പന്നൂന്‍ വധശ്രമം: വാഷിംഗ്ടണ്‍ പോസ്റ്റിലെ റിപ്പോര്‍ട്ടിനെതിരെ ഇന്ത്യ

പന്നൂന്‍ വധശ്രമം:  വാഷിംഗ്ടണ്‍ പോസ്റ്റിലെ റിപ്പോര്‍ട്ടിനെതിരെ ഇന്ത്യ


ന്യൂഡല്‍ഹി: ഖലിസ്ഥാനി ഭീകരന്‍ ഗുര്‍പത്വന്ത് സിംഗ് പന്നൂനെ അമേരിക്കന്‍ മണ്ണില്‍ വച്ച് വധിക്കാന്‍ മുന്‍ ഇന്ത്യന്‍ ഇന്റലിജന്‍സ് ഉദ്യോഗസ്ഥന്‍ പദ്ധതിയിട്ടെന്ന വാഷിംഗ്ടണ്‍ പോസ്റ്റിലെ റിപ്പോര്‍ട്ട് തള്ളി ഇന്ത്യ. ഇന്ത്യയുടെ റിസര്‍ച്ച് ആന്‍ഡ് അനാലിസിസ് വിംഗിലെ (റോ) മുന്‍ ഉദ്യോഗസ്ഥനായ വിക്രം യാദവ്, യുഎസില്‍ താമസിക്കുന്ന ഇന്ത്യ നിയുക്ത ഭീകരന്‍ ഗുര്‍പത്വന്ത് സിംഗ് പന്നൂനെ ലക്ഷ്യം വയ്ക്കാന്‍ ഒരു ഹിറ്റ് ടീമിനെ നിയോഗിച്ചതായി അവകാശപ്പെടുന്ന റിപ്പോര്‍ട്ടാണ് ഇന്ത്യ തള്ളിയത്.

വിദേശകാര്യ മന്ത്രാലയ വക്താവ് രണ്‍ധീര്‍ ജയ്സ്വാള്‍ റിപ്പോര്‍ട്ടിനെ 'അനാവശ്യവും അടിസ്ഥാനരഹിതവുമാണ്' എന്ന് വിശേഷിപ്പിച്ചു. ക്രിമിനല്‍, തീവ്രവാദ ശൃംഖലയുമായി ബന്ധപ്പെട്ട് യുഎസ് ഉന്നയിക്കുന്ന സുരക്ഷാ ആശങ്കകള്‍ പരിഹരിക്കാന്‍ ഇന്ത്യന്‍ സര്‍ക്കാര്‍ രൂപീകരിച്ച ഉന്നതതല സമിതിയുടെ അന്വേഷണം തുടരുകയാണെന്ന് ജയ്സ്വാള്‍ പറഞ്ഞു.

''അതിനെക്കുറിച്ചുള്ള ഊഹാപോഹവും നിരുത്തരവാദപരവുമായ അഭിപ്രായങ്ങള്‍ സഹായകരമല്ല,'' അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 2022 നവംബറില്‍ പന്നൂണിനെ കൊല്ലാനുള്ള ഗൂഢാലോചന യുഎസ് പരാജയപ്പെടുത്തിയെന്നും അതിന്റെ പങ്കാളിത്തത്തെക്കുറിച്ച് ഇന്ത്യക്ക് മുന്നറിയിപ്പ് നല്‍കിയെന്നും ഫിനാന്‍ഷ്യല്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്തതോടെയാണ് വാദപ്രതിവാദങ്ങള്‍ തുടങ്ങുന്നത്.

ഈ ആരോപണങ്ങള്‍ 'സര്‍ക്കാര്‍ നയത്തിന് വിരുദ്ധമാണ്' എന്ന് വിശേഷിപ്പിച്ച് ഇന്ത്യ നിരസിച്ചു. ആരോപണങ്ങള്‍ അന്വേഷിക്കാന്‍ 2023 നവംബറില്‍ ഉന്നതതല അന്വേഷണ സമിതി രൂപീകരിച്ചു.

പന്നൂണിനെ ലക്ഷ്യമിട്ടുള്ള കൊലപാതക ഗൂഢാലോചനയില്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥന് പങ്കുണ്ടെന്ന് ആരോപിക്കപ്പെടുന്ന അന്വേഷണത്തില്‍ ഇന്ത്യയുടെ ദേശീയ സുരക്ഷാ താല്‍പ്പര്യങ്ങള്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്ന് വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍ ഈ മാസം ആദ്യം പറഞ്ഞിരുന്നു. വിക്രം യാദവിനെതിരെ ആരോപണങ്ങള്‍ ഉന്നയിക്കുന്നതില്‍ നിന്ന് ബൈഡന്‍ ഭരണകൂടം വിട്ടുനിന്നതായി വാഷിംഗ്ടണ്‍ പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്തു.

അതേസമയം, അന്വേഷണ ഫലത്തിന്റെ അടിസ്ഥാനത്തില്‍ ഇന്ത്യന്‍ സര്‍ക്കാര്‍ ഉത്തരവാദിത്തം ഏറ്റെടുക്കുമെന്ന് പ്രതീക്ഷിക്കുന്നതായി വൈറ്റ് ഹൗസ് അറിയിച്ചു.

'ഇത് ഗൗരവമേറിയ കാര്യമാണ്, ഞങ്ങള്‍ അത് വളരെ ഗൗരവത്തോടെയാണ് കാണുന്നത്. തങ്ങള്‍ ഇത് ഗൗരവമായി എടുക്കുന്നുണ്ടെന്നും അന്വേഷണം നടത്തുമെന്നും ഇന്ത്യന്‍ സര്‍ക്കാര്‍ ഞങ്ങളോട് വളരെ വ്യക്തമായി പറഞ്ഞിട്ടുണ്ട്,' വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരീന്‍ ജീന്‍-പിയറി പറഞ്ഞു.

'അതിനെ അടിസ്ഥാനമാക്കി ഞങ്ങള്‍ സര്‍ക്കാരില്‍ നിന്ന് ഉത്തരവാദിത്തം പ്രതീക്ഷിക്കുന്നു. എന്നാല്‍ ഞങ്ങള്‍ ഞങ്ങളുടെ ആശങ്കകള്‍ ഉന്നയിക്കുന്നത് തുടരുകയാണ്. അത് നിര്‍ത്താന്‍ പോകുന്നില്ല. ഞങ്ങള്‍ ഞങ്ങളുടെ ആശങ്കകള്‍ നേരിട്ട് ഇന്ത്യന്‍ സര്‍ക്കാരുമായി ഉന്നയിക്കുന്നത് തുടരും,' അവര്‍ കൂട്ടിച്ചേര്‍ത്തു.