സ്‌കോട്ട്‌ലന്‍ഡില്‍ ഫോട്ടോ എടുക്കുന്നതിനിടെ വെള്ളച്ചാട്ടത്തില്‍ വീണ് രണ്ട് ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ മരിച്ചു

സ്‌കോട്ട്‌ലന്‍ഡില്‍ ഫോട്ടോ എടുക്കുന്നതിനിടെ വെള്ളച്ചാട്ടത്തില്‍ വീണ് രണ്ട് ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ മരിച്ചു


ബ്ലെയര്‍ അത്തോള്‍: സ്‌കോട്ട്‌ലന്‍ഡില്‍ വെള്ളച്ചാട്ടത്തില്‍  രണ്ട് ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ മുങ്ങിമരിച്ചു. ഡണ്ടി സര്‍വകലാശാലയില്‍ പഠിക്കുന്ന 26 കാരനായ ജിതേന്ദ്രനാഥ് 'ജിതു' കാരൂരിയും 22 കാരനായ ചാന്‍ഹക്യ ബൊളിസെറ്റിയുമാണ് മരിച്ചത്. വെള്ളച്ചാട്ടം സന്ദര്‍ശിക്കാനെത്തിയ ഇരുവരും ഫോട്ടോയെടുക്കാന്‍ ശ്രമിക്കുന്നതിനിടെ വെള്ളത്തിലേക്ക് വീഴുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. ഏപ്രില്‍ 17ന് ബ്ലെയര്‍ അത്തോളിലെ ലിനിന്‍ ഓഫ് ടുമ്മല്‍ വെള്ളച്ചാട്ടത്തിലാണ് സംഭവം.

ജിതുവും ചാന്‍ഹക്യയും ഡന്‍ഡി സര്‍വകലാശാലയില്‍ ഡാറ്റാ സയന്‍സിലും എഞ്ചിനീയറിംഗിലും ബിരുദാനന്തര ബിരുദം നേടിയിരുന്നു. ഇരുവരും മറ്റൊരു സുഹൃത്തിനൊപ്പം ട്രക്കിങ്ങിനായാണ് ഇവിടെയെത്തിയത്.

''ബുധനാഴ്ച വൈകുന്നേരം 7 മണിയോടെ, 22 ഉം 26 ഉം വയസുള്ള രണ്ട് യുവാക്കള്‍ ബ്ലെയര്‍ അത്തോളിനടുത്തുള്ള ലിന് ഓഫ് ടമ്മല്‍ വെള്ളച്ചാട്ടത്തില്‍ വീണതായി ഞങ്ങള്‍ക്ക് റിപ്പോര്‍ട്ട് ലഭിച്ചു. അടിയന്തര രക്ഷാപ്രവര്‍ത്തകര്‍ സ്ഥലത്തെത്തി തിരച്ചില്‍ നടത്തിയ ശേഷം രണ്ട് പേരുടെ മൃതദേഹങ്ങള്‍ വെള്ളത്തില്‍ നിന്ന് കണ്ടെടുത്തു. അന്വേഷണങ്ങള്‍ തുടരുകയാണ്, ഈ മരണങ്ങളെ ചുറ്റിപ്പറ്റി സംശയാസ്പദമായ സാഹചര്യങ്ങളൊന്നും ഉണ്ടെന്ന് തോന്നുന്നില്ല.,' ഒരു പോലീസ് സ്‌കോട്ട്ലന്‍ഡ് വക്താവ് പറഞ്ഞതായി ഡെയ്ലി റെക്കോര്‍ഡ് റിപ്പോര്‍ട്ട് ചെയ്തു