ബി.ജെ.പിക്ക് ഇക്കുറി മഹാരാഷ്ട്രയിലെ വിജയം എളുപ്പമാകില്ലെന്ന് അജിത് പവാര്‍ ക്യാമ്പ് നേതാവ്

ബി.ജെ.പിക്ക് ഇക്കുറി മഹാരാഷ്ട്രയിലെ വിജയം എളുപ്പമാകില്ലെന്ന് അജിത് പവാര്‍ ക്യാമ്പ് നേതാവ്


ന്യൂഡല്‍ഹി : 2014, 2019 ലോക്‌സഭ തെരഞ്ഞെടുപ്പുകള്‍ പോലെ ബി.ജെ.പിക്ക് ഇക്കുറി മഹാരാഷ്ട്രയിലെ വിജയം എളുപ്പമാകില്ലെന്ന് എന്‍.സി.പി അജിത് പവാര്‍ വിഭാഗം നേതാവ് ഛഗന്‍ ഭുജ്ബല്‍. സഹതാപതരംഗം ഉദ്ധവ് താക്കറെക്കും ശരത് പവാറിനും ഗുണകരമാവുമെന്ന് അദ്ദേഹം പറഞ്ഞു. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ മഹാരാഷ്ട്രയിലെ 48ല്‍ 41 സീറ്റും നേടി ബി.ജെ.പി വിജയിച്ചിരുന്നു. എന്‍.ഡി.ടി.വിക്ക് നല്‍കിയ അഭിമുഖത്തിലാണ് അജിത് പവാര്‍ വിഭാഗം നേതാവിന്റെ പരാമര്‍ശം.

ശിവസേന, എന്‍.സി.പി പിളര്‍പ്പിനെ തുടര്‍ന്നുണ്ടായ സാഹചര്യങ്ങള്‍ ഉദ്ധവ് താക്കറെക്കും ശരത് പവാറിനും അനുകൂലമായ സഹതാപതരംഗം സൃഷ്ടിക്കും. 400 സീറ്റുകള്‍ നേടുമെന്ന ബി.ജെ.പിയുടെ പ്രചാരണം അവര്‍ അധികാരത്തിലെത്തിയാല്‍ ഭരണഘടനയില്‍ മാറ്റം വരുത്തുമോയെന്ന സംശയം ആളുകള്‍ക്കിടയില്‍ ഉണ്ടാക്കിയിട്ടുണ്ടെന്നും ഛഗന്‍ ഭുജ്ബല്‍ പറഞ്ഞു.

ഒരേ വീടിന് കീഴില്‍ ഒരുമിച്ച് കഴിഞ്ഞവര്‍ രണ്ട് വഴിക്ക് പോയത് തന്നെ സംബന്ധിച്ചടുത്തോളം ദുഃഖകരമാണ്. ആരുടെ തെറ്റുകൊണ്ടാണ് ഇങ്ങനെ സംഭവിച്ചതെങ്കിലും ഒരിക്കലും ഉണ്ടാകാന്‍ പാടില്ലാത്ത കാര്യങ്ങളാണ് നടന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മഹാരാഷ്ട്രയില്‍ ബി.ജെ.പിക്ക് കാര്യങ്ങള്‍ എളുപ്പമാകില്ലെന്ന റിപ്പോര്‍ട്ടുകള്‍ നേരത്തെ തന്നെ പുറത്ത് വന്നിരുന്നു. ഇതിനിടെയാണ് എന്‍.സി.പി അജിത് പവാര്‍ വിഭാഗം നേതാവ് ഇക്കാര്യം പറയുന്നത്.

മഹാരാഷ്ട്രയില്‍ എന്‍.സി.പി, ശിവസേന പാര്‍ട്ടികള്‍ പിളര്‍ന്നിരുന്നു. ശിവസേനയില്‍ ഏക്‌നാഥ് ഷിന്‍ഡെയുടെ നേതൃത്വത്തിലുള്ള ഒരു വിഭാഗം പാര്‍ട്ടിവിട്ട് എന്‍.ഡി.എക്കൊപ്പം ചേര്‍ന്നിരുന്നു. ഇതോടെ ഉദ്ധവ് താക്കറെ സര്‍ക്കാര്‍ വീഴുകയും ഷിന്‍ഡെ മുഖ്യമന്ത്രിയാവുകയും ചെയ്തിരുന്നു. എന്‍.സി.പി അജിത് പവാറിന്റെ നേതൃത്വത്തിലുള്ള വിഭാഗവും പാര്‍ട്ടി വിട്ട് എന്‍.ഡി.എയില്‍ എത്തിയിരുന്നു.