ജാര്‍ഖണ്ഡ് മന്ത്രിയുടെ പേഴ്‌സണല്‍ സ്റ്റാഫിന്റെ വീട്ടില്‍ നിന്ന് ഇഡി 35.23 കോടി പിടിച്ചെടുത്തു;രണ്ടുപേര്‍ പിടിയില്‍

ജാര്‍ഖണ്ഡ് മന്ത്രിയുടെ പേഴ്‌സണല്‍ സ്റ്റാഫിന്റെ വീട്ടില്‍ നിന്ന് ഇഡി 35.23 കോടി പിടിച്ചെടുത്തു;രണ്ടുപേര്‍ പിടിയില്‍


റാഞ്ചി: ജാര്‍ഖണ്ഡ് ഗ്രാമവികസന മന്ത്രി അലംഗീര്‍ ആലമിന്റെ പേഴ്സണല്‍ സെക്രട്ടറി സഞ്ജീവ് ലാല്‍, വീട്ടുജോലിക്കാരനായ ജഹാംഗീര്‍ ആലം എന്നിവരെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് തിങ്കളാഴ്ച രാത്രി അറസ്റ്റ് ചെയ്തു. റാഞ്ചിയിലെ അവരുടെ വീട്ടില്‍ നിന്ന് 35.23 കോടി രൂപ കണ്ടെടുത്തതിന് പിന്നാലെയാണ് ഇരുവരെയും അറസ്റ്റ് ചെയ്തത്.

ഇരുവരെയും ഒറ്റരാത്രികൊണ്ട് ചോദ്യം ചെയ്തതിനെത്തുടര്‍ന്ന് കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമത്തിന്റെ (പിഎംഎല്‍എ) വകുപ്പുകള്‍ പ്രകാരമാണ് കസ്റ്റഡിയിലെടുത്തതെന്ന് പേര് വെളിപ്പെടുത്താത്ത വൃത്തങ്ങള്‍ വാര്‍ത്താ ഏജന്‍സിയായ പിടിഐയോട് പറഞ്ഞു.

സംസ്ഥാന ഗ്രാമവികസന വകുപ്പിലെ ക്രമക്കേടുകളെക്കുറിച്ചുള്ള കള്ളപ്പണം വെളുപ്പിക്കല്‍ അന്വേഷണത്തിന്റെ ഭാഗമായി, ലാലിന്റെ വീട്ടുജോലിക്കാരന്‍ ജഹാംഗീര്‍ താമസിക്കുന്നതായി പറയപ്പെടുന്ന നഗരത്തിലെ 2 ബിഎച്ച്‌കെ ഫ്‌ളാറ്റില്‍ ഇഡി തിങ്കളാഴ്ച റെയ്ഡ് നടത്തിയിരുന്നു.

കേന്ദ്ര ഏജന്‍സി പരിശോധിച്ച മറ്റ് ചില സ്ഥലങ്ങളില്‍ നിന്ന് പിടിച്ചെടുത്ത മൂന്ന് കോടി രൂപയ്ക്ക് പുറമെ ഫ്‌ളാറ്റില്‍ നിന്ന് 32 കോടി രൂപയും കണ്ടെടുത്തു.

മൊത്തം 35.23 കോടി രൂപ പിടിച്ചെടുത്തെന്ന് ഇ.ഡി ഉദ്യോഗസ്ഥര്‍ അറിയിച്ചു.

പണവുമായി തനിക്ക് ബന്ധമില്ലെന്നും താന്‍ ഒരു തെറ്റും ചെയ്തിട്ടില്ലെന്നും ജാര്‍ഖണ്ഡ് ഗ്രാമവികസന മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ ആലം പറഞ്ഞു.

കണ്ടെടുത്ത പണം നിറച്ച സ്റ്റീല്‍ ട്രങ്കുകള്‍ തിങ്കളാഴ്ച രാത്രി ഇഡി ഉദ്യോഗസ്ഥര്‍ വസതിയില്‍ നിന്ന് കൊണ്ടുപോയി. ജാര്‍ഖണ്ഡ് ഗ്രാമവികസന വകുപ്പിലെ ചീഫ് എഞ്ചിനീയര്‍ വീരേന്ദ്ര കെ റാമിന്റെ കേസുമായി ബന്ധപ്പെട്ടാണ് ഈ പണം പിടിച്ചെടുക്കല്‍.

2019ല്‍ ഇയാളുടെ കീഴുദ്യോഗസ്ഥരില്‍ നിന്ന് വന്‍ തുക കണ്ടെടുത്തിരുന്നു. പിന്നീട് കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമപ്രകാരമുള്ള കേസ് ഇഡി ഏറ്റെടുത്തു.

ചില പദ്ധതികള്‍ നടപ്പാക്കിയതിലെ ക്രമക്കേടുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ 2023 ഫെബ്രുവരിയില്‍ വീരേന്ദ്ര കെ റാമിനെ ഇഡി അറസ്റ്റ് ചെയ്തിരുന്നു.

2023 ഫെബ്രുവരി 21 ന് റാഞ്ചി, ജംഷഡ്പൂര്‍, ജാര്‍ഖണ്ഡ്, ബീഹാര്‍, ഡല്‍ഹി എന്നിവിടങ്ങളിലെ മറ്റ് ചില സ്ഥലങ്ങളില്‍ ഒന്നിലധികം തിരച്ചില്‍ നടത്തിയതിന് ശേഷമാണ് ഇഡി ഇയാളെ പിടികൂടിയത്.