മാലിദ്വീപ് പ്രസിഡന്റ് മുഹമ്മദ് മുയ്‌സുവിന്റെ അഭ്യര്‍ത്ഥന മാനിച്ച് ഇന്ത്യന്‍ സൈന്യം മാലിദ്വീപില്‍ നിന്ന് പിന്മാറി

മാലിദ്വീപ് പ്രസിഡന്റ് മുഹമ്മദ് മുയ്‌സുവിന്റെ അഭ്യര്‍ത്ഥന മാനിച്ച് ഇന്ത്യന്‍ സൈന്യം മാലിദ്വീപില്‍ നിന്ന് പിന്മാറി


ന്യൂഡല്‍ഹി: ചൈനയുമായുള്ള ബന്ധം ശക്തിപ്പെടുത്താന്‍ ലക്ഷ്യമിടുന്ന പ്രസിഡന്റ് മുയ്‌സുവിന്റെ അഭ്യര്‍ത്ഥന മാനിച്ച് ഇന്ത്യന്‍ സൈന്യം മാലിദ്വീപില്‍ നിന്ന് പിന്മാറി. മുയിസു അധികാരമേറ്റതിനുശേഷം ഇന്ത്യയും മാലിദ്വീപും തമ്മിലുള്ള സംഘര്‍ഷങ്ങള്‍ വര്‍ധിക്കുകയും, അത് ചൈനയുമായി മാലിയെ കൂടുതല്‍ അടുപ്പിക്കുകയും ചെയ്തു.

രണ്ട് ഹെലികോപ്റ്ററുകളും ഒരു വിമാനവും സഹിതം ഇന്ത്യന്‍ സൈനികര്‍ മാലി ദ്വീപുകളിലെ സമുദ്ര നിരീക്ഷണം, തിരച്ചില്‍, രക്ഷാപ്രവര്‍ത്തനം, അത്യാവശ്യ വൈദ്യസഹായം എത്തിക്കല്‍ എന്നിവയില്‍ ഏര്‍പ്പെട്ടിരുന്നു.

കഴിഞ്ഞ വര്‍ഷം നവംബറില്‍ മുയിസു അധികാരമേറ്റതിനുശേഷം മാലി സര്‍ക്കാരിലെ ഒരു മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ നടത്തുന്ന ആദ്യ സന്ദര്‍ശനം എന്നനിലയില്‍ മാലദ്വീപ് വിദേശകാര്യ മന്ത്രി മൂസ സമീര്‍ ഇന്ത്യ സന്ദര്‍ശക്കുന്നതുമായി ബന്ധപ്പെട്ടാണ് ഇന്ത്യന്‍ സൈന്യത്തെ പൂര്‍ണമായി പിന്‍വലിക്കുന്നതുസംബന്ധിച്ച ഈ പ്രഖ്യാപനം.

ഇന്ത്യയുടെയും മാലദ്വീപിന്റെയും വിദേശകാര്യ മന്ത്രിമാര്‍ വ്യാഴാഴ്ച ന്യൂഡല്‍ഹിയില്‍ കൂടിക്കാഴ്ച നടത്തി. അടിസ്ഥാന സൗകര്യ പദ്ധതികള്‍, വൈദ്യസഹായം, ആരോഗ്യ സൗകര്യങ്ങള്‍ എന്നിവയുള്‍പ്പെടെ മാലിയുടെ വികസന സഹായത്തിന്റെ പ്രധാന ദാതാവാണ് ഇന്ത്യയെന്ന് ഇന്ത്യന്‍ വിദേശകാര്യ മന്ത്രി സുബ്രഹ്മണ്യം ജയശങ്കര്‍ മാലിദ്വീപ് വിദേശകാര്യ മന്ത്രി മൂസ സമീറിനെ ഓര്‍മ്മിപ്പിച്ചു.

'ഞങ്ങളുടെ ബന്ധം എങ്ങനെ മികച്ച രീതിയില്‍ മുന്നോട്ട് കൊണ്ടുപോകാം എന്നതിനെക്കുറിച്ച് ഒരു ധാരണയിലെത്തുന്നത് ഞങ്ങളുടെ പൊതു താല്‍പ്പര്യത്തിലാണ് ', ജയ്ശങ്കറിനെ ഉദ്ധരിച്ച് ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം പ്രസ്താവനയില്‍ പറഞ്ഞു.

ചൈന അനുകൂലിയായ മുയിസു കഴിഞ്ഞ വര്‍ഷം അധികാരത്തില്‍ വന്നതിനുശേഷമാണ് ഇന്ത്യയും മാലിദ്വീപും തമ്മിലുള്ള സംഘര്‍ഷങ്ങള്‍ വര്‍ദ്ധിച്ചത്. മെയ് 10 നകം ദ്വീപസമൂഹ ദ്വീപില്‍ നിന്ന് സൈന്യത്തെ പിന്‍വലിക്കാന്‍ അദ്ദേഹം ഉടന്‍ തന്നെ ഇന്ത്യയോട് ആവശ്യപ്പെടുകയും പ്രവര്‍ത്തനങ്ങള്‍ക്കായി സിവിലിയന്മാരെ നിയമിക്കാന്‍ തീരുമാനിക്കുകയും ചെയ്തു. കുറഞ്ഞത് 75 ഇന്ത്യന്‍ സൈനികരെങ്കിലും മാലിദ്വീപില്‍ നിലയുറപ്പിച്ചിട്ടുണ്ട്.

