മഹാരാഷ്ട്രയിലെ ഉള്ളി കര്‍ഷക മേഖലയില്‍ തെരഞ്ഞെടുപ്പെത്തി; ഉള്ളി കയറ്റുമതി നിയന്ത്രണം നീക്കി

മഹാരാഷ്ട്രയിലെ ഉള്ളി കര്‍ഷക മേഖലയില്‍ തെരഞ്ഞെടുപ്പെത്തി; ഉള്ളി കയറ്റുമതി നിയന്ത്രണം നീക്കി


ന്യൂഡല്‍ഹി: ഉള്ളി കര്‍ഷകര്‍ നിരവധിയുള്ള മഹാരാഷ്ട്ര ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളില്‍ തെരഞ്ഞെടുപ്പ് അടുത്തതോടെ കേന്ദ്ര സര്‍ക്കാര്‍ ഉള്ളി കയറ്റുമതി നിരോധനം പൂര്‍ണമായും നീക്കി. ഉള്ളിയുടെ ഏറ്റവും കുറഞ്ഞ കയറ്റുമതി നിരക്ക് ടണ്ണിന് 550 ഡോളറായി നിശ്ചയിച്ചു. 

വിദേശ വ്യാപാര ഡയറക്റ്ററേറ്റ് ജനറലാണ് വിലക്ക് നീക്കയ വിജ്ഞാപനം പുറത്തു വിട്ടത്. കഴിഞ്ഞ ദിവസം ധനകാര്യമന്ത്രാലയം 40 ശതമാനം കയറ്റുമതി ചുങ്കം ഏര്‍പ്പെടുത്തിയിരുന്നു.

കയറ്റുമതി വിലക്ക് നീക്കുന്നതോടെ കര്‍ഷകരുടെ വരുമാനത്തില്‍ കാര്യമായ വര്‍ധനവുണ്ടാകും. കഴിഞ്ഞ വര്‍ഷം ഡിസംബര്‍ എട്ടിനാണ് ചില്ലറ വില്‍പ്പന വില നിയന്ത്രിക്കുന്നതിന്റെ ഭാഗമായി സര്‍ക്കാര്‍ ഉള്ളി കയറ്റുമതി നിരോധിച്ചത്. ഉള്ളി ഉത്പാദനം കുറയാനുള്ള സാധ്യത മുന്‍ നിര്‍ത്തിയായിരുന്നു തീരുമാനം. കഴിഞ്ഞ അഞ്ച് വര്‍ഷത്തോളമായി പ്രതിവര്‍ഷം 17 മുതല്‍ 25 ലക്ഷം വരെ ടണ്‍ ഉള്ളിയാണ് ഇന്ത്യ കയറ്റുമതി ചെയ്തിരുന്നത്. 

മഹാരാഷ്ട്രയിലെ നാസിക്, അഹമ്മദ് നഗര്‍, സോലാപുര്‍ തുടങ്ങി ഉള്ളി കൃഷിയുടെ പ്രധാന മേഖലകള്‍ പൊതുതെരഞ്ഞെടുപ്പിന് ഒരുങ്ങുകയാണ്. എന്നാല്‍ റാബി സീസണില്‍ ഉള്ളി വില 191 ലക്ഷം ടണ്ണായി ഉയരുമെന്ന വിലയിരുത്തലിനെത്തുടര്‍ന്നാണ് കയറ്റുമതി വിലക്ക് നീക്കുന്നതെന്നാണ് കേന്ദ്ര സര്‍ക്കാരിന്റെ വിശദീകരണം. ഉന്നത സംഘം ഉള്ളികൃഷി ധാരാളമായുള്ള മേഖലകളില്‍ നേരിട്ട് ചെന്ന് വിലയിരുത്തിയതിനു ശേഷം ഓഹരി ഉടമകള്‍ അടക്കമുള്ളവരുമായി വിശദമായ ചര്‍ച്ച നടത്തിയാണ് വിലക്ക് നീക്കിയതെന്നും കണ്‍സ്യൂമര്‍ അഫയേഴ്‌സ് സെക്രട്ടറി നിധിഖാരെ വ്യക്തമാക്കി. 

ഉള്ളി കയറ്റുമതി വിലക്ക് ബി ജെ പിക്ക് എതിരേയുള്ള പ്രചാരണായുധമാക്കി കോണ്‍ഗ്രസ് മാറ്റിയിരുന്നു. 

മെയ് 7, 13, 20 തിയ്യതികളിലാണ് മഹാരാഷ്ട്രയില്‍ തെരഞ്ഞെടുപ്പ് നടക്കാനുള്ളത്.