കോണ്‍ഗ്രസിന്റെ പ്രകടന പത്രിക മുസ്ലീംലീഗിന്റെ മുദ്ര പതിപ്പിച്ചതെന്ന് പ്രധാനമന്ത്രി നരേന്ദ്രമോഡി

കോണ്‍ഗ്രസിന്റെ പ്രകടന പത്രിക മുസ്ലീംലീഗിന്റെ മുദ്ര പതിപ്പിച്ചതെന്ന് പ്രധാനമന്ത്രി നരേന്ദ്രമോഡി


ന്യൂഡല്‍ഹി: 2024ലെ ലോക്സഭാ തെരഞ്ഞെടുപ്പിന്റെ രണ്ടാം ഘട്ട പ്രചാരണത്തിനിടെ പ്രധാനമന്ത്രി നരേന്ദ്രമോഡി പ്രതിപക്ഷ പാര്‍ട്ടിയായ കോണ്‍ഗ്രസിനെതിരെ തുടങ്ങിവെച്ച വര്‍ഗീയ പ്രചാരണം കൂടുതല്‍ ശക്തമാക്കി. കോണ്‍ഗ്രസ് പ്രകടന പത്രികയില്‍ മുസ്ലീങ്ങളെ പ്രീണിപ്പിക്കുന്നതിനും രാജ്യത്തിന്റെ സമ്പത്ത് അന്യായമായി മുസ്ലീങ്ങള്‍ക്ക് പങ്കുവെയ്ക്കാനുമാണ് കോണ്‍ഗ്രസ് നീക്കമെന്നാണ് നേരത്തെ മോഡി ആരോപമിച്ചിരുന്നത്. തെരഞ്ഞെടുപ്പിന് മുന്നോടിയായി മുസ്ലീം ലീഗിന്റെ മുദ്ര പതിപ്പിച്ച തെരഞ്ഞെടുപ്പ് പത്രികയാണ് കോണ്‍ഗ്രസ് അവതരിപ്പിച്ചതെന്ന് പ്രധാനമന്ത്രി നരേന്ദ്രമോഡി ഏറ്റവും പുതിയ ആരോപണത്തില്‍ പറഞ്ഞു. നെറ്റ് വര്‍ക്ക് 18 ഗ്രൂപ്പ് എഡിറ്റര്‍ ഇന്‍ ചീഫ് രാഹുല്‍ ജോഷിയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം കോണ്‍ഗ്രസിനെതിരെ തുറന്നടിച്ചത്.

കോണ്‍ഗ്രസിന്റെ തെരഞ്ഞെടുപ്പ് പത്രികയിലെ തിന്മകള്‍ പുറത്തുവരുമെന്ന് പ്രതീക്ഷിച്ച് താന്‍ 10 ദിവസം കാത്തിരുന്നുവെന്നും അതിന് ശേഷമാണ് സത്യങ്ങള്‍ വിളിച്ചുപറയാന്‍ താന്‍ നിര്‍ബന്ധിതനായതെന്നും മോഡി പറഞ്ഞു.

'' കോണ്‍ഗ്രസിന്റെ തെരഞ്ഞെടുപ്പ് പത്രികയെപ്പറ്റി സംസാരിക്കാം. തെരഞ്ഞെടുപ്പ് കാലത്ത് രാഷ്ട്രീയ പാര്‍ട്ടികള്‍ പുറത്തിറക്കുന്ന തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങളടങ്ങിയ പത്രിക വെറും പ്രദര്‍ശന വസ്തു മാത്രമാണോ? എല്ലാ രാഷ്ട്രീയ പാര്‍ട്ടികളുടെയും തെരഞ്ഞെടുപ്പ് പത്രിക സൂക്ഷ്മമായി വായിക്കേണ്ട ഉത്തരവാദിത്തം മാധ്യമങ്ങള്‍ക്കുണ്ട്. ഇക്കാര്യത്തില്‍ മാധ്യമങ്ങള്‍ ഇടപെടുമെന്നാണ് ഞാന്‍ പ്രതീക്ഷിച്ചത്. തെരഞ്ഞെടുപ്പ് പത്രിക പുറത്തുവന്ന ആദ്യ ദിവസം തന്നെ ഞാന്‍ എന്റെ അഭിപ്രായം പറഞ്ഞു. എന്നാല്‍ പ്രകടന പത്രിക വിശദമായി വായിച്ചപ്പോഴാണ് അത് മുസ്ലീം ലീഗിന്റെ മുദ്ര പതിഞ്ഞതാണെന്ന കാര്യം എനിക്ക് ബോധ്യമായത്. മാധ്യമങ്ങള്‍ ഇക്കാര്യം കണ്ട് ഞെട്ടുമെന്ന് ഞാന്‍ കരുതി. എന്നാല്‍ അവര്‍ കോണ്‍ഗ്രസ് മുന്നോട്ട് വെച്ച കാര്യങ്ങള്‍ അതേപടി പറയുകയായിരുന്നു,'' മോഡി അഭിമുഖത്തില്‍ പറഞ്ഞു.

