ഇറാന്‍ പിടിച്ചെടുത്ത കപ്പലിലെ 17 ഇന്ത്യക്കാരില്‍ മലയാളി വനിതയും

ഇറാന്‍ പിടിച്ചെടുത്ത കപ്പലിലെ 17 ഇന്ത്യക്കാരില്‍ മലയാളി വനിതയും


ന്യൂഡല്‍ഹി: ഗള്‍ഫ് മേഖലയില്‍ ഇറാന്‍ പിടിച്ചെടുത്ത ഇസ്രായേലുമായി ബന്ധമുള്ള ചരക്ക് കപ്പലിലെ 17 ഇന്ത്യക്കാരില്‍ ഒരാള്‍ മലയാളി വനിതയാണെന്ന് അവരുടെ കുടുംബം വെളിപ്പെടുത്തി. 

ആന്റീസ ജോസഫ് എന്ന യുവതിയാണ് കപ്പലിലുള്ള മലയാളി ജീവനക്കാരി. എന്നാല്‍ കേരള മുഖ്യമന്ത്രി വിദേശകാര്യ മന്ത്രാലയത്തിന് അയച്ച കത്തില്‍ ഇക്കാര്യം പരാമര്‍ശിക്കുന്നില്ല. 

യുവതിയുടെ സാന്നിധ്യത്തെക്കുറിച്ച് ആദ്യം വിവരം ഉണ്ടായിരുന്നില്ലെന്നും വിവരമറിഞ്ഞപ്പോള്‍ വിഷയം കേന്ദ്ര സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെടുത്തിയതായും മുഖ്യമന്ത്രിയുടെ ഓഫിസിലെ ഉദ്യോഗസ്ഥര്‍ അറിയിച്ചു. 

ആവശ്യമായ നടപടികള്‍ സ്വീകരിക്കാന്‍ നോര്‍ക്കയ്ക്കും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നും ഉദ്യോഗസ്ഥര്‍ കൂട്ടിച്ചേര്‍ത്തു.

കത്തില്‍ തന്റെ മകളുടെ പേരില്ലാത്തത് മാനസികമായും വൈകാരികമായും തന്നെ വേദനിപ്പിച്ചെന്ന് യുവതിയുടെ പിതാവ് പറഞ്ഞു. തൃശൂര്‍ സ്വദേശികളാണ് യുവതിയുടെ കുടുംബം.

മകളുടെ നിലവിലെ അവസ്ഥ സംബന്ധിച്ച് സംസ്ഥാനങ്ങളില്‍ നിന്നോ കേന്ദ്ര സര്‍ക്കാരില്‍ നിന്നോ വിവരങ്ങളൊന്നുമില്ലെന്ന് പിതാവ് പറഞ്ഞു.

കപ്പലിന്റെ ഉടമസ്ഥതയിലുള്ള കമ്പനി മകള്‍ സുരക്ഷിതയാണെന്ന് അറിയിച്ചതായും അദ്ദേഹം വിശദമാക്കി. വെള്ളിയാഴ്ചയാണ് താന്‍ അവസാനമായി മകളോട് സംസാരിച്ചതെന്നും അദ്ദേഹം പറഞ്ഞു.

എല്ലാ ദിവസവും രാവിലെ സ്ഥിരമായി മകള്‍ വിളിക്കുമെന്നും വിളിക്കാതിരുന്നപ്പോള്‍ തങ്ങള്‍ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ലെന്നും പിതാവ് പറഞ്ഞു. കപ്പലിന്റെ ഉടമസ്ഥതയിലുള്ള കമ്പനി പിന്നീട് വിവരങ്ങള്‍ അറിയിക്കുകയായിരുന്നു. 

ചരക്ക് കപ്പലിലെ 17 ഇന്ത്യന്‍ ക്രൂ അംഗങ്ങളെ കാണാന്‍ ടെഹ്റാന്‍ ഉടന്‍ തന്നെ ഇന്ത്യന്‍ അധികാരികളെ അനുവദിക്കുമെന്ന് ഇറാന്‍ അറിയിച്ചു.

ഏപ്രില്‍ 13 ശനിയാഴ്ചയാണ് ഹോര്‍മുസ് കടലിടുക്കിന് സമീപം ഇറാന്‍ റെവല്യൂഷണറി ഗാര്‍ഡ്‌സ് എം എസ് സി ഏരീസ് കപ്പല്‍ പിടിച്ചെടുത്തത്. 

പ്രാഥമിക റിപ്പോര്‍ട്ടുകള്‍ പ്രകാരം, ജോലിക്കാരില്‍ മൂന്ന് പേരായ സുമേഷ്, പി വി ധനേഷ്, ശ്യാംനാഥ് എന്നിവര്‍ കേരളത്തില്‍ നിന്നുള്ളവരാണെന്ന് സ്ഥിരീകരിച്ചു.

25 ക്രൂ അംഗങ്ങളുടെ ക്ഷേമത്തിനും കപ്പലിന്റെ തിരിച്ചുവരവിനും ബന്ധപ്പെട്ട അധികാരികളുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നുണ്ടെന്ന് എം എസ് സി (മെഡിറ്ററേനിയന്‍ ഷിപ്പിംഗ് കമ്പനി) പറഞ്ഞു.