സി പി എം സെക്രട്ടറിയേറ്റ് തിങ്കളാഴ്ച ഇ പി വിവാദം ചര്‍ച്ച ചെയ്യും

സി പി എം സെക്രട്ടറിയേറ്റ് തിങ്കളാഴ്ച ഇ പി വിവാദം ചര്‍ച്ച ചെയ്യും


തിരുവനന്തപുരം: ഇടതു മുന്നണി കണ്‍വീനറും കേന്ദ്ര കമ്മിറ്റി അംഗവുമായ ഇ പി ജയരാജന്റെ ബി ജെ പി പ്രവേശന വിവാദത്തിന് പിന്നാലെ വിഷയം ചര്‍ച്ച ചെയ്യാന്‍ സി പി എം. തിങ്കളാഴ്ച നടക്കുന്ന തെരഞ്ഞെടുപ്പ് വിലയിരുത്തല്‍ സെക്രട്ടറിയേറ്റ് യോഗത്തിലാണ് ശോഭാ സുരേന്ദ്രന്‍ തുറന്നുവിട്ട വിവാദം ചര്‍ച്ചയാവുക.  

ഇ പി ജയരാജനെതിരെ കടുത്ത നടപടികളുണ്ടാകുമെന്ന സൂചനകളാണുളളത്. മുന്നണി കണ്‍വീനര്‍ സ്ഥാനം ഒഴിയേണ്ടി വരുമെന്ന കാര്യം നേതാക്കള്‍ ഇ പിയെ അറിയിച്ചതായി വിവരമുണ്ട്. 

തെരഞ്ഞെടുപ്പ് ദിവസങ്ങളില്‍ പുറത്തുവന്ന വിവാദം തിരിച്ചടിയാകുമോയെന്ന ആശങ്കയില്‍ മുതിര്‍ന്ന നേതാവിനെതിരെ നടപടിയെടുത്ത് തത്ക്കാലം മുഖംരക്ഷിക്കാനാണ് പാര്‍ട്ടി നീക്കം നടത്തുന്നത്. മാത്രമല്ല ബി ജെ പിയിലേക്ക് ചുവടുമാറാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ശക്തമായ സന്ദേശം കൂടി നല്‍കാനാണ് സി പി എം ആലോചിക്കുന്നത്. 

ഇ പി ജയരാജനെതിരെ മുഖ്യമന്ത്രി ഉള്‍പ്പെടെ രംഗത്തെത്തിയതോടെ ഭൂരിഭാഗം നേതാക്കളും നടപടി വേണമെന്ന ആവശ്യത്തിലാണുള്ളത്. എന്നാല്‍ കണ്ണൂരിലെ ഒരു വിഭാഗം സി പി എം നേതാക്കള്‍ ഇ പി ജയരാജന്റെ ജാവേദ്ക്കര്‍ കൂടിക്കാഴ്ചയെ വിമര്‍ശിക്കാത്തതും അത്ഭുതമായിട്ടുണ്ട്. 

അതേസമയം, വിഷയം ചൂണ്ടിക്കാട്ടി പ്രതിപക്ഷം സര്‍ക്കാരിനെതിരെ ആഞ്ഞടിച്ചതോടെ ഇ പിയെ പിന്തുണയ്ക്കുന്നില്ലെന്ന് മാത്രമല്ല കൃത്യമായ വിമര്‍ശനവും പാര്‍ട്ടിയില്‍ ഉയരുന്നുണ്ട്. പ്രകാശ് ജാവദേക്കറുമായുള്ള കൂടിക്കാഴ്ച അത്ര നിഷ്‌കളങ്കമല്ലെന്നായിരുന്നു കേന്ദ്ര കമ്മിറ്റി അംഗമായ തോമസ് ഐസക്കിന്റെ പ്രതികരണം. നടപടി പാര്‍ട്ടി ചര്‍ച്ച ചെയ്യുമെന്നും തന്റെ നിലപാട് പാര്‍ട്ടി വേദിയില്‍ ശക്തമായി ഉന്നയിക്കുമെന്നും ഐസക്ക് വ്യക്തമാക്കിയിട്ടുണ്ട്. ഒട്ടുമിക്ക നേതാക്കളും ഇതേ വികാരത്തിലാണ്.

പാര്‍ട്ടി അച്ചടക്ക നടപടികളിലൊന്നായ പരസ്യശാസനക്ക് തുല്യമാണ് പൊളിറ്റ് ബ്യൂറോ അംഗം കൂടിയായ പിണറായിയുടെ പരസ്യവിമര്‍ശനം. അതുകൊണ്ട് തന്നെ കടുത്ത നടപടിയാണ് പ്രതീക്ഷിക്കുന്നത്.