ന്യൂഡൽഹി: പശ്ചിമേഷ്യയിലെ സംഘർഷാവസ്ഥക്കിടയിൽ ഹോർമൂസ് കടലിടുക്ക് സുരക്ഷിതമായി കടന്ന് രണ്ട് ഇന്ത്യൻ എൽപിജി ടാങ്കറുകൾ ഇന്ത്യയിലേക്കു പുറപ്പെട്ടു. ഇന്ത്യയുടെ പതാകയുള്ള 'ശിവാലിക് ', 'നന്ദാദേവി' എന്നീ കപ്പലുകളാണ് കടലിടുക്ക് കടന്നതെന്ന് സർക്കാർ വൃത്തങ്ങൾ അറിയിച്ചു.
കപ്പലുകൾ രണ്ടുദിവസത്തിനകം ഇന്ത്യയിലെത്തുമെന്നാണ് വിവരം. ഷിപ്പിംഗ് കോർപ്പറേഷൻ ഓഫ് ഇന്ത്യ പ്രവർത്തിപ്പിക്കുന്ന ഈ കപ്പലുകൾ വൻതോതിൽ പാചകവാതകമാണ് കൊണ്ടുവരുന്നത്. 'ശിവാലിക്' കപ്പലിൽ ഏകദേശം 40,000 മെട്രിക് ടൺ എൽപിജി ഉണ്ടെന്നും അധികൃതർ അറിയിച്ചു.
പശ്ചിമേഷ്യയിലെ യുദ്ധസാഹചര്യത്തെ തുടർന്ന് ഇന്ത്യയും ഇറാനും തമ്മിൽ നടന്ന നയതന്ത്ര ചർച്ചകൾക്ക് പിന്നാലെയാണ് കപ്പലുകൾക്ക് സുരക്ഷിത യാത്ര ഉറപ്പായത്. ഇന്ത്യയിലേക്കുള്ള കപ്പലുകൾക്ക് ഹോർമൂസ് കടലിടുക്ക് വഴി സുരക്ഷിതമായി കടന്നുപോകാൻ അനുവദിക്കുമെന്ന് ഇന്ത്യയിലെ ഇറാൻ സ്ഥാനപതി മൊഹമ്മദ് ഫത്താലി വ്യക്തമാക്കിയിരുന്നു.
ഇതിനിടെ ഇന്ത്യയുടെ വിദേശകാര്യ മന്ത്രി എസ്. ജയ്ശങ്കർ ഇറാന്റെ വിദേശകാര്യ മന്ത്രി സെയദ് അബ്ബാസ് അരാഘ്ചിയുമായി നാല് തവണ ഫോൺ സംഭാഷണം നടത്തി. ഫെബ്രുവരി 28, മാർച്ച് 5, 10, 12 എന്നീ ദിവസങ്ങളിലായിരുന്നു ചർച്ചകൾ.
മാർച്ച് 12ന് ഇന്ത്യയുടെ പ്രധാനമന്ത്രി നരേന്ദ്രമോഡി ഇറാൻ പ്രസിഡന്റ് മസൂദ് പെഷസ്കിയനുമായി സംസാരിക്കുകയും പശ്ചിമേഷ്യയിലെ സംഘർഷം സാധാരണ ജനങ്ങളെയും ആഗോള വ്യാപാരത്തെയും ബാധിക്കുന്നതിൽ ആശങ്ക പ്രകടിപ്പിക്കുകയും ചെയ്തു. ഇന്ത്യൻ പൗരന്മാരുടെയും ചരക്കുകളുടെയും സുരക്ഷ ഇന്ത്യയുടെ പ്രധാന പരിഗണനയാണെന്നും അദ്ദേഹം പറഞ്ഞു.
യുദ്ധം ആരംഭിച്ചതിനുശേഷം ഹോർമൂസ് കടലിടുക്ക് വഴി ഇന്ത്യയിലേക്കെത്തിയ ആദ്യ കപ്പൽ 'ഷെൻലോങ്' എന്ന ക്രൂഡ് ഓയിൽ ടാങ്കറായിരുന്നു. സൗദി അറേബ്യയിലെ റാസ് തനുറ തുറമുഖത്തിൽ നിന്നാണ് ആ കപ്പൽ എണ്ണയുമായി പുറപ്പെട്ടത്.
ഫെബ്രുവരി 28ന് അമേരിക്കയും ഇസ്രായേലും ഇറാനിൽ നടത്തിയ സൈനികാക്രമണത്തിൽ ഇറാന്റെ പരമോന്നത നേതാവ് അലി ഖാമനെയി ഉൾപ്പെടെ നിരവധി ഉന്നത ഉദ്യോഗസ്ഥർ കൊല്ലപ്പെട്ടതോടെയാണ് പശ്ചിമേഷ്യയിൽ സംഘർഷം രൂക്ഷമായത്. അതിന് പ്രതികാരമായി മേഖലയിലെ അമേരിക്കൻ സൈനിക താവളങ്ങളെയും ഇസ്രായേലിനെയും ലക്ഷ്യമിട്ട് ഇറാൻ ആക്രമണം നടത്തി.
ഇതോടെ ലോകത്തിലെ പ്രധാന എണ്ണഗതാഗത മാർഗമായ ഹോർമൂസ് കടലിടുക്കിലൂടെ പോകുന്ന കപ്പലുകൾക്ക് ഭീഷണി ഉയർന്നു. ദിവസേന ലോകത്തിലെ എണ്ണവിതരണത്തിന്റെ ഏകദേശം 20 ശതമാനം കടന്നുപോകുന്ന ഈ കടലിടുക്ക് അടഞ്ഞതോടെ ആഗോള ഇന്ധനവിതരണത്തിൽ തടസവും എണ്ണവിലയിൽ വലിയ വർധനവും ഉണ്ടായിട്ടുണ്ട്.
ഹോർമൂസ് കടലിടുക്ക് കടന്ന് രണ്ട് ഇന്ത്യൻ എൽപിജി ടാങ്കറുകൾ; രണ്ടുദിവസത്തിനകം ഇന്ത്യയിൽ എത്തും
