ഇറാന്‍ പിടിച്ചെടുത്ത ചരക്കുകപ്പലിലെ അഞ്ച് ഇന്ത്യക്കാരടക്കം ഏഴ് ജീവനക്കാര്‍ക്ക് മോചനം

ഇറാന്‍ പിടിച്ചെടുത്ത ചരക്കുകപ്പലിലെ അഞ്ച് ഇന്ത്യക്കാരടക്കം ഏഴ് ജീവനക്കാര്‍ക്ക് മോചനം


ന്യൂഡല്‍ഹി: ഇറാന്‍ പിടിച്ചെടുത്ത ചരക്കുകപ്പലിലെ ഏഴ് ജീവനക്കാരെ വിട്ടയച്ചു. മോചിപ്പിക്കപ്പെട്ടവരില്‍ അഞ്ച് ഇന്ത്യക്കാരും ഉള്‍പ്പെടും. ഇറാനിലെ ഇന്ത്യന്‍ എംബസി ഇന്ത്യന്‍ ജീവനക്കാരുടെ മോചന വിവരം സ്ഥിരീകരിച്ചു. എന്നാല്‍ ഇവരുടെ പേര് വിവരങ്ങള്‍ ഇന്ത്യയോ ഇറാനോ പുറത്തുവിട്ടിട്ടില്ല. നിലവില്‍ ഇവര്‍ ഇറാനില്‍ നിന്ന് യാത്ര തിരിച്ചുവെന്നുമാത്രമാണ് ലഭിക്കുന്ന വിവരം.

ഇറാന്‍ റവല്യൂഷണറി ഗാര്‍ഡ്സ് പിടിച്ചെടുത്ത ഇസ്രയേലിന്റെ എംഎസ്സി ഏരീസ് എന്ന ചരക്ക് കപ്പലില്‍ ഉണ്ടായിരുന്ന 25 അംഗ ജീവനക്കാരില്‍ 17 പേരും ഇന്ത്യക്കാരായിരുന്നു. ഇതില്‍ തന്നെ ഒരു യുവതിയടക്കം നാല് പേര്‍ മലയാളികളുമായിരുന്നു. തൃശൂര്‍ സ്വദേശിയായ ജീവനക്കാരി ആന്‍ ടെസ ജോസഫിനെ നേരത്തേ ഇറാന്‍ വിട്ടയച്ചിരുന്നു. കോഴിക്കോട് വെള്ളിപറമ്പ് സ്വദേശി ശ്യാംനാഥ്, പാലക്കാട് കേരളശ്ശേരി സ്വദേശി സുമേഷ്, മാനന്തവാടി കാട്ടിക്കുളം സ്വദേശി പി വി ധനേഷ് എന്നിവരാണ് മറ്റ് നാല് മലയാളികള്‍. ഇവരെ പിന്നീട് വിട്ടയച്ചിരുന്നു

ഹോര്‍മുസ് കടലിടുക്കിന് സമീപത്തുവെച്ചാണ് കപ്പല്‍ പിടിച്ചെടുത്തത്. യുഎഇയില്‍ നിന്ന് മുംബൈ നാവസേവ തുറമുഖത്തേക്ക് വരികയായിരുന്ന കപ്പലാണ് പിടിച്ചെടുത്തത്. സമുദ്ര നിയമങ്ങള്‍ ലംഘിച്ചതിനെ തുടര്‍ന്നാണ് കപ്പല്‍ പിടികൂടിയതെന്ന് ഇറാന്‍ വിശദീകരിച്ചിരുന്നു.