ഇന്ത്യാ സഖ്യത്തിന് പാക്കിസ്ഥാന്‍ പിന്തുണയുണ്ടെന്ന് നരേന്ദ്രമോഡി

ഇന്ത്യാ സഖ്യത്തിന് പാക്കിസ്ഥാന്‍ പിന്തുണയുണ്ടെന്ന് നരേന്ദ്രമോഡി


അഹമ്മദാബാദ്:  കോണ്‍ഗ്രസിനേയും ഇന്ത്യാ സഖ്യത്തേയും പാക്കിസ്ഥാനുമായി ബന്ധപ്പെടുത്തി കടന്നാക്രമിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോഡി. രാജ്യത്ത് കോണ്‍ഗ്രസിന് പരാജയം സംഭവിക്കുമ്പോള്‍ തകരുന്നത് പാക്കിസ്ഥാനാണെന്ന് ഗുജറാത്തിലെ തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ മോഡി പറഞ്ഞു. 2014 ന് മുന്‍പേയുള്ള ദുര്‍ബലമായ സര്‍ക്കാരിന്റെ ഭരണം ഉണ്ടാകണമെന്നാണ് പാക്കിസ്ഥാന്‍ ആഗ്രഹിക്കുന്നതെന്നും എങ്കില്‍ മാത്രമേ അവര്‍ക്ക് മുംബൈ ഭീകരാക്രമണം പോലെയുള്ള സംഭവങ്ങള്‍ രാജ്യത്ത് വീണ്ടും ആവര്‍ത്തിക്കാന്‍ സാധിക്കൂവെന്നും മുന്‍ യുപിഎ സര്‍ക്കാരിനെ വിമര്‍ശിച്ചുകൊണ്ട് പ്രധാനമന്ത്രി പറഞ്ഞു.

'ലൗ ജിഹാദ്', 'ലാന്‍ഡ് ജിഹാദ്' എന്നിവയെക്കുറിച്ച് ഞങ്ങള്‍ കേട്ടിരുന്നു, എന്നാല്‍ ഇപ്പോള്‍ ഒരു ഇന്ത്യാ സഖ്യ നേതാവ് 'വോട്ട് ജിഹാദിന്' ആഹ്വാനം ചെയ്തിട്ടുണ്ട്. ഇത് എല്ലാ മുസ്ലീങ്ങളെയും ഒന്നിച്ച് 'വോട്ട് ജിഹാദ്' നടത്താന്‍ പ്രേരിപ്പിക്കുന്നു' മോഡി പറഞ്ഞു. തങ്ങളും സഖ്യകക്ഷികളും അധികാരത്തിലുള്ള സംസ്ഥാനങ്ങളില്‍ മുസ്ലീങ്ങള്‍ക്ക് പിന്‍വാതില്‍ ക്വാട്ട നല്‍കില്ലെന്ന് രേഖാമൂലം എഴുതി നല്‍കാന്‍ താന്‍ കോണ്‍ഗ്രസിനെ വെല്ലുവിളിക്കുന്നുവെന്നും പ്രധാനമന്ത്രി പറഞ്ഞു.

രാഹുല്‍ ഗാന്ധി ഇന്ത്യയുടെ പ്രധാനമന്ത്രി പദത്തിലേക്കെത്താനാണ് പാക്കിസ്ഥാന്‍ ആഗ്രഹിക്കുന്നതെന്നും നരേന്ദ്ര മോഡി പറഞ്ഞു. കോണ്‍ഗ്രസ് പാര്‍ട്ടി പാക്കിസ്ഥാനെ പിന്തുണയ്ക്കുന്നവരാണ്. അവര്‍ നേതൃത്വം നല്‍കുന്ന ഇന്ത്യാ മുന്നണിക്കും പാക്കിസ്ഥാന്‍ അനൂകൂല നിലപാടാണുള്ളതെന്നും 2047-ഓടെ ഇന്ത്യയെ വികസിതമാക്കുമെന്ന് താന്‍ രാജ്യത്തിന് ഉറപ്പുനല്‍കുന്നുവെന്നും ഗുജറാത്തിലെ തിരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്തുകൊണ്ട് നരേന്ദ്ര മോഡി പറഞ്ഞു.