ന്യൂഡല്‍ഹി: ദസറ ആഘോഷങ്ങള്‍ക്കു പിന്നാലെ ഡല്‍ഹിയില്‍ വായുമലിനീകരണം രൂക്ഷമായി. ബുധനാഴ്ച വായുഗുണനിലവാര സൂചിക (എ ക്യു ഐ) 'മോശം' വിഭാഗത്തിലേക്ക് താഴ്ന്നതോടെ ദേശീയ തലസ്ഥാന മേഖലയിലുടനീളം ഗ്രേഡഡ് റെസ്പോണ്‍സ് ആക്ഷന്‍ പ്ലാനിന്റെ (ഗ്രാപ്) ഒന്നാം ഘട്ടം നടപ്പാക്കി. ശൈത്യകാല മലിനീകരണത്തിന്റെ സൂചനയായി തലസ്ഥാനത്ത് വീണ്ടും പുകമഞ്ഞ് വ്യാപിക്കുന്ന സാഹചര്യത്തിലാണ് അധികൃതരുടെ നടപടി.
ഒക്ടോബര്‍ 21-ന് ഉച്ചയ്ക്ക് രണ്ടിന് ഡല്‍ഹിയിലെ എ ക്യു ഐ 244 ആയി ഉയര്‍ന്നതോടെയാണ് വായുഗുണനിലവാര മാനേജ്മെന്റ് കമ്മീഷന് (സി എ ക്യു എം) ഗ്രാപ് ഒന്നാം ഘട്ടം പ്രാബല്യത്തില്‍ കൊണ്ടുവന്നത്. ചൊവ്വാഴ്ച ഇത് 179 ആയിരുന്നു. അന്ന് വായുഗുണനിലവാരം 'മിതമായ' വിഭാഗത്തിലായിരുന്നു.
ദസറ ആഘോഷങ്ങള്ക്കുശേഷമുള്ള മലിനീകരണ വര്‍ധനയ്ക്കു പുറമേ അയല്‍സംസ്ഥാനങ്ങളിലെ വൈക്കോല്‍ കത്തിക്കലും ആശങ്കയാകുന്നുണ്ട്. ശൈത്യകാലം അടുക്കുന്നതോടെ താപനില കുറയുകയും പ്രതികൂല കാലാവസ്ഥ മലിനീകരണകാരികളെ അന്തരീക്ഷത്തില്‍ തങ്ങിനില്ക്കാന് സഹായിക്കുകയും ചെയ്യുന്നത് സ്ഥിതി കൂടുതല്‍ വഷളാക്കാം.
ഇന്ത്യന്‍ കാലാവസ്ഥാ വകുപ്പ്, ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ട്രോപ്പിക്കല്‍ മെറ്റീരിയോളജി എന്നിവയുടെ പ്രവചനങ്ങള്‍ പ്രകാരം വരും ദിവസങ്ങളിലും ഡല്‍ഹിയിലെ വായുഗുണനിലവാരം 'മോശം' വിഭാഗത്തില്‍ തുടരാനാണ് സാധ്യത.
എ ക്യു ഐ 201 മുതല്‍ 300 വരെയുള്ള സാഹചര്യത്തിലാണ് ഗ്രാപ് ഒന്നാം ഘട്ടം നടപ്പാക്കുന്നത്. മലിനീകരണം കൂടുതല്‍ രൂക്ഷമാകുന്നത് തടയുന്നതിനായി ഡല്‍ഹി- എന്‍ സി ആറിലെ വിവിധ സര്‍ക്കാര്‍ ഏജന്‍സികള്‍ നിയന്ത്രണങ്ങള്‍ കര്‍ശനമായി നടപ്പാക്കണം.
ഹോട്ടലുകള്‍, റസ്റ്ററന്റുകള്‍, തുറസ്സായ ഭക്ഷണശാലകള്‍ എന്നിവിടങ്ങളിലെ തന്തൂരി അടുപ്പുകളില്‍ കല്‍ക്കരിയും വിറകും ഉപയോഗിക്കുന്നത് നിരോധിക്കുന്നതാണ് പ്രധാന നടപടികളിലൊന്ന്. ഡീസല്‍ ജനറേറ്റര്‍ സെറ്റുകളുടെ ഉപയോഗത്തിനും നിയന്ത്രണങ്ങളുണ്ട്.
