കോണ്‍ഗ്രസിനെ വെട്ടിലാക്കി സാം പിത്രോദയുടെ പരാമര്‍ശം; പ്രതികരിച്ച് പ്രധാനമന്ത്രി

കോണ്‍ഗ്രസിനെ വെട്ടിലാക്കി സാം പിത്രോദയുടെ പരാമര്‍ശം; പ്രതികരിച്ച് പ്രധാനമന്ത്രി


ന്യൂഡല്‍ഹി: ഇന്ത്യയുടെ കിഴക്ക് ഭാഗത്ത് താമസിക്കുന്നവര്‍ ചൈനക്കാരെപ്പോലെയും തെക്ക് ഭാഗത്ത് താമസിക്കുന്നവര്‍ ആഫ്രിക്കക്കാരെപ്പോലെയുമെന്ന സാം പിത്രോദയുടെ പരാമര്‍ശം വിവാദത്തില്‍. പിത്രോദയുടെ പരാമര്‍ശം വിവാദമായതോടെ പ്രതികരണവുമായി പ്രധാനമന്ത്രി നരേന്ദ്ര മോഡിയും രംഗത്ത് എത്തി. ഇത്തരം ആരോപണങ്ങള്‍ ഇന്ത്യയില്‍ വച്ചു പൊറുപ്പിക്കില്ലെന്നായിരുന്നു പ്രധാനമന്ത്രിയുടെ പ്രസ്താവന. പാരമ്പര്യ സ്വത്തുക്കളുടെ പുനര്‍വിതരണവുമായി ബന്ധപ്പെട്ട് പിത്രോദ നടത്തിയ പരാമര്‍ശം വിവാദമായി തുടരുന്ന സാഹചര്യത്തിലാണ് കോണ്‍ഗ്രസ്സിനെ വെട്ടിലാക്കി പിത്രോദ പുതിയ പ്രസ്താവനയുമായി രംഗത്തെത്തിയത്. അടുത്തിടെ ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് പിത്രോദയുടെ പരാമര്‍ശം. ബിജെപി ഭരണ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരും കേന്ദ്ര മന്ത്രിമാരും പിത്രോദയുടെ പ്രസ്താവനയെ അപലപിക്കുകയും കോണ്‍ഗ്രസ്സിനോട് മാപ്പ് പറയാന്‍ ആവശ്യപ്പെടുകയും ചെയ്തു.

ഇന്ത്യ പോലെ വൈവിധ്യമാര്‍ന്ന ഒരു രാജ്യത്തെ നമുക്ക് ഒരുമിച്ച് നിലനിര്‍ത്താന്‍ കഴിയുമെന്നും രാജ്യത്തെ കിഴക്കന്‍ പ്രദേശത്തെ ആളുകള്‍ ചൈനക്കാരെപ്പോലെയും പടിഞ്ഞാറന്‍ പ്രദേശങ്ങളിലെ ആളുകള്‍ അറബികളെപ്പോലെയും വടക്കുള്ള ആളുകള്‍ വെള്ളക്കാരെപ്പോലെയും ദക്ഷിണേന്ത്യയിലെ ആളുകള്‍ ആഫ്രിക്കക്കാരെപ്പോലെയും കാണപ്പെടുന്നുവെങ്കിലും എല്ലാവരും സഹോദരീസഹോദരന്മാരാണ് എന്നായിരുന്നു പിത്രോദയുടെ പരാമര്‍ശം.

'രാജകുമാരന്റെ (രാഹുല്‍ ഗാന്ധി) ഒരു അമ്മാവന്‍ അമേരിക്കയിലാണ് താമസിക്കുന്നത്. എന്തെങ്കിലും ആശയക്കുഴപ്പം ഉണ്ടാകുമ്പോള്‍ രാജകുമാരന്‍ അമ്മാവനോട് അഭിപ്രായം ചോദിക്കും. കറുത്ത നിറമുള്ളവര്‍ ആഫ്രിക്കക്കാരാണെന്ന് ഇപ്പോള്‍ അമ്മാവന്‍ പറഞ്ഞിരിക്കുന്നു. നമ്മുടെ ഇന്ത്യന്‍ ജനതയെ അവര്‍ ആഫ്രിക്കക്കാരെന്ന് വിളിച്ചു. നമ്മുടെ പ്രസിഡന്റ് ദ്രൗപതി മുര്‍മ്മുവിനെ അവര്‍ അപമാനിക്കുന്നത് എന്തുകൊണ്ടാണെന്ന് ഇപ്പോള്‍ എനിക്ക് മനസ്സിലായി, ചര്‍മ്മത്തിന്റെ നിറം കറുപ്പായതിനാല്‍ പ്രസിഡന്റ് ആഫ്രിക്കക്കാരിയാണെന്നും, അതിനാല്‍ പരാജയപ്പെടുത്തണമെന്നും അവര്‍ ആഗ്രഹിച്ചു. അമ്മാവനായ സാം പിത്രോദയാണ് രാജ കുമാരന്റെ മൂന്നാമത്തെ അമ്പയര്‍ ' തെലങ്കാനയിലെ വാറങ്കലില്‍ നടന്ന റാലിയില്‍ മോഡി പറഞ്ഞു. കൂടാതെ ഇന്ന് താന്‍ വളരെ ദേഷ്യത്തിലാണെന്നും തന്നെ ആരെങ്കിലും അധിക്ഷേപിച്ചാല്‍ അത് താന്‍ സഹിക്കുമെന്നും എന്നാല്‍ സാം പിത്രോദ എല്ലാ പരിധികളും ലംഘിച്ചുവെന്നും, ചര്‍മ്മത്തിന്റെ നിറം നമ്മുടെ കഴിവിനെ തീരുമാനിക്കുമോ എന്നും തൊലിയുടെ നിറത്തിന്റെ പേരില്‍ അവര്‍ ഇന്ത്യയിലെ ജനങ്ങളെ അപമാനിക്കുകയാണെന്നും അത് സഹിക്കില്ലെന്നും'' നരേന്ദ്രമോഡി കൂട്ടിച്ചേര്‍ത്തു. ഇന്ത്യയുടെ വൈവിധ്യം ചിത്രീകരിക്കുന്നതിനായി സാം പിത്രോദ പറഞ്ഞ കാര്യങ്ങള്‍ ദൗര്‍ഭാഗ്യകരവും അസ്വീകാര്യവുമാണെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ജയറാം രമേശും പറഞ്ഞു.

