മുംബൈ ഭീകരാക്രമണ പബ്ലിക്ക് പ്രോസിക്യൂട്ടര്‍ ബി ജെ പി സ്ഥാനാര്‍ഥി

മുംബൈ ഭീകരാക്രമണ പബ്ലിക്ക് പ്രോസിക്യൂട്ടര്‍ ബി ജെ പി സ്ഥാനാര്‍ഥി


മുംബൈ: മുംബൈ ഭീകരാക്രമണം ഉള്‍പ്പെടെയുള്ള നിരവധി കേസുകളില്‍ പബ്ലിക് പ്രോസിക്യൂട്ടറായിരുന്ന ഉജ്വല്‍ നികം പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നു. മുംബൈ നോര്‍ത്ത് സെന്‍ട്രല്‍ സീറ്റില്‍ നിന്ന് ബി ജെ പി സ്ഥാനാര്‍ഥിയായാണ് ഉജ്വല്‍ നികത്തിന്റെ മത്സരം. 

മുംബൈ നോര്‍ത്ത് സെന്‍ട്രലില്‍ നിന്നും രണ്ടു തവണ വിജയംവരിച്ച പൂനം മഹാജനെ തഴഞ്ഞാണ് ഉജ്വല്‍ നികമിന് ബി ജെ പി സീറ്റ് നല്‍കിയത്.

ബി ജെ പി ദേശീയ നേതാവായിരുന്ന പ്രമോദ് മഹാജന്റെ മകളാണ് പൂനം. പാര്‍ട്ടി നേതൃത്വത്തിന്റെ പ്രതീക്ഷകള്‍ക്കൊത്ത് ഉയരാന്‍ സാധിക്കാത്തതാണ് പൂനത്തെ ഒഴിവാക്കാന്‍ കാരണമെന്നാണ് സൂചന. പത്തു വര്‍ഷം മണ്ഡലത്തെ പ്രതിനിധീകരിക്കാന്‍ അവസരം നല്‍കിയതിന് പൂനം പാര്‍ട്ടിക്കു നന്ദി പറഞ്ഞു.

1993ലെ സ്‌ഫോടന പരമ്പരയുടെ വിചാരണ വേളയിലും 26/11 ആക്രമണത്തിലെ പ്രതി അജ്മല്‍ കസബിന്റെ വിചാരണവേളയിലും ടെലിവിഷന്‍ ചാനലുകളുടെ പ്രൈം ടൈം ചര്‍ച്ചകളില്‍ നിറഞ്ഞു നിന്ന വ്യക്തിത്വമാണ് ഉജ്വല്‍ നികം. അദ്ദേഹത്തിന്റെ സ്ഥാനാര്‍ഥിത്വത്തിലൂടെ തങ്ങളുടെ 'ഭീകരവിരുദ്ധ മുഖം' ഉയര്‍ത്തിക്കാട്ടാന്‍ സാധിക്കും എന്നാണ് ബി ജെ പി നേതൃത്വം കണക്കുകൂട്ടുന്നത്.