മതപരിവർത്തന നിരോധന നിയമങ്ങളുടെ മറവിൽ ഉത്തരേന്ത്യയിൽ വ്യാപക ക്രൈസ്തവ വേട്ടയെന്ന് കെസിബിസി

മതപരിവർത്തന നിരോധന നിയമങ്ങളുടെ മറവിൽ ഉത്തരേന്ത്യയിൽ വ്യാപക ക്രൈസ്തവ വേട്ടയെന്ന് കെസിബിസി


കോട്ടയം: തീവ്ര ഹിന്ദുത്വസംഘടനകൾക്കെതിരെ വിമർശനവുമായി കെസിബിസി​.

മതപരിവർത്തന നിരോധന നിയമങ്ങളുടെ മറവിൽ ഉത്തരേന്ത്യയിൽ വ്യാപക ക്രൈസ്തവ വേട്ടയാണ് നടക്കുന്നതെന്നും ഹിന്ദുത്വശക്തികൾക്ക് സാന്നിധ്യമുള്ള സംസ്ഥാനങ്ങളിലെ സർക്കാർ സംവിധാനങ്ങൾ ക്രൈസ്തവ വിരുദ്ധതക്കായി ദുരുപയോഗിക്കപ്പെടുത്തുന്നതായും കേരള കത്തോലിക്ക മെത്രാൻ സമിതിയുടെ (കെ.സി.ബി.സി) ജാഗ്രത കമീഷൻ പുറത്തിറക്കുന്ന ‘ജാഗ്രത’​ മാസികയിലെ ലേഖനം  കുറ്റപ്പെടുത്തുന്നു.

ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിലെ ന്യൂനപക്ഷ പീഡന​ത്തെക്കുറിച്ചുള്ള ലേഖനം ഒമ്പത് സംസ്ഥാനങ്ങളിൽ പ്രാബല്യത്തിലുള്ള മതപരിവർത്തന നിരോധന നിയമങ്ങൾ വ്യാപകമായ ക്രൈസ്തവ വേട്ടക്ക് മറയായി മാറു​കയാണെന്ന് ചൂണ്ടിക്കാട്ടുന്നു. വ്യാജ ആരോപണങ്ങളെ തുടർന്നുള്ള കള്ളക്കേസുകളും ആൾക്കൂട്ട ആക്രമണങ്ങളും വിവിധ ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ പതിവാകുകയാ​ണ്--ലേഖനം പറയുന്നു.

മിഷനറിമാർക്ക് എതിരെയുള്ളത് വ്യാജകേസുകളാണെന്ന് അധികാരികളിൽ പലർക്കും ബോധ്യമുണ്ടെങ്കിലും വർഗീയവാദികളായ നേതാക്കന്മാരാൽ തെറ്റിദ്ധരിക്കപ്പെട്ട ആൾക്കൂട്ട ആരവങ്ങളെയും തീവ്രഹിന്ദുത്വ വാദികളുടെ സമ്മർദത്തെയും അതിജീവിക്കാൻ കഴിയാതെ വരുന്നതായും ലേഖനത്തിൽ പറയുന്നു.

ക്രൈസ്തവർക്കെതിരെ ദുഷ്പ്രചാരണങ്ങളും ആൾക്കൂട്ട ആക്രമണങ്ങളും വ്യാജകേസുകളും കുത്തനെ ഉയരുമ്പോഴും മതപരിവർത്തന നിരോധന നിയമങ്ങൾ നടപ്പാക്കിയിരിക്കുന്ന സംസ്ഥാനഭരണകൂടങ്ങൾ അപകടകരമായ നിശ്ശബ്ദത തുടരുകയണ്. 

തലമുറകളായി ക്രൈസ്തവവിശ്വാസം സ്വീകരിച്ച പലരെയും ഒറ്റക്കും കൂട്ടത്തോടെയും തീവ്രഹിന്ദുത്വ സംഘടനകളുടെ നേതൃത്വത്തിൽ നിർബന്ധിതമായി മതപരിവർത്തനം ചെയ്യുന്നുണ്ട്. എന്നാൽ, ഇവ ഈ നിയമങ്ങളുടെ പരിധിയിൽ വരുന്നില്ല. കേസുകൾ രജിസ്റ്റർ ചെയ്യപ്പെടുന്നില്ല. ​'ഘർവാപ്പസി​'യെന്ന പേരിലുള്ള നിർബന്ധിത മതപരിവർത്തനത്തിന് ഇത് ബാധകമല്ലെന്നത് വിചിത്രമാണെന്ന് ലേഖനത്തിൽ പറയുന്നു.