പാര്‍ട്ടിയുടെ പൂര്‍ണ പിന്തുണ; ഇപി ജയരാജന്‍ എല്‍ഡിഎഫ് കണ്‍വീനര്‍ സ്ഥാനത്തു തുടരുമെന്ന് എം.വി ഗോവിന്ദന്‍

പാര്‍ട്ടിയുടെ പൂര്‍ണ പിന്തുണ; ഇപി ജയരാജന്‍ എല്‍ഡിഎഫ് കണ്‍വീനര്‍ സ്ഥാനത്തു തുടരുമെന്ന് എം.വി ഗോവിന്ദന്‍


തിരുവന്തപുരം: ബിജെപി നേതാവ് പ്രാശ് ജാവഡേക്കറുമായുള്ള കൂടിക്കാഴ്ചയെക്കുറിച്ചുള്ള വിവാദങ്ങള്‍ക്കിടയില്‍ സിപിഐഎം കേന്ദ്ര കമ്മിറ്റി അംഗം ഇ.പി ജയരാജന് പാര്‍ട്ടിയുടെ പൂര്‍ണ പിന്തുണ; ഇപി ജയരാജന്‍ എല്‍ഡിഎഫ് കണ്‍വീനര്‍ സ്ഥാനത്തു തുടരുമെന്ന് സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍ സെക്രട്ടറിയേറ്റ് യോഗത്തിനുശേഷം നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

ഇ.പി ജയരാജനും ബിജെപി ദേശീയ നേതാവ് പ്രകാശ് ജാദേക്കറും തമ്മില്‍ കൂടിക്കാഴ്ച നടത്തിയെന്ന ആരോപണം പാര്‍ട്ടിക്ക് തലവേദനയായെന്ന് സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തില്‍ വിമര്‍ശനമുയര്‍ന്നതായി റിപ്പോര്‍ട്ടുണ്ട്. ഇ.പി ജയരാജന്‍ ബിജെപിയില്‍ ചേരാന്‍ വേണ്ടി ജാവഡേക്കറുമായി ചര്‍ച്ച നടത്തിയെന്നും താനാണ് ഇടനിലക്കാരിയായതെന്നും തെരഞ്ഞെടുപ്പു ദിവസം ബിജെപി ആലപ്പുഴ ലോക സഭാ സ്ഥാനാര്‍ത്ഥി ശോഭ സുരേന്ദ്രന്‍ മാധ്യമങ്ങളോട് വെളിപ്പെടുത്തിയതാണ് വിവാദമായത്. ജാവഡേക്കറെ താന്‍ കണ്ടിരുന്നുവെന്ന് ജയരാജനും അതേ ദിവസം തുറന്നു സമ്മതിച്ചതോടെ പാര്‍ട്ടി അക്ഷരാര്‍ത്ഥത്തില്‍ പ്രതിരോധത്തിലായിരുന്നു. കൂട്ടിക്കാഴ്ച ആകസ്മികമായിരുന്നുവെന്നും രാഷ്ട്രീയ ചര്‍ച്ചകളൊന്നും ഉണ്ടായില്ലെന്നും ഇ.പി വെളിപ്പെടുത്തിയിരുന്നു.

ഇപി തന്റെ നിലപാട് പാര്‍ട്ടി യോഗത്തിലും വിശദീകരിച്ചു. ഇപിയുടെ വിശദീകരണം തൃപ്തികരമെന്ന് സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ വൈകിട്ട് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

