സല്‍മാന്‍ ഖാന്റെ വീടിനു പുറത്ത് വെടിവെച്ചത് യു എസ് ആസ്ഥാനമായ ഗുണ്ടാ സംഘം

സല്‍മാന്‍ ഖാന്റെ വീടിനു പുറത്ത് വെടിവെച്ചത് യു എസ് ആസ്ഥാനമായ ഗുണ്ടാ സംഘം


മുംബൈ: നടന്‍ സല്‍മാന്‍ ഖാന്റെ വസതിക്ക് പുറത്ത് നടന്ന വെടിവയ്പ് ആസൂത്രണം ചെയ്തത് യു എസില്‍ താമസിക്കുന്ന ഗുണ്ടാസംഘങ്ങളാണെന്ന് മുംബൈ പൊലീസ്. ഗുണ്ടാ നേതാവ് ലോറന്‍സ് ബിഷ്ണോയിയുടെ ഇളയ സഹോദരന്‍ അന്‍മോല്‍ ബിഷ്ണോയി ഫെയ്സ്ബുക്ക് പോസ്റ്റില്‍ വെടിവയ്പ്പിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തതിന് പിന്നാലെയാണ് ഇക്കാര്യം പുറത്തുവന്നത്. പോസ്റ്റിന്റെ ഐ പി വിലാസം യു എസിലെ കാലിഫോര്‍ണിയയാണ്. 

ഗായകന്‍ സിദ്ധു മൂസവാലയുടെ കൊലപാതകത്തിനും മറ്റ് നിരവധി കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ട് അന്വേഷിക്കുന്ന അന്‍മോല്‍ ബിഷ്ണോയ് മുമ്പ് വ്യാജ പാസ്പോര്‍ട്ടില്‍ ഒളിവില്‍ പോയ പ്രതിയാണ്. ഇയാളെ കൂടാതെ കേസില്‍ യു എസ് ആസ്ഥാനമായ മറ്റൊരു ഗുണ്ടാനേതാവുമുണ്ടെന്നാണ് വിലയിരുത്തല്‍. യു എസിലുള്ള ഗുണ്ടാനേതാവ് രോഹിത് ഗോദരയെ ഷൂട്ടര്‍മാരെ തെഞ്ഞെടുക്കാന്‍ അന്‍മോല്‍ ബിഷ്ണോയി ചുമതലപ്പെടുത്തിയിരുന്നു. 

മഹാരാഷ്ട്ര, ഡല്‍ഹി, രാജസ്ഥാന്‍, ഹരിയാന, പഞ്ചാബ് എന്നിവയുള്‍പ്പെടെ ഒന്നിലധികം സംസ്ഥാനങ്ങളില്‍ വ്യാപിച്ചുകിടക്കുന്ന ഗോദരയുടെ പ്രൊഫഷണല്‍ ഷൂട്ടര്‍മാരുടെ വിപുലമായ ശൃംഖല ഇതില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്ന് സംശയിക്കുന്നു.

കര്‍ണി സേന തലവന്‍ സുഖ്ദേവ് സിംഗ് ഗോഗമേദിയെ കൊലപ്പെടുത്തിയതിലും ഗുണ്ടാസംഘം രാജു തേത്തിന്റെ കൊലപാതകത്തിലും പങ്കുള്ള സംഘമാണിത്. ലോറന്‍സ് ബിഷ്ണോയി സംഘം വിവിധ സംസ്ഥാനങ്ങളിലെ സഹായികളുടെ വീടുകളില്‍ ആയുധശേഖരം ഒളിപ്പിച്ചു സൂക്ഷിക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. സല്‍മാന്‍ ഖാന്റെ വീടിന് പുറത്ത് വെടിയുതിര്‍ക്കാന്‍ ഉപയോഗിച്ച ആയുധങ്ങള്‍ ഇതില്‍പ്പെട്ടതാണെന്ന് സംശയിക്കുന്നു. 

സല്‍മാന്‍ ഖാന്റെ വസതിയായ ഗാലക്സി അപ്പാര്‍ട്ട്മെന്റിന് പുറത്താണ് വെടിവയ്പ്പുണ്ടായത്. 

ബൈക്കിലെത്തിയ രണ്ട് അജ്ഞാതരാണ് വെടിയുതിര്‍ത്തത്. 

മഹാരാഷ്ട്രയിലെ തീവ്രവാദ വിരുദ്ധ സേനയും  മുംബൈ പൊലീസിനൊപ്പം കേസില്‍ സമാന്തര അന്വേഷണം നടത്തുന്നുണ്ട്. ദേശീയ അന്വേഷണ ഏജന്‍സിയും കേസ് ഫയലുകള്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

ഗാലക്സി അപ്പാര്‍ട്ട്മെന്റിന് പുറത്ത് വെടിവയ്പ്പിനെ തുടര്‍ന്ന് അതീവ സുരക്ഷ ഏര്‍പ്പെടുത്തി. നിലവില്‍ സിനിമാ ചിത്രീകരണങ്ങളൊന്നും സല്‍മാന്‍ ഖാന് ഇല്ലെങ്കിലും അവാര്‍ഡ് പരിപാടികളും പരസ്യ ചിത്രീകരണങ്ങളുമുണ്ട്.