മുസ്ലീങ്ങള്‍ക്കിടയില്‍ സമ്പത്ത് പുനര്‍വിതരണം ചെയ്യണമെന്ന കോണ്‍ഗ്രസ് വാദം രാജ്യത്തിന് ഭീഷണിയാകുമോ എന്ന ചോദ്യത്തിനും മോഡി മറുപടി നല്‍കി. തന്റെ തെരഞ്ഞെടുപ്പ് പ്രചരണത്തെ സൂക്ഷ്മമായി നിരീക്ഷിച്ച് നോക്കൂവെന്നാണ് ഈ ചോദ്യത്തിനുത്തരമായി അദ്ദേഹം പറഞ്ഞത്.

'' നിങ്ങളുടെ മാധ്യമ സംഘം എന്റെ തെരഞ്ഞെടുപ്പ് പ്രചരണം കൃത്യമായി നിരീക്ഷിച്ചിട്ടില്ലെന്നാണ് തോന്നുന്നത്. എന്റെ തെരഞ്ഞെടുപ്പ് പ്രചരണം മുഴുവന്‍ രണ്ട് കാര്യങ്ങളെ ലക്ഷ്യമിട്ടായിരുന്നു. ഒന്നാമതായി സമൂഹത്തിന്റെ ക്ഷേമത്തിന് വേണ്ടി ഞങ്ങള്‍ പ്രവര്‍ത്തനങ്ങള്‍ നടത്തിയിട്ടുണ്ട്. മുന്‍ സര്‍ക്കാരുകളെ അപേക്ഷിച്ച് എല്ലാവരിലേക്കും സഹായമെത്തിക്കാന്‍ ഞങ്ങള്‍ക്ക് കഴിഞ്ഞിട്ടുണ്ട്. മോശം പ്രവര്‍ത്തനം കാഴ്ചവെയ്ക്കാനല്ല സര്‍ക്കാരുകള്‍ അധികാരത്തിലെത്തുന്നത്. മികച്ച രീതിയിലുള്ള പ്രവര്‍ത്തനമാണ് ഓരോ സര്‍ക്കാരും ചെയ്യേണ്ടത്. ചിലയാളുകള്‍ക്ക് മറ്റുള്ളവര്‍ക്ക് ഗുണകരമായ കാര്യങ്ങള്‍ എങ്ങനെ ചെയ്യണമെന്ന് അറിയാം. എന്നാല്‍ മറ്റൊരു വിഭാഗം ആളുകള്‍ നല്ല പ്രവൃത്തികള്‍ക്കായി കാത്തിരിക്കും. കഠിനാധ്വാനത്തിലൂടെ ജോലികള്‍ പൂര്‍ത്തിയാക്കുന്നതില്‍ വിശ്വസിക്കുന്നയാളാണ് ഞാന്‍,'' എന്ന് മോഡി പറഞ്ഞു.

തന്റെ സര്‍ക്കാര്‍ അധികാരത്തിലെത്തിയശേഷം ജനങ്ങള്‍ക്കായി കൊണ്ടുവന്ന വികസന പ്രവര്‍ത്തനങ്ങളെപ്പറ്റിയും മോഡി വാചാലനായി.