താന്‍ വടക്കുകിഴക്കന്‍ സ്വദേശിയാണെന്നും താന്‍ ഒരു ഇന്ത്യക്കാരനെപ്പോലെയാണെന്നും കൂടാതെ നമ്മള്‍ വൈവിധ്യമാര്‍ന്ന രാജ്യമാണെന്നും നമ്മള്‍ വ്യത്യസ്തരായി കാണപ്പെടുന്നുവെങ്കിലും നാമെല്ലാവരും ഒന്നാണെന്നും ആസ്സാം മുഖ്യമന്ത്രി ഹിമന്ത ബിസ്വ ശര്‍മ്മ പറഞ്ഞു. സാം പിത്രോദയുടെ വിവാദ പരാമര്‍ശത്തില്‍ കോണ്‍ഗ്രസ് മാപ്പ് പറയണമെന്ന് മണിപ്പൂര്‍ മുഖ്യമന്ത്രി എന്‍ ബിരേന്‍ സിംഗും ആവശ്യപ്പെട്ടു. മണിപ്പൂരില്‍ സംഭവിക്കുന്നതിന് കാരണം കോണ്‍ഗ്രസ്സാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

ഇത് സാം പിത്രോദയുടെ വ്യക്തിപരമായ അഭിപ്രായമല്ല. കോണ്‍ഗ്രസ് അദ്ദേഹത്തില്‍ നിന്ന് എല്ലാ ആശയങ്ങളും എടുക്കുന്നു, അതിനാല്‍ ഇത് അദ്ദേഹത്തിന്റെ വ്യക്തിപരമായ അഭിപ്രായമാണെന്ന് പറയരുതെന്ന് അരുണാചല്‍ പ്രദേശ് എംപിയായ കേന്ദ്രമന്ത്രി കിരണ്‍ റിജിജു പറഞ്ഞു. വിന്‍സ്റ്റണ്‍ ചര്‍ച്ചില്‍ പറഞ്ഞതില്‍ നിന്ന് വ്യത്യസ്തമല്ല ഈ വ്യാഖ്യാനമെന്നായിരുന്നു ബിജെപി നേതാവ് തേജസ്വി സൂര്യയുടെ അഭിപ്രായം.

പിത്രോദയെ 'കോണ്‍ഗ്രസ് പാര്‍ട്ടിയുടെ ശകുനി' എന്ന് വിശേഷിപ്പിച്ച ബിജെപി വക്താവ് സി ആര്‍ കേശവന്‍, സാം പഴയ കോണ്‍ഗ്രസ്സിനെ കടന്നാക്രമിക്കുകയും വംശീയ പരാമര്‍ശം പാര്‍ട്ടിയുടെ ''അപകടകരവും ഭിന്നിപ്പിക്കുന്നതുമായ മാനസികാവസ്ഥ'' തുറന്നുകാട്ടിയെന്നും അഭിപ്രായപ്പെട്ടു. ഇത് എല്ലായ്‌പ്പോഴും കോണ്‍ഗ്രസ് പാര്‍ട്ടിയുടെ പിഴവാണെന്നും, വടക്കുകിഴക്കന്‍ സംസ്ഥാനത്തിന്റെ പാരമ്പര്യം അറിയാതെയാണ് അവര്‍ സംസാരിക്കുന്നതെന്നും, അവര്‍ ഇവിടെ വരണം, നമ്മോടൊപ്പം ജീവിക്കണമെന്നും നാഗാലാന്‍ഡ് മന്ത്രി ടെംജെന്‍ ഇമ്ന പറഞ്ഞു.