മാലി വിദേശകാര്യ മന്ത്രി മൂസ സമീര്‍ 9 ന് ഇന്ത്യ സന്ദര്‍ശിക്കും

മാലി വിദേശകാര്യ മന്ത്രി മൂസ സമീര്‍ 9 ന് ഇന്ത്യ സന്ദര്‍ശിക്കും


ന്യൂഡല്‍ഹി: മാലിദ്വീപിന്റെ ചൈന അനുകൂല പ്രസിഡന്റ് മുഹമ്മദ് മുയിസു ആറുമാസം മുമ്പ് അധികാരമേറ്റതിന് ശേഷം മാലിയില്‍ നിന്നുള്ള ആദ്യത്തെ ഉന്നതതല യാത്രയില്‍ വിദേശകാര്യ മന്ത്രി മൂസ സമീര്‍ ഇന്ത്യ സന്ദര്‍ശിക്കും. മെയ് 9 വ്യാഴാഴ്ചയാണ് സന്ദര്‍ശനം.

ഉഭയകക്ഷി സഹകരണത്തിന് കൂടുതല്‍ ഊര്‍ജം പകരുമെന്ന് പ്രതീക്ഷിക്കുന്നതായി സമീറിന്റെ സന്ദര്‍ശനം അറിയിച്ചുകൊണ്ട് വിദേശകാര്യ മന്ത്രാലയം പറഞ്ഞു.

മാലിദ്വീപിലെ മൂന്ന് സൈനിക പ്ലാറ്റ്ഫോമുകളില്‍ പ്രവര്‍ത്തിക്കുന്ന ഇന്ത്യന്‍ സൈനികരെ പിന്‍വലിക്കണമെന്ന് മുയിസു ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം കടുത്ത സമ്മര്‍ദ്ദത്തിലായിരുന്നു

പ്രസിഡന്റ് മുയിസു തന്റെ രാജ്യത്ത് നിന്ന് ഇന്ത്യന്‍ സൈനികരെ പിന്‍വലിക്കാനുള്ള സമയപരിധി മെയ് 10 ആയി നിശ്ചയിച്ചിരുന്നു. ഇന്ത്യ ഇതിനകം തന്നെ തങ്ങളുടെ ഭൂരിഭാഗം സൈനികരെയും പിന്‍വലിച്ചു.

മാലദ്വീപ് വിദേശകാര്യ മന്ത്രി മൂസ സമീര്‍ മെയ് 9 ന് ഔദ്യോഗിക സന്ദര്‍ശനത്തിനായി ഇന്ത്യയിലെത്തുമെന്ന് വിദേശകാര്യ മന്ത്രാലയം (എംഇഎ) ചൊവ്വാഴ്ച അറിയിച്ചു.

പരസ്പര താല്‍പ്പര്യമുള്ള ഉഭയകക്ഷി, പ്രാദേശിക വിഷയങ്ങളില്‍ ചര്‍ച്ചകള്‍ക്കായി സമീര്‍ വിദേശകാര്യ മന്ത്രി എസ് ജയശങ്കറുമായി കൂടിക്കാഴ്ച നടത്തുമെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.

ഇന്ത്യന്‍ മഹാസമുദ്ര മേഖലയിലെ ഇന്ത്യയുടെ പ്രധാന സമുദ്ര അയല്‍രാജ്യമാണ് മാലിദ്വീപ്. വിദേശകാര്യ മന്ത്രി സമീറിന്റെ സന്ദര്‍ശനം ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി സഹകരണത്തിന് കൂടുതല്‍ ആക്കം കൂട്ടുമെന്ന് പ്രതീക്ഷിക്കുന്നതായി എംഇഎ പ്രസ്താവനയില്‍ പറഞ്ഞു.

മാലിദ്വീപ്-ഇന്ത്യ പങ്കാളിത്തം കൂടുതല്‍ ആഴത്തിലാക്കാനും വികസിപ്പിക്കാനും സമീര്‍ ജയ്ശങ്കറുമായി ചര്‍ച്ച നടത്തുമെന്ന് മാലിദ്വീപ് വിദേശകാര്യ മന്ത്രാലയം അറിയിച്ചു.

അധികാരമേറ്റ ശേഷം വിദേശകാര്യ മന്ത്രി സമീറിന്റെ ആദ്യ ഇന്ത്യാ സന്ദര്‍ശനമാണിത്.