മെസിയുടെ പേരില്‍ തട്ടിപ്പ്: അഴിമതി നിരോധന വകുപ്പ് കൂടി ചുമത്തണമെന്ന് ഡിജിപി; അബ്ദുറഹിമാന് കുരുക്ക് മുറുകുന്നു

മെസിയുടെ പേരില്‍ തട്ടിപ്പ്: അഴിമതി നിരോധന വകുപ്പ് കൂടി ചുമത്തണമെന്ന് ഡിജിപി; അബ്ദുറഹിമാന് കുരുക്ക് മുറുകുന്നു


തിരുവനന്തപുരം: മെസിയുടെ പേരിലുള്ള തട്ടിപ്പില്‍ അഴിമതി നിരോധന വകുപ്പ് കൂടി ചുമത്തണമെന്ന് ഡിജിപി. ഇതിന് അനുമതി തേടി ഡിജിപി സംസ്ഥാന സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കി. മുന്‍ കായിക മന്ത്രി വി അബ്ദുറഹിമാന്‍ അടക്കമുള്ളവര്‍ക്കെതിരെയാണ് അന്വേഷണം നടക്കുന്നത്. നിലവിലെ എസ്‌ഐടി തന്നെ അന്വേഷണം നടത്തിയാല്‍ മതിയാകുമെന്നും ഡിജിപി റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. 

മന്ത്രിമാര്‍ക്കോ മുന്‍മന്ത്രിമാര്‍ക്കോ ഉദ്യോഗസ്ഥര്‍ക്കോ എതിരെ അവരുടെ കര്‍ത്തവ്യത്തിന്റെ ഭാഗമായി നടപ്പിലാക്കിയ കാര്യത്തില്‍ അഴിമതി നിരോധന വകുപ്പ് പ്രകാരം അന്വേഷണം നടത്താന്‍ പ്രോസിക്യൂഷന്‍ അനുമതി ആവശ്യമാണ്. ആ പ്രോസിക്യൂഷന്‍ അനുമതി നല്‍കണമെന്നാണ് ഡിജിപി ആവശ്യപ്പെട്ടിട്ടുള്ളത്. നിലവില്‍ തട്ടിപ്പ്, വിശ്വാസ വഞ്ചന, ഗൂഢാലോചന തുടങ്ങിയ കുറ്റങ്ങളാണ് ചുമത്തിയിട്ടുള്ളത്.

തുടക്കത്തില്‍ സ്‌പോണ്‍സര്‍ക്കെതിരെ മാത്രം അന്വേഷിച്ചിരുന്ന കേസില്‍ പിന്നീട് മുന്‍മന്ത്രി അബ്ദുറഹിമാന്‍, പേഴ്‌സണല്‍ സ്റ്റാഫ് അടക്കം മറ്റുള്ളവരുടെ പങ്കും അന്വേഷണ പരിധിയിലാക്കിയിരുന്നു. എസ്‌ഐടി അന്വേഷണ റിപ്പോര്‍ട്ട് പ്രകാരം, അഴിമതി നിരോധന വകുപ്പ് കൂടി ചുമത്തി വിജിലന്‍സിന് അന്വേഷണം കൈമാറാമെന്ന സാധ്യതയും ഡിജിപിക്ക് മുന്നിലുണ്ടായിരുന്നു. എന്നാല്‍ നിലവിലെ എസ്‌ഐടി തന്നെ അന്വേഷിച്ചാല്‍ മതിയെന്നാണ് ഡിജിപിയുടെ നിലപാട്.