മെയ് 2 മുതല്‍ ഡ്രൈവിങ് ലൈസന്‍സ് ടെസ്റ്റില്‍ മാറ്റം; വിശദമായി അറിയാം

മെയ് 2 മുതല്‍ ഡ്രൈവിങ് ലൈസന്‍സ് ടെസ്റ്റില്‍ മാറ്റം; വിശദമായി അറിയാം


തിരുവനന്തപുരം: സംസ്ഥാനത്തെ മോട്ടോര്‍ വെഹിക്കിള്‍ ഡിപ്പാര്‍ട്ട്‌മെന്റിന്റെ ഡ്രൈവിങ് ലൈസന്‍സ് ടെസ്റ്റില്‍ മാറ്റം. മെയ് 2 മുതല്‍ റോഡ് ടെസ്റ്റിന് ശേഷമായിരിക്കും 'എച്ച് ടെസ്റ്റ്' അനുവദിക്കുക. റോഡ് ടെസ്റ്റിലും നിലവിലെ രീതിയില്‍ നിന്നും മാറ്റമുണ്ടായിരിക്കും. വിശദമായ സര്‍ക്കുലര്‍ ഇറക്കുമെന്ന് ഗതാഗത കമ്മീഷണര്‍ അറിയിച്ചു.

പ്രതിദിനം നല്‍കുന്ന ലൈസന്‍സുകളുടെ എണ്ണം 60 ആക്കി നിജപ്പെടുത്തി. പുതിയതായി ടെസ്റ്റില്‍ പങ്കെടുത്ത 40 പേര്‍ക്കും തോറ്റവര്‍ക്കുളള റീ ടെസ്റ്റില്‍ ഉള്‍പ്പെട്ട 20 പേര്‍ക്കുമായി അറുപത് പേര്‍ക്ക് ലൈസന്‍സ് നല്‍കാനാണ് പുതിയ നിര്‍ദേശം. മെയ് മാസം രണ്ടാം തിയതി മുതല്‍ 30 പേര്‍ക്ക് ലൈസന്‍സ് നല്‍കുമെന്നായിരുന്നു ഗതാഗതമന്ത്രി കെ.ബി. ഗണേഷ് കുമാര്‍ ആദ്യം പുറപ്പെടുവിച്ച നിര്‍ദ്ദേശം. ഇതിലാണ് ഇപ്പോള്‍ ഇളവ് വരുത്തിയിരിക്കുന്നത്.

പുതിയ ട്രാക്കുകള്‍ തയ്യാറാകാത്തതിനാല്‍ എച്ച് ടെസ്റ്റ് തുടരുമെന്നും മന്ത്രി അറിയിച്ചു. പുതിയ ട്രാക്കൊരുക്കി ടെസ്റ്റ് നടത്താനുള്ള സൗകര്യങ്ങള്‍ പൂര്‍ത്തിയാകാത്ത സാഹചര്യത്തിലാണ് നിര്‍ദ്ദേശം. പ്രതിദിനം നൂറിലധികം ലൈസന്‍സ് നല്‍കിയ ഉദ്യോഗസ്ഥരെ മോട്ടോര്‍ വാഹന വകുപ്പ് പരസ്യമായി പരീക്ഷയ്ക്ക് വിധേയരാക്കി. 15 ഉദ്യോഗസ്ഥര്‍ക്കായിരുന്നു പരസ്യ പരീക്ഷ. പ്രതിദിനം നൂറിലധികം ലൈസന്‍സ് നല്‍കുന്ന 15 എംവിമാരെയാണ് മുട്ടത്തറയില്‍ വിളിച്ചുവരുത്തി പരസ്യ പരീക്ഷ നടത്തിയത്.

ഉദ്യോഗസ്ഥരെല്ലാം വെറും 6 മിനിറ്റ് കൊണ്ടാണ് പരീക്ഷ നടത്തി ലൈസന്‍സ് നല്‍കുന്നതെന്നാണ് ഗതാഗതമന്ത്രിയുടെ പക്ഷം. പരീക്ഷയില്‍ പങ്കെടുത്ത ഉദ്യോഗസ്ഥരെ കൊണ്ട് ആദ്യം എച്ച് എടുപ്പിച്ചു. വിജയിച്ചവര്‍ 3 മിനിറ്റെടുത്തു. റോഡ് ടെസ്റ്റ് ഫലം നീരീക്ഷണച്ചുമതലയുള്ള ഉദ്യോഗസ്ഥര്‍ ഗതാഗതമന്ത്രിക്ക് കൈമാറും. സമയക്രമത്തില്‍ പാളിച്ച ഉണ്ടായെങ്കില്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി എടുക്കാനാണ് മന്ത്രിയുടെ നീക്കം. ഉദ്യോഗസ്ഥരുടെ പരസ്യ ടെസ്റ്റില്‍ വെട്ടിലായത് ലൈസന്‍സ് എടുക്കാന്‍ വന്നവര്‍ കൂടിയാണ്. കൂടുതല്‍ ക്യാമറകളും ഉദ്യോഗസ്ഥരുമെല്ലാം വന്നതോടെ പരീക്ഷയ്‌ക്കെത്തിയ മിക്കവരും തോറ്റു.