കേരളത്തില്‍ നടക്കുന്നത് അഴിമതി ഭരണം: മുഖ്യമന്ത്രിയും മകളും അഴിമതിയില്‍ പെട്ടു; കനത്ത ആക്രമണവുമായി പ്രധാനമന്ത്രി

കേരളത്തില്‍ നടക്കുന്നത് അഴിമതി ഭരണം: മുഖ്യമന്ത്രിയും മകളും അഴിമതിയില്‍ പെട്ടു; കനത്ത  ആക്രമണവുമായി പ്രധാനമന്ത്രി


തിരുവനന്തപുരം: മുഖ്യമന്ത്രിയും മകളും വരെ അഴിമതിയില്‍ പെട്ട കേരളത്തില്‍ അഴിമതി ഭരണമാണ് നടക്കുന്നതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി. 

എന്‍ ഡി എ സ്ഥാനാര്‍ഥികളുടെ തെരഞ്ഞെടുപ്പ് പ്രചരണത്തിനായി തലസ്ഥാനത്ത് എത്തിയ പ്രധാനമന്ത്രി മുഖ്യമന്ത്രി പിണറായി വിജയനെതിരെയടക്കം രൂക്ഷമായ വിമര്‍ശനമാണ്  നടത്തിയത്. സഹകരണ ബാങ്ക് വിഷയത്തിലും മാസപ്പടി കേസിലുമാണ് മുഖ്യമന്ത്രിക്കെതിരെ പ്രധാനമന്ത്രി വിമര്‍ശനമുന്നയിച്ചത്.

അഴിമതിക്കാര്‍ മോഡിയെ തടയാന്‍ ശ്രമിക്കുന്നു. എന്നാല്‍ മോഡി ഇവരെ പേടിക്കില്ല. സഹകരണ ബാങ്കില്‍ നിക്ഷേപിച്ചവര്‍ക്ക് പണം തിരിച്ചു നല്‍കുമെന്ന് മുഖ്യമന്ത്രി കള്ളം പറയുന്നു. ബി ജെ പിക്ക് ചെയ്യുന്ന ഓരോ വോട്ടും അഴിമതിക്ക് എതിരെയുള്ളതാണെന്നും കേരളത്തിലെ ഓരോ വീടുകളിലും ഈ സന്ദേശം എത്തിക്കണമെന്നും  പ്രധാനമന്ത്രി ബി ജെ പി പ്രവര്‍ത്തകരോട് പറഞ്ഞു.

സാമ്പത്തിക പ്രതിസന്ധി വിഷയത്തിലും സംസ്ഥാന സര്‍ക്കാരിനെ വിമര്‍ശിച്ച മോഡി ശമ്പളം കൊടുക്കാന്‍ പോലും സംസ്ഥാന സര്‍ക്കാരിന് കഴിയുന്നില്ലെന്ന് ചൂണ്ടിക്കാട്ടി. കേരളത്തിന്റെ നിലവിലെ സാമ്പത്തിക പ്രതിസന്ധിക്ക് കാരണക്കാര്‍ സംസ്ഥാന സര്‍ക്കാരാണ്. എന്നാല്‍ കേന്ദ്രമാണെന്ന് കള്ളം പറഞ്ഞ് ജനങ്ങളെ വഞ്ചിക്കുകയാണ്. സുപ്രിം കോടതിയില്‍ പോയ സംസ്ഥാനത്തിന് തിരിച്ചടി കിട്ടി. കൊള്ളയാണ് സാമ്പത്തിക പ്രതിസന്ധിക്ക് കാരണമെന്നും മോഡി പറഞ്ഞു.

കേരളത്തില്‍ ഇടത്- വലത് മുന്നണികള്‍ പരസ്പരം പോരാടിക്കുന്നത് പോലെ അഭിനയിക്കുകയാണ്. ദല്‍ഹിയില്‍ ഇവര്‍ വളരെ സൗഹൃദത്തിലാണ്. ഇവിടെ രണ്ട് മുന്നണിയായി പ്രവര്‍ത്തിക്കുന്നു. എന്നാല്‍ കേരളത്തിന് പുറത്ത് ഇവര്‍ ഒറ്റക്കെട്ടായി മത്സരിക്കുകയാണ്. മാറി മാറി ഭരിച്ചിട്ടും എല്‍ ഡി എഫിനും യു ഡി എഫിനും വികസനം പറയാന്‍ പ്രത്യേകിച്ച് ഒന്നുമില്ല- കാട്ടാക്കടയില്‍ നടന്ന തെരഞ്ഞെടപ്പ് പ്രചാരണ യോഗത്തില്‍ സംസാരിക്കവേ പ്രധാനമന്ത്രി പറഞ്ഞു.

റോഡ് ഷോയില്‍ പ്രവര്‍ത്തകരെ അഭിവാദ്യം ചെയ്തതിന് ശേഷമായിരുന്നു പ്രധാനമന്ത്രി വേദിയിലെത്തിയത്. വിഷുക്കണി നല്‍കിയാണ് മോഡിയെ വേദിയില്‍ സ്വീകരിച്ചത്. തുടര്‍ന്ന് മലയാളത്തില്‍ പ്രധാനമന്ത്രി ജനങ്ങള്‍ക്ക് വിഷു ആശംസ നേര്‍ന്നുകൊണ്ട് തന്റെ പ്രസംഗം ആരംഭിച്ച പ്രധാനമന്ത്രി പത്മനാഭ സ്വാമിയുടെ മണ്ണില്‍ വന്നതില്‍ ഏറെ സന്തോഷമുണ്ടെന്ന് വ്യക്തമാക്കി.

ബി ജെ പിയുടെ പ്രകടന പത്രിക എന്നാല്‍ മോഡിയുടെ ഗ്യാരണ്ടിയാണെന്ന് പറഞ്ഞ  പ്രധാനമന്ത്രി കേരളത്തില്‍ വികസനം കൊണ്ടുവരുമെന്നും കേള്‍വിക്കാര്‍ക്ക് ഉറപ്പ് നല്‍കി. കോണ്‍ഗ്രസിന്റേയും ഇടതിന്റേയും വിശ്വാസ്യത തകര്‍ന്നു. കേന്ദ്ര സര്‍ക്കാര്‍ പദ്ധതികളുടെ പിതൃത്വം ഏറ്റെടുക്കാന്‍ ഇരുമുന്നണികളും ശ്രമിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.