അമേഠിയില്‍ നിന്ന് ഓടിയതുപോലെ രാഹുലിന് വയനാട്ടില്‍ നിന്നും ഓടേണ്ടിവരുമെന്ന് മോഡി

അമേഠിയില്‍ നിന്ന് ഓടിയതുപോലെ രാഹുലിന് വയനാട്ടില്‍ നിന്നും ഓടേണ്ടിവരുമെന്ന് മോഡി


മുംബൈ: കോണ്‍ഗ്രസ് എംപി രാഹുല്‍ ഗാന്ധിയെ പരിഹസിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോഡി. വയനാട്ടില്‍  ജനപിന്തുണ ലഭിക്കാന്‍ പ്രയാസമുള്ളതിനാല്‍ അവിടെ നിന്നും രാഹുല്‍ ഓടിപ്പോകും. ഏപ്രില്‍ 26 ന് വയനാട്ടില്‍ വോട്ടെടുപ്പിനായി കോണ്‍ഗ്രസ്  കാത്തിരിക്കുകയാണ്. 2019-ല്‍ അമേഠിയില്‍ നിന്ന് രാഹുല്‍ ഓടിപ്പോയെന്നും മോദി പറഞ്ഞു. മഹാരാഷ്ട്രയിലെ നന്ദേഡില്‍ ഒരു റാലിയെ അഭിസംബോധന ചെയ്ത മോഡി രാഹുലിനെ ഷെഹ്സാദ (രാജകുമാരന്‍) എന്ന് വിശേഷിപ്പിക്കുകയും ചെയ്തു.

രണ്ടാം തവണയും വയനാട്ടില്‍ നിന്നാണ് രാഹുല്‍ ഗാന്ധിയെ കോണ്‍ഗ്രസ് മത്സരിപ്പിച്ചത്. 2019ല്‍ വയനാട്ടില്‍ നിന്നും കുടുംബ കോട്ടയായി കരുതപ്പെട്ടിരുന്ന അമേഠിയില്‍ നിന്നുമാണ് അദ്ദേഹം മത്സരിച്ചത്. അമേഠിയില്‍ കേന്ദ്രമന്ത്രി സ്മൃതി ഇറാനിയോട് പരാജയപ്പെട്ടപ്പോള്‍ അന്ന് വയനാട്ടില്‍ നിന്ന് വിജയിക്കുകയായിരുന്നു.

തിരഞ്ഞെടുപ്പിന് ശേഷം സംയുക്ത നേതാവ് ആരായിരിക്കുന്ന് ഇന്ത്യാ ബ്ലോക്ക് പാര്‍ട്ടികളോട് മോദി ചോദിച്ചു.

ഇന്ത്യയിലെ ജനങ്ങളോട് തങ്ങളുടെ നേതാവ് ആരായിരിക്കുമെന്ന് ഇന്ത്യാ മുന്നണിക്ക് പറയാന്‍ കഴിയില്ല. തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് മുമ്പ് തന്നെ കോണ്‍ഗ്രസ് നേതാക്കള്‍ പരാജയം സമ്മതിച്ചിരുന്നുവെന്നും പ്രധാനമന്ത്രി പറഞ്ഞു. അവര്‍ക്ക് എന്തും അവകാശപ്പെടാം. എന്നാല്‍ തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് മുമ്പുതന്നെ കോണ്‍ഗ്രസ് നേതാക്കള്‍ പരാജയം സമ്മതിച്ചു എന്നതാണ് യാഥാര്‍ത്ഥ്യമെന്നും പ്രധാനമന്ത്രി പറഞ്ഞു.