ലോക്സഭാ തിരഞ്ഞെടുപ്പില്‍ 12 സീറ്റ് വരെ ജയിക്കാമെന്നാണ് സിപിഐഎം സെക്രട്ടേറിയറ്റ് യോഗത്തിന്റെ വിലയിരുത്തിയത്. ഭരണവിരുദ്ധ വികാരം പ്രചാരണത്തിലൂടെ മറികടക്കാനായെന്നും യോഗം വിലയിരുത്തി. വടകരയില്‍ വോട്ട് കച്ചവടം നടന്നെന്ന ആശങ്കയും യോഗം പങ്കുവച്ചു. ബിജെപി വോട്ട് കോണ്‍ഗ്രസ് പര്‍ച്ചേസ് ചെയ്തെന്നാണ് ആശങ്ക. പ്രതികൂല സാഹചര്യം മറികടന്നും എല്‍ഡിഎഫ് സ്ഥാനര്‍ത്ഥി കെ കെ ശൈലജ വടകരയില്‍ വിജയിക്കുമെന്നാണ് വിലയിരുത്തല്‍.

പ്രധാനമായും തിരഞ്ഞെടുപ്പ് പ്രവര്‍ത്തനം വിലയിരുത്താനാണ് സിപിഐഎം ഇന്ന് സെക്രട്ടറിയേറ്റ് യോഗം ചേര്‍ന്നത്.

മാധ്യമങ്ങളോട് പ്രതികരിക്കാതെ ജയരാജന്‍ മടങ്ങി

സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിന് ശേഷം പ്രതികരിക്കാതെ എല്‍ഡിഎഫ് കണ്‍വീനര്‍ ഇ പി ജയരാജന്‍. ബിജെപി നേതാവ് പ്രകാശ് ജാവദേക്കറുമായി നടത്തിയ കൂടിക്കാഴ്ച്ച യോഗത്തില്‍ ചര്‍ച്ചയായോ എന്ന ചോദ്യത്തോട് പ്രതികരിച്ചില്ല. മറിച്ച് കാറില്‍ കയറി മാധ്യമങ്ങള്‍ക്ക് മുന്നില്‍ കൈകൂപ്പി മടങ്ങുകയായിരുന്നു.

രാവിലെ 10 മണിയോടുകൂടിയാണ് തിരുവനന്തപുരത്തെ എകെജി സെന്ററില്‍ സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം തുടങ്ങിയത്. തിരഞ്ഞെടുപ്പ് അവലോകനമായിരുന്നു പ്രധാന അജണ്ട. സിപിഐഎമ്മിനെ ഏറെ പ്രതിരോധത്തില്‍ ആക്കിയ തിരഞ്ഞെടുപ്പ് ദിനത്തിലെ ഇ പി ജയരാജന്റെ തുറന്നുപറച്ചില്‍ സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം ചര്‍ച്ച ചെയ്യുമെന്നായിരുന്നു വിവരം. എന്നാല്‍ യോഗത്തിന് ശേഷം വിഷയത്തില്‍ ഇ പി പ്രതികരിച്ചില്ല.

തിങ്കളാഴ്ച പുലര്‍ച്ചെയാണ് സെക്രട്ടറിയേറ്റ് യോഗത്തില്‍ പങ്കെടുക്കാന്‍ കണ്ണൂര്‍ വിമാനത്താവളത്തില്‍ നിന്ന് ഇ പി ജയരാജന്‍ വിമാനം കയറിയത്. തിരുവനന്തപുരത്ത് എത്തിയ ഇ പി ജയരാജന്‍ മാധ്യമങ്ങളെ കണ്ടിരുന്നു. ബിജെപി നേതാവ് ശോഭാസുരേന്ദ്രന്‍ പറയുന്നതുപോലെ ഒരിക്കലും കൂടിക്കാഴ്ച ഉണ്ടായില്ലെന്ന് ഇ പി ജയരാജന്‍ പറഞ്ഞു. തനിക്കെതിരായ ആരോപണങ്ങള്‍ ആസൂത്രി പദ്ധതിയുടെ ഭാഗമാണ്. മാധ്യമങ്ങള്‍ നിഷ്പക്ഷമായി ഇക്കാര്യം അന്വേഷിക്കണമെന്നും ഇ പി ജയരാജന്‍ ആവര്‍ത്തിച്ചു.

ശോഭാസുരേന്ദ്രