ഹരിയാനയില്‍ ബി ജെ പി സര്‍ക്കാറിന് മൂന്ന് സ്വതന്ത്ര എം എല്‍ എമാര്‍ പിന്തുണ പിന്‍വലിച്ചു

ഹരിയാനയില്‍ ബി ജെ പി സര്‍ക്കാറിന് മൂന്ന് സ്വതന്ത്ര എം എല്‍ എമാര്‍ പിന്തുണ പിന്‍വലിച്ചു


ചണ്ഡിഗഡ്: ഹരിയാനയിലെ നയാബ് സിംഗ് സൈനി സര്‍ക്കാരിനെ പിന്തുണയ്ക്കുന്ന മൂന്ന് സ്വതന്ത്ര എം എല്‍ എമാര്‍ പിന്തുണ പിന്‍വലിച്ചു. ലോക്സഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥികള്‍ക്കായി പ്രചാരണം നടത്താന്‍ സ്വതന്ത്ര എം എല്‍ എമാര്‍ തീരുമാനിച്ചു.

ഹരിയാന മുന്‍ മുഖ്യമന്ത്രി ഭൂപീന്ദര്‍ സിംഗ് ഹൂഡ, സംസ്ഥാന കോണ്‍ഗ്രസ് അധ്യക്ഷന്‍ ഉദയ് ഭാന്‍ എന്നിവരുടെ സാന്നിധ്യത്തില്‍ റോഹ്തക്കില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് എം എല്‍ എമാരായ സോംബിര്‍ സാങ്വാന്‍, രണ്‍ധീര്‍ ഗോലെന്‍, ധരംപാല്‍ ഗോന്ദര്‍ എന്നിവര്‍ ഇക്കാര്യം അറിയിച്ചത്.

കര്‍ഷകരുമായി ബന്ധപ്പെട്ടതുള്‍പ്പെടെ വിവിധ വിഷയങ്ങളില്‍ ഈ തീരുമാനമെടുത്തിട്ടുണ്ടെന്നും ഗോന്ദര്‍ പറഞ്ഞു.

സൈനി സര്‍ക്കാരില്‍ ചേരാത്തതിനെ തുടര്‍ന്ന് സ്വതന്ത്ര എം എല്‍ എമാര്‍ അതൃപ്തരായിരുന്നു. 

അധികാരത്തിലിരിക്കുന്ന ബി ജെ പി സര്‍ക്കാരിന് ഭൂരിപക്ഷം നഷ്ടപ്പെട്ടുവെന്ന് ചൂണ്ടിക്കാട്ടി കോണ്‍ഗ്രസ് ഹരിയാനയില്‍ രാഷ്ട്രപതി ഭരണം ആവശ്യപ്പെട്ടു.

90 അംഗ ഹരിയാന നിയമസഭയുടെ നിലവിലെ അംഗബലം 88 ആണെന്നും അതില്‍ ബി ജെ പിക്ക് 40 അംഗങ്ങളാണുള്ളതെന്നും ഉദയ്ഭാന്‍ പറഞ്ഞു. ബി ജെ പി സര്‍ക്കാരിന് ജെ ജെ പി എം എല്‍ എമാരുടെയും സ്വതന്ത്രരുടെയും പിന്തുണയുണ്ടായിരുന്നുവെങ്കിലും അവരെല്ലാം പിന്തുണ പിന്‍വലിച്ചതായും അദ്ദേഹം വിശദമാക്കി. നയാബ് സിംഗ് സൈനി സര്‍ക്കാര്‍ ന്യൂനപക്ഷ സര്‍ക്കാരായെന്നും മുഖ്യമന്ത്രി സ്ഥാനം രാജിവയ്ക്കണമെന്നും ഭാന്‍ ആവശ്യപ്പെട്ടു.

എന്നാല്‍ പൊതുജനങ്ങളുടെ ആഗ്രഹങ്ങളുമായി കോണ്‍ഗ്രസിന്റെ നീക്കങ്ങള്‍ക്ക് ബന്ധമില്ലെന്നാണ് മുഖ്യമന്ത്രി ഇതിന് മറുപടി നല്‍കിയത്. 

ഹരിയാനയില്‍ 40 ബി ജെ പി നിയമസഭാംഗങ്ങള്‍, രണ്ട് സ്വതന്ത്രര്‍, ഒരു എച്ച് എല്‍ പി, നാല് ജെ ജെ പി എം എല്‍ എമാര്‍ എന്നിവരുള്‍പ്പെടെ 47 എം എല്‍ എമാരുടെ പിന്തുണയുണ്ടെന്ന് ബി ജെ പി വൃത്തങ്ങള്‍ പറഞ്ഞു.