മാലി പൊതു തെരഞ്ഞെടുപ്പില്‍ മത്സരിച്ച മുയിസു തന്റെ മുന്‍ഗാമിക്കെതിരെ ഉന്നയിച്ച ആരോപണങ്ങളില്‍ പ്രധാനം ഇന്ത്യയ്ക്ക് വളരെയധികം സ്വാധീനം നല്‍കി ദേശീയ പരമാധികാരത്തില്‍ വിട്ടുവീഴ്ച ചെയ്തുവെന്നായിരുന്നു.  'ഇന്ത്യ ഔട്ട്' എന്ന പ്രചാരണ പ്രമേയത്തിലാണ് മുയിസു പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിച്ചത്.

അധികാരമേറ്റ ശേഷം, ഇന്ത്യയ്ക്ക് മുമ്പ് ചൈന സന്ദര്‍ശിച്ച മുയിസു, മാലദ്വീപിന്റെ വലിപ്പക്കുറവ് ആര്‍ക്കും ഭീഷണിപ്പെടുത്താനുള്ള ലൈസന്‍സല്ലെന്ന് പറയുകയും ചെയ്തു.

ഇന്ത്യന്‍ മഹാസമുദ്രത്തില്‍ തന്ത്രപ്രധാനമായ സ്ഥാനമുള്ള മാലിദ്വീപില്‍ സ്വാധീനമുറപ്പിക്കാന്‍ പ്രാദേശിക ശക്തികളായ ഇന്ത്യയും ചൈനയും പരസ്പരം മത്സരിക്കുന്ന സാഹചര്യത്തിലാണ് പുതിയ സംഭവങ്ങള്‍.

അധികാരത്തില്‍ വന്നതിനുശേഷം, സാമ്പത്തിക ബന്ധം വര്‍ദ്ധിപ്പിക്കുന്നതിനായി മുയിസു സര്‍ക്കാര്‍ ചൈനയുമായി നിരവധി കരാറുകളില്‍ ഏര്‍പ്പെടുകയും നിരവധി പദ്ധതികളില്‍ ഇന്ത്യയെ അവഗണിക്കുകയും ചെയ്തു.

മാര്‍ച്ചില്‍ മാലദ്വീപ് ചൈനയുമായി സൈനിക സഹായ കരാറില്‍ ഒപ്പുവച്ചു. ഇന്ത്യയുടെ പിറകുവശത്തുള്ള തങ്ങളുടെ തുറമുഖത്ത് ഒരു ചൈനീസ് ഗവേഷണ കപ്പല്‍ ഡോക്ക് ചെയ്യാനും മാലദ്വീപ് അനുവാദം നല്‍കി.

മാലദ്വീപിന് ഇന്ത്യയുടെ സഹായം

4, 000 വീടുകള്‍ നിര്‍മ്മിക്കാന്‍ ഇന്ത്യ മാലിദ്വീപിനെ സഹായിക്കുകയും മറ്റ് അടിസ്ഥാന സൗകര്യ പദ്ധതികള്‍ക്ക് ധനസഹായം നല്‍കുന്നതിനായി 100 ദശലക്ഷം ഡോളര്‍ വായ്പ നല്‍കുകയും ചെയ്തു. സൈബര്‍ സുരക്ഷ, ദുരന്തനിവാരണം, മത്സ്യബന്ധന മേഖലയുടെ പ്രവചന ശേഷി എന്നിവയില്‍ സഹകരിക്കുന്നതിനുള്ള കരാറുകളിലും ഇരു രാജ്യങ്ങളും ഒപ്പുവച്ചു.

ഏഷ്യ, ആഫ്രിക്ക, യൂറോപ്പ് എന്നിവിടങ്ങളിലുടനീളം വ്യാപാരവും ചൈനയുടെ സ്വാധീനവും വ്യാപിപ്പിക്കുന്നതിനായി തുറമുഖങ്ങളും ഹൈവേകളും നിര്‍മ്മിക്കാനുള്ള ചൈനയുടെ 'ബെല്‍റ്റ് ആന്‍ഡ് റോഡ്' സംരംഭത്തില്‍ 2013ല്‍ മാലദ്വീപ് ചേര്‍ന്നു.

കഴിഞ്ഞ വര്‍ഷം, തലസ്ഥാന നഗരമായ മാലിയെ വില്ലിങ്‌ലി, ഗുല്‍ഹിഫാല്‍ഹു, തിലഫുഷി ദ്വീപുകളുമായി ബന്ധിപ്പിക്കുന്ന 6.7 കിലോമീറ്റര്‍ (4.2 മൈല്‍) നീളമുള്ള പാലമായ ഇന്ത്യ ഗ്രേറ്റര്‍ മാലെ കണക്റ്റിവിറ്റി പദ്ധതിയുടെ നിര്‍മ്മാണം ആരംഭിച്ചിരുന്നു.