മത്സരിക്കാന്‍ പണമില്ല; ഒഡീഷയിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി പിന്മാറി

മത്സരിക്കാന്‍ പണമില്ല; ഒഡീഷയിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി പിന്മാറി


ഭുവനേശ്വര്‍: ലോക്സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ പണമില്ലെന്ന് തുറന്നടിച്ച് പുരി ലോക്സഭ മണ്ഡലത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി പിന്മാറി. സുചരിത മൊഹന്തിയെന്ന വനിതാ സ്ഥാനാര്‍ഥിയാണ് പിന്‍മാറിയത്. 

മത്സരിക്കാന്‍ പണമില്ലെന്നും എ ഐ സി സി പണം നല്‍കുന്നില്ലെന്നും സുചരിത പറഞ്ഞു. മെയ് 25നാണ് പുരിയില്‍ ലോക്സഭാ തെരഞ്ഞെടുപ്പ്. മെയ് ആറിനാണ് നോമിനേഷന്‍ നല്‍കാനുളള അവസാന തിയ്യതിയെന്നിരിക്കെ സ്ഥാനാര്‍ഥി നടത്തിയ പിന്‍മാറ്റം കോണ്‍ഗ്രസിന് വലിയ തിരിച്ചടിയായിരിക്കുകയാണ്.

കോണ്‍ഗ്രസിന്റെ ബാങ്ക് അക്കൗണ്ടുകള്‍ ഫ്രീസ് ചെയ്ത സാഹചര്യത്തില്‍ മത്സരിക്കാന്‍ പാര്‍ട്ടിയില്‍ നിന്നും പണം ലഭിച്ചിട്ടില്ലെന്നാണ് സുചരിത മൊഹന്തി പറയുന്നത്. ഈ സാഹചര്യത്തില്‍ സ്ഥാനാര്‍ഥിത്വത്തില്‍ നിന്നും പിന്‍മാറുന്നുവെന്ന് കാണിച്ച് പാര്‍ട്ടിക്ക് വെള്ളിയാഴ്ച മെയില്‍ അയച്ചിരുന്നു. 

നേരത്തെ മത്സരിക്കുന്നതിന് സംഭാവന സ്വീകരിക്കാന്‍ ക്രൗണ്ട് ഫണ്ടിംഗ് കാംപെയില്‍ ആരംഭിച്ചിരുന്നു. യു പി ഐ ക്യൂ ആര്‍ കോഡുകളും സുചരിത സോഷ്യല്‍ മീഡിയ അക്കൗണ്ടുകളിലൂടെ പുറത്തുവിട്ടിരുന്നു. എന്നാല്‍ ഈ രീതിയിലൊന്നും ഫണ്ട് കണ്ടെത്താന്‍ സാധിക്കാതിരുന്നതോടെയാണ് മത്സരത്തില്‍ നിന്നും പിന്‍മാറുന്നതെന്നും സുചരിത അറിയിച്ചത്.