സിപിഎം തൃശ്ശൂര്‍ ജില്ലാ കമ്മിറ്റി പിന്‍വലിച്ച ഒരുകോടി രൂപ ബാങ്കില്‍ തിരിച്ചടയ്ക്കാനായില്ല; കണക്കില്‍പെടാത്ത പണമെന്ന് ആദായനികുതി വകുപ്പ്

സിപിഎം തൃശ്ശൂര്‍ ജില്ലാ കമ്മിറ്റി പിന്‍വലിച്ച ഒരുകോടി രൂപ ബാങ്കില്‍ തിരിച്ചടയ്ക്കാനായില്ല; കണക്കില്‍പെടാത്ത പണമെന്ന് ആദായനികുതി വകുപ്പ്


തൃശൂര്‍: ലോക്‌സഭ തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് പിന്നാലെ പിന്‍വലിച്ച ഒരുകോടി രൂപ ബാങ്കില്‍ തിരിച്ചടയ്ക്കാനുള്ള സിപിഐഎം തൃശ്ശൂര്‍ ജില്ലാ കമ്മിറ്റിയുടെ ശ്രമം തടഞ്ഞ് ആദായനികുതി വകുപ്പ്.

പണം കണക്കില്‍ പെടാത്തതെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് ആദായ നികുതി വകുപ്പിന്റെ നടപടി. സംഭവത്തില്‍ സിപിഎം ജില്ലാ സെക്രട്ടറി  എംഎം വര്‍ഗീസിന്റെ മൊഴി ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ രേഖപ്പെടുത്തി.

തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലനില്‍ക്കെയായിരുന്നു ജില്ലാ കമ്മിറ്റി ഒരു കോടി രൂപ ബാങ്ക് ഓഫ് ഇന്ത്യയിലെ അക്കൗണ്ടില്‍ നിന്നും പിന്‍വലിച്ചത്. ഇത് ചട്ടവിരുദ്ധമാണെന്നായിരുന്നു ആദായ നികുതി വകുപ്പിന്റെ കണ്ടെത്തല്‍.

പണം ചിലവാക്കരുതെന്ന് നിര്‍ദ്ദേശവും നല്‍കിയിരുന്നു. ഇന്ന് പണം തിരിച്ചടക്കാന്‍ എത്തിയപ്പോഴാണ് വീണ്ടും ആദയ നികുതി വകുപ്പിന്റെ ഇടപെടലുണ്ടായത്.

കണക്കില്‍ പെടാത്ത പണമെന്ന് കണ്ടെത്തിയതോടെ സിപിമ്മിന് തുക തിരിച്ചടക്കാനായില്ല. ആദായ നികുതി വകുപ്പ് പിടിച്ചെടുത്ത പണം ബാങ്കില്‍ സൂക്ഷിച്ചിരിക്കുകയാണ്. ബാങ്കില്‍ എത്തിച്ച പണത്തിന്റെ സീരിയല്‍ നമ്പര്‍ അടക്കം പരിശോധിച്ച ശേഷമായിരിക്കും ആദയ നികുതി വകുപ്പിന്റെ തുടര്‍ നടപടികള്‍.