കൊച്ചി: പെരുമ്പാവൂരില്‍ മോഷണശ്രമം ആരോപിച്ച് ഇതരസംസ്ഥാന തൊഴിലാളിയെ മര്‍ദ്ദിച്ച് കൊലപ്പെടുത്തിയ കേസില്‍ ആറുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. അസം സ്വദേശിയായ നൂറുല്‍ ഹുസൈന്‍ (26) ആണ് ആള്‍ക്കൂട്ട ആക്രമണത്തില്‍ മരിച്ചത്. കേസില്‍ പിടിയിലായവര്‍ പെരുമ്പാവൂരിലെ ഒരു പ്ലൈവുഡ് കമ്പനിയില്‍ ജോലി ചെയ്യുന്ന അസം സ്വദേശികളാണെന്ന് പൊലീസ് അറിയിച്ചു.
ബുധനാഴ്ച പുലര്‍ച്ചെയായിരുന്നു സംഭവം. പെരുമ്പാവൂര്‍ മുടിക്കലിലെ എ.എം. വിനീര്‍ പ്ലൈവുഡ് കമ്പനിയിലെ തൊഴിലാളികള്‍ താമസിക്കുന്ന സ്ഥലത്ത് മോഷണം നടത്താനെത്തിയതാണെന്നാരോപിച്ച് നൂറുല്‍ ഹുസൈനിനെ പിടികൂടുകയായിരുന്നു. ഫോണുകളും പണവുമായി ഓടുന്നതിനിടെ ഇയാളെ പിന്തുടര്‍ന്ന് പിടികൂടി താമസസ്ഥലത്തെ ഒരു മുറിയില്‍ കെട്ടിയിട്ടതായി പറയുന്നു.
തുടര്‍ന്ന് മരത്തടിയില്‍ നിന്ന് വേര്‍പെടുത്തിയ തടിമുട്ടി ഉപയോഗിച്ച് ഇയാളെ ക്രൂരമായി മര്‍ദ്ദിച്ചതായി പൊലീസ് വൃത്തങ്ങള്‍ വ്യക്തമാക്കി. രാവിലെ എട്ടുമണിയോടെ കമ്പനി ഉടമയുടെ മകന്‍ എത്തിയപ്പോഴാണ് സംഭവം പുറത്തറിയുന്നത്. പിന്നാലെ ഓട്ടോയില്‍ പെരുമ്പാവൂര്‍ താലൂക്ക് ആശുപത്രിയിലെത്തിച്ചെങ്കിലും അതിനു മുമ്പ് മരണം സംഭവിച്ചുവെന്ന് ആശുപത്രി അധികൃതര്‍ സ്ഥിരീകരിച്ചു.
അലാവുദ്ദീന്‍, മിനാറുല്‍, സക്കീര്‍ ഹുസൈന്‍, ഹബീസുദ്ദീന്‍, ഹസന്‍ അലി, മുസമ്മില്‍ എന്നിവരാണ് അറസ്റ്റിലായത്. ഇവരില്‍ ചിലര്‍ സഹോദരങ്ങളാണെന്നും പൊലീസ് അറിയിച്ചു. സംഭവവുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ ശേഖരിച്ചുവരികയാണ്.
പ്രതികളിലൊരാള്‍ മര്‍ദ്ദന ദൃശ്യങ്ങള്‍ മൊബൈലില്‍ പകര്‍ത്തിയതും കേസിലെ പ്രധാന തെളിവായി മാറിയതായി പൊലീസ് വ്യക്തമാക്കി.
പെരുമ്പാവൂരില്‍ ഇതരസംസ്ഥാന തൊഴിലാളി കൊല്ലപ്പെട്ട സംഭവം; ആറുപേര്‍ അറസ്റ്റില്‍