''രാജ്യത്ത് നാല് കോടിയോളം വീട് നിര്‍മ്മിച്ചുകൊടുത്ത സര്‍ക്കാരാണ് ഞങ്ങള്‍. എന്റെ തെരഞ്ഞെടുപ്പ് പ്രചരണത്തിലുടനീളം ഇക്കാര്യം ഞാന്‍ ഊന്നിപറയുന്നുണ്ട്. വീട് ഇനിയും ലഭ്യമാകാത്ത ആളുകളുടെ പേരുവിവരങ്ങള്‍ എനിക്ക് അയച്ചു തരൂവെന്ന് ഓരോ തെരഞ്ഞെടുപ്പ് പ്രചാരണ വേദികളിലും ഞാന്‍ പറയാറുണ്ട്. മൂന്നാമതും അധികാരത്തിലെത്തിയാല്‍ ഈ ലക്ഷ്യം പൂര്‍ത്തിയാക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ തുടരുന്നതാണ്,'' മോഡി പറഞ്ഞു.

മൂന്നാം വട്ടവും രാജ്യത്തിന്റെ പ്രധാനമന്ത്രിയായി അധികാരത്തിലെത്താന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് താനെന്നും മോഡി പറഞ്ഞു. അധികാരത്തിലെത്തിയാല്‍ ചെയ്യാന്‍ ഉദ്ദേശിക്കുന്ന പദ്ധതികളെപ്പറ്റിയും അദ്ദേഹം അഭിമുഖത്തില്‍ വിശദീകരിച്ചു.

'' രാജ്യത്ത് 3 കോടിയോളം വീടുകള്‍ നിര്‍മ്മിക്കണം. ഇപ്പോള്‍ ലോകത്തിലെ തന്നെ ഏറ്റവും വലിയ ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിയായി ആയുഷ്മാന്‍ ഭാരത് യോജന മാറിയിട്ടുണ്ട്. 55 കോടിയലധികം പേര്‍ക്കാണ് ഈ ഇന്‍ഷുറന്‍സിന്റെ പരിരക്ഷ ലഭിക്കുന്നത്. മോദി സര്‍ക്കാര്‍ നിങ്ങളോടൊപ്പമുണ്ട് എന്നതിന്റെ തെളിവാണിത്. ഇത്തവണത്തെ ഞങ്ങളുടെ തെരഞ്ഞെടുപ്പ് പത്രികയില്‍ മറ്റൊരു കാര്യം കൂടി ഉള്‍പ്പെടുത്തിയിട്ടുണ്ട്. 70 വയസ്സിന് മുകളിലുള്ള സ്ത്രീകള്‍ക്കും പുരുഷന്‍മാര്‍ക്കും അഞ്ച് ലക്ഷം വരെ ചെലവ് വരുന്ന ചികിത്സ സൗജന്യമായി ലഭ്യമാക്കുന്നതാണ്. ഈ ആനൂകൂല്യം ആശ വര്‍ക്കര്‍മാര്‍ക്കും ലഭിക്കും. കൂടാതെ പ്രായഭേദമന്യേ ട്രാന്‍സ്ജെന്‍ഡര്‍ വിഭാഗത്തിലുള്ളവര്‍ക്കും ഈ ആനൂകൂല്യം ഉറപ്പാക്കുമെന്നും ഞങ്ങളുടെ തെരഞ്ഞെടുപ്പ് പത്രികയില്‍ പറയുന്നുണ്ട്,'' മോഡി പറഞ്ഞു.

'' രാജ്യത്തെ ബാങ്കുകളുടെ അവസ്ഥ വളരെ ശോചനീയമായിരുന്നു. ജനസംഖ്യയുടെ പകുതിയിലധികം പേരും ബാങ്ക് അക്കൗണ്ട് തുറക്കാനായി പണം നല്‍കുമെങ്കിലും ബാങ്കുകള്‍ ഒരിക്കലും അവരുടെ അക്കൗണ്ടുകള്‍ തുറന്നിരുന്നില്ല. മോഡി സര്‍ക്കാര്‍ അധികാരത്തിലെത്തിയ ശേഷം 52 കോടി ബാങ്ക് അക്കൗണ്ടുകളാണ് തുറന്നത്. ആധാര്‍, മൊബൈല്‍ നമ്പര്‍ ബന്ധിപ്പിച്ച ജന്‍ധനിലൂടെ ആനൂകൂല്യങ്ങള്‍ നേരിട്ട് ബാങ്കിലേക്ക് എത്തിക്കുന്ന രീതി കൊണ്ടുവന്നു. ഏകദേശം 36 ലക്ഷം കോടി രൂപയാണ് ഇത്തരത്തില്‍ ജനങ്ങളുടെ ബാങ്ക് അക്കൗണ്ടിലേക്ക് എത്തിയത്. ബാങ്ക് അക്കൗണ്ടുകള്‍ തുറക്കാന്‍ കഴിഞ്ഞതിലൂടെയാണ് ഈ നേട്ടം സ്വന്തമാക്കാന്‍ കഴിഞ്ഞത്. ഒരു വര്‍ഷത്തില്‍ ഓപ്പണ്‍ ചെയ്യുന്ന ബാങ്ക് അക്കൗണ്ടുകളുടെ എണ്ണത്തെക്കാള്‍ കൂടുതലാണിത്,'' മോഡി പറഞ്ഞു.