പതിറ്റാണ്ടുകളായി മഹാരാഷ്ട്രയുടെ വികസനത്തിന് കോണ്‍ഗ്രസ് തടസ്സങ്ങള്‍ സൃഷ്ടിച്ചുവെന്നും പ്രധാനമന്ത്രി ആരോപിച്ചു. തിരഞ്ഞെടുപ്പില്‍ പരമാവധി വോട്ട് ഉറപ്പാക്കണമെന്ന് റാലിയില്‍ പ്രധാനമന്ത്രി മോഡി ജനങ്ങളോട് അഭ്യര്‍ത്ഥിക്കുകയും ചെയ്തു. മഹാരാഷ്ട്രയിലെ 48 ലോക്സഭാ സീറ്റുകളിലേക്കുള്ള തിരഞ്ഞെടുപ്പ് ഏപ്രില്‍ 19 മുതല്‍ മെയ് 20 വരെ അഞ്ച് ഘട്ടങ്ങളിലായി നടക്കും. ഫലം ജൂണ്‍ 4 ന് പ്രഖ്യാപിക്കും. നന്ദേഡില്‍ രണ്ടാം ഘട്ടത്തില്‍ ഏപ്രില്‍ 26ന് വോട്ടെടുപ്പ് നടക്കും.

നേരത്തെ 2047ഓടെ ഇന്ത്യയെ വികസിത രാഷ്ട്രമാക്കി മാറ്റുകയാണ് തന്റെ ലക്ഷ്യമെന്ന് പ്രധാനമന്ത്രി പറഞ്ഞിരുന്നു. തന്റെ തിരഞ്ഞെടുപ്പ് പ്രസംഗങ്ങളില്‍ രാജ്യത്തിനായി വലിയ പദ്ധതികളുണ്ടെന്ന് പറയുമ്പോള്‍ ജനങ്ങള്‍ ഭയപ്പെടേണ്ടതില്ലെന്ന് പ്രധാനമന്ത്രി ഉറപ്പ് നല്‍കി. ആരെയും ഭയപ്പെടുത്താനോ അടിച്ചമര്‍ത്താനോ ഉദ്ദേശിച്ചല്ല, മറിച്ച് 2047-ഓടെ ഇന്ത്യയെ വികസിത രാഷ്ട്രമാക്കാനാണ് താന്‍ ഉദ്ദേശിക്കുന്നതെന്ന് തന്റെ പരാമര്‍ശങ്ങള്‍ വിശദീകരിച്ച് പ്രധാനമന്ത്രി മോദി പറഞ്ഞു.

തനിക്ക് വലിയ പദ്ധതികളുണ്ടെന്ന് പറയുമ്പോള്‍ ആരും പേടിക്കേണ്ടതില്ലെന്നും ആരെയും ഭയപ്പെടുത്തുന്നതിനോ ഓടിക്കുന്നതിനോ വേണ്ടിയല്ല, രാജ്യത്തിന്റെ സമഗ്രമായ വികസനത്തിന് വേണ്ടിയാണ് താന്‍ തീരുമാനങ്ങളെടുക്കുന്നതെന്ന് പ്രധാനമന്ത്രി വ്യക്തമാക്കി. വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐയ്ക്ക നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു മോദി.

വികസിത ഇന്ത്യയ്ക്കായുള്ള (2047 വിക്ഷിത് ഭാരത് ) തന്റെ പദ്ധതിയും പ്രധാനമന്ത്രി വെളിപ്പെടുത്തി. അതിനുള്ള പ്രവര്‍ത്തനങ്ങള്‍ കഴിഞ്ഞ രണ്ട് വര്‍ഷമായി തുടരുകയാണെന്നും പറഞ്ഞു. 'ഞാന്‍ കഴിഞ്ഞ രണ്ട് വര്‍ഷമായി 2047ന് വേണ്ടി പ്രവര്‍ത്തിക്കുകയാണഅ. അതിനായി, രാജ്യത്തുടനീളമുള്ള ആളുകളില്‍ നിന്ന് അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും ഞാന്‍ തേടി. ഇന്ത്യയെ എങ്ങനെ കാണണം എന്നതിനെക്കുറിച്ച് 15 ലക്ഷത്തിലധികം ആളുകളില്‍ നിന്ന് നിര്‍ദ്ദേശങ്ങള്‍  ഞാന്‍ സ്വീകരിച്ചു.' അദ്ദേഹം പറഞ്ഞു.