നിര്‍ദേശങ്ങള്‍ ഉടന്‍ നടപ്പാക്കാനും നിരീക്ഷണം ശക്തമാക്കാനും സി എ ക്യു എമ്മിന്റെ ഗ്രാപ് ഉപസമിതി ബന്ധപ്പെട്ട ഏജന്‍സികള്‍ക്ക് നിര്‍ദേശം നല്കി. മലിനീകരണം കുറയ്ക്കുന്നതിനുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കാനും ജനങ്ങളോട് ആവശ്യപ്പെട്ടിട്ടുണ്ട്.
ഡല്‍ഹിക്കു പുറമേ ഹരിയാന, ഉത്തര്‍പ്രദേശ്, രാജസ്ഥാന് എന്നീ സംസ്ഥാനങ്ങളിലെ തലസ്ഥാന മേഖലയിലും നിര്‍ദേശങ്ങള്‍ ബാധകമാണ്. മലിനീകരണനിലയും കാലാവസ്ഥാ പ്രവചനങ്ങളും തുടര്‍ച്ചയായി വിലയിരുത്തിയ ശേഷമായിരിക്കും കൂടുതല്‍ കര്‍ശനമായ നടപടികള്‍ സ്വീകരിക്കണമോയെന്ന് തീരുമാനിക്കുക.
ഡല്‍ഹി സര്‍ക്കാരിന്റെ ശൈത്യകാല മലിനീകരണ നിയന്ത്രണ പ്രവര്‍ത്തനപദ്ധതി നവംബര്‍ ഒന്നിന് നടപ്പാക്കാനിരിക്കെയാണ് ഗ്രാപ് നിയന്ത്രണങ്ങള്‍ നിലവില്‍ വന്നത്. വാഹനങ്ങളില്‍നിന്നുള്ള പുക, നിര്‍മാണ പ്രവര്‍ത്തനങ്ങളിലെ പൊടിപടലങ്ങള്‍, വ്യാവസായിക മലിനീകരണം, കാലാവസ്ഥാപരമായ പുകമഞ്ഞിന് കാരണമാകുന്ന മറ്റ് ഘടകങ്ങള്‍ എന്നിവ നിയന്ത്രിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം.
സാധുവായ മലിനീകരണ നിയന്ത്രണ സര്‍ട്ടിഫിക്കറ്റ് (പി യു സി) ഇല്ലാത്ത വാഹനങ്ങള്‍ക്ക് ഇന്ധനം നല്‍കാതിരിക്കുന്ന 'നോ പി യു സി, നോ ഫ്യൂവല്‍' നയവും പദ്ധതിയുടെ ഭാഗമാണ്. ബി എസ്- VI മലിനീകരണ മാനദണ്ഡങ്ങള്‍ പാലിക്കാത്ത ഡല്‍ഹിക്ക് പുറത്തുള്ള വാഹനങ്ങളുടെ പ്രവേശനത്തിനും ഇളവുകള്‍ക്ക് വിധേയമായി നിയന്ത്രണമേര്‍പ്പെടുത്തും.
ജീവനക്കാര്‍ക്ക് 50 ശതമാനം വര്‍ക്ക് ഫ്രം ഹോം ഏര്‍പ്പെടുത്തല്‍, നിര്‍മാണപ്രവര്‍ത്തനങ്ങള്‍ക്ക് നിയന്ത്രണം, പൊടിപടലങ്ങളുടെ നിരീക്ഷണം ശക്തമാക്കല്‍, യന്ത്രസഹായത്തോടെയുള്ള റോഡ് ശുചീകരണം വ്യാപിപ്പിക്കല്‍ തുടങ്ങിയ നടപടികളും സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുണ്ട്.
ശൈത്യകാലത്ത് സാധാരണയായി വായുമലിനീകരണം വര്‍ധിക്കുന്നതിനാല്‍ വരും മാസങ്ങളില്‍ സ്ഥിതി നിയന്ത്രണവിധേയമാക്കാനുള്ള തയ്യാറെടുപ്പിലാണ് ഡല്‍ഹി ഭരണകൂടം.