2014ന് മുമ്പുള്ള രാജ്യത്തിന്റെ അവസ്ഥയെപ്പറ്റിയും തന്റെ സര്‍ക്കാര്‍ അധികാരത്തിലെത്തിയതിന് ശേഷമുള്ള മാറ്റത്തെപ്പറ്റിയും അദ്ദേഹം വിശദീകരിച്ചു.

'' എന്തായിരുന്നു 2014ന് മുമ്പ് രാജ്യത്തിന്റെ അവസ്ഥ? ഇന്ന് വികസിക്കുന്ന സമ്പദ് വ്യവസ്ഥയായി ഇന്ത്യ മാറി. ഐഎംഎഫില്‍ 150 രാജ്യങ്ങളുടെ ഒരു കൂട്ടായ്മയുണ്ട്. അതില്‍ ചൈനയും ഇന്ത്യയുമുണ്ട്. വികസ്വര രാജ്യങ്ങള്‍ അഥവാ വികസിക്കുന്ന സമ്പദ് വ്യവസ്ഥയുള്ള രാജ്യങ്ങള്‍ എന്ന വിഭാഗത്തില്‍പ്പെടുന്ന രാജ്യങ്ങളാണ് ഇവ,'' മോദി കൂട്ടിച്ചേര്‍ത്തു.

അതേസമയം ഇന്‍ഹെറിറ്റന്‍സ് ടാക്സിനെപ്പറ്റി കോണ്‍ഗ്രസ് ഓവസീസ് നേതാവ് സാം പിത്രോദ നടത്തിയ പരാമര്‍ശത്തെപ്പറ്റിയും മോദി തന്റെ അഭിപ്രായം വ്യക്തമാക്കി.


''അവരുടെ (കോണ്‍ഗ്രസിന്റെ) ചില നേതാക്കള്‍ അമേരിക്കയില്‍ നല്‍കിയ ഒരു അഭിമുഖത്തില്‍ ഇന്‍ഹെറിറ്റന്‍സ് നികുതിയെപ്പറ്റി പറയുകയുണ്ടായി. നിങ്ങളുടെ സ്വത്തിന് മേല്‍ ഏകദേശം 55 ശതമാനം നികുതി ചുമത്തുന്ന പദ്ധതി. വികസനത്തെപ്പറ്റിയും ഇന്‍ഹെറിറ്റന്‍സിനെപ്പറ്റിയുമാണ് ഞാന്‍ ഇപ്പോള്‍ സംസാരിക്കുന്നത്. എന്നാല്‍ ആ അനന്തരവകാശത്തെ കൊള്ളയടിക്കാനാണ് അവര്‍ ശ്രമിക്കുന്നത്. പ്രകടന പത്രികയില്‍ പറഞ്ഞിട്ടുള്ള കാര്യങ്ങള്‍ മാത്രം ചെയ്യുന്ന രീതിയാണ് അവര്‍ ഇതുവരെ പിന്തുടരുന്നത്. രാജ്യത്തെ ഈ ദിശയിലേക്കാണ് അവര്‍ കൊണ്ടുപോകുന്നത് എന്ന് ജനങ്ങളോട് പറയേണ്ട ഉത്തരവാദിത്തം എനിക്കുണ്ട്. ഇനി ഏത് ദിശയില്‍ പോകണമെന്ന് തീരുമാനിക്കേണ്ടത് നിങ്ങളാണ്. എന്നാല്‍ വസ്തുതകളുടെ അടിസ്ഥാനത്തില്‍ നിങ്ങളോട് സത്യം പറയേണ്ടത് എന്റെ ഉത്തരവാദിത്തമായി ഞാന്‍ കണക്കാക്കുന്നു,'' മോഡി വ്യക്തമാക്കി.