്കുന്നത് സംബന്ധിച്ച് ഹൈക്കോടതി ഉത്തരവൊന്നും പുറപ്പെടുവിച്ചിട്ടില്ലെങ്കിലും മുര്‍ഷിദാബാദിന് കീഴില്‍ വരുന്ന ബെര്‍ഹാംപൂരില്‍ തിരഞ്ഞെടുപ്പ് മാറ്റിവയ്ക്കണമെന്ന് കമ്മീഷനോട് നിര്‍ദ്ദേശിക്കുമെന്ന് കോടതി അറിയിച്ചു.

വര്‍ഗീയ സംഘര്‍ഷങ്ങളെക്കുറിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ സംസ്ഥാന പൊലീസിനോട് ഹൈക്കോടതി നിര്‍ദേശിച്ചു.

അടുത്ത വാദം ഏപ്രില്‍ 26 വെള്ളിയാഴ്ച നടക്കും.