ലോക്‌സഭാ തെരഞ്ഞെടുപ്പ്: ആദ്യ ഘട്ട വോട്ടെടുപ്പിന് തുടക്കമായി; 16.63 കോടി വോട്ടര്‍മാര്‍ ഇന്ന് ബൂത്തിലേക്ക്

ലോക്‌സഭാ തെരഞ്ഞെടുപ്പ്: ആദ്യ ഘട്ട വോട്ടെടുപ്പിന് തുടക്കമായി;  16.63 കോടി വോട്ടര്‍മാര്‍ ഇന്ന് ബൂത്തിലേക്ക്


ന്യൂഡല്‍ഹി: ഏഴ് ഘട്ടങ്ങളിലായി നടക്കുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ ആദ്യ ഘട്ട വോട്ടെടുപ്പിന് തുടക്കം. 21 സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണ പ്രദേശങ്ങളിലുമായി 102 സീറ്റുകളിലേക്കാണ് വോട്ടെടുപ്പ് ആരംഭിച്ചത്. ഏഴുമണിക്ക് പോളിങ് ആരംഭിച്ചു. 1,625 സ്ഥാനാര്‍ഥികള്‍ മല്‍സരരംഗത്തുണ്ട്. 16 കോടി 63 ലക്ഷമാണ് ആദ്യഘട്ടത്തിലെ വോട്ടര്‍മാര്‍.

'റെക്കോര്‍ഡ് സംഖ്യയില്‍' വോട്ടുചെയ്യാന്‍ പൗരന്മാരോട് അഭ്യര്‍ത്ഥിച്ചുകൊണ്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി എത്തി . 'പ്രത്യേകിച്ച് യുവാക്കളോടും കന്നി വോട്ടര്‍മാരോടും വലിയ തോതില്‍ വോട്ട് ചെയ്യാന്‍ ഞാന്‍ അഭ്യര്‍ത്ഥിക്കുന്നു. എല്ലാത്തിനുമുപരി, ഓരോ വോട്ടും പ്രധാനമാണ്, ഓരോ ശബ്ദവും പ്രധാനമാണ്,' പ്രധാനമന്ത്രി മോദി ട്വീറ്റ് ചെയ്തു.

ബിജെപി നേതൃത്വത്തിലുള്ള ദേശീയ ജനാധിപത്യ സഖ്യം (എന്‍ഡിഎ) പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കീഴില്‍ തുടര്‍ച്ചയായി മൂന്നാം തവണയും അധികാരം തേടുമ്പോള്‍, ഇന്ത്യ എന്ന കുടക്കീഴില്‍ സഖ്യമുണ്ടാക്കി തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിനാല്‍ ഭാഗ്യം മാറുമെന്ന പ്രതീക്ഷയിലാണ് പ്രതിപക്ഷം. 39 ലോക്സഭാ സീറ്റുകളിലേക്കും വോട്ടെടുപ്പ് നടക്കുന്ന തമിഴ്നാട്ടിലേക്കാണ് എല്ലാ കണ്ണുകളും.

കേന്ദ്രത്തില്‍ തുടര്‍ച്ചയായി മൂന്നാം തവണയും അധികാരം പിടിക്കാന്‍ ശ്രമിക്കുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി, താന്‍ വിപുലമായ പ്രചാരണം നടത്തിയ ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ബി.ജെ.പി മികച്ച ജനവിധി പ്രതീക്ഷിക്കുന്നു. തമിഴ്‌നാട്ടിലെ 39 സീറ്റിലും പുതുച്ചേരിയിലും ലക്ഷദ്വീപിലുമുള്ള ഓരോ സീറ്റുകളിലും വോട്ടെടുപ്പ് നടക്കും. രാജസ്ഥാന്‍, യുപി, മധ്യപ്രദേശ്, ഉത്തരാഖണ്ഡ്, മഹാരാഷ്ട്ര സംസ്ഥാനങ്ങളിലെയും വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെയും ഏതാനും സീറ്റുകളിലും ഇന്നാണ് വോട്ടെടുപ്പ്.

ഇന്ന് വോട്ടെടുപ്പ് നടക്കുന്ന 102 സീറ്റുകളില്‍ 2019ല്‍ എന്‍.ഡി.എ 51 സീറ്റിലും ഇന്ത്യ സഖ്യത്തിലെ കക്ഷികള്‍ 48 സീറ്റിലും മറ്റുള്ളവര്‍ മൂന്ന് സീറ്റിലുമാണ് വിജയിച്ചത്. ഇത്തവണയും പകുതിയിലേറെ സീറ്റുകള്‍ നേടാമെന്ന പ്രതീക്ഷയിലാണ് ഇരുപക്ഷവും. നിതിന്‍ ഗഡ്കരി, സര്‍ബാനന്ദ സോനോവാള്‍, ഭൂപേന്ദ്ര യാദവ്, കിരണ്‍ റിജിജു, സഞ്ജീവ് ബലിയാന്‍, ജിതേന്ദ്ര സിംഗ്, അര്‍ജുന്‍ റാം മേഘ്വാള്‍, എല്‍ മുരുകന്‍, നിസിത് പ്രമാണിക് എന്നീ ഏഴ് കേന്ദ്രമന്ത്രിമാരാണ് ആദ്യഘട്ടത്തില്‍ മത്സരരംഗത്തുള്ളത്.

ഇവരെ കൂടാതെ ബിജെപിയുടെ തമിഴ്നാട് അധ്യക്ഷന്‍ കെ അണ്ണാമലൈ, തെലങ്കാന മുന്‍ ഗവര്‍ണര്‍ തമിഴിസൈ സൗന്ദരരാജന്‍, ഡിഎംകെയുടെ കനിമൊഴി, കോണ്‍ഗ്രസിന്റെ ഗൗരവ് ഗൊഗോയ് എന്നിവരും മത്സരരംഗത്തുണ്ട്.ഏഴ് ഘട്ടങ്ങളിലായി നടക്കുന്ന തിരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിക്കുന്ന ജൂണ്‍ നാലിന് അവസാനിക്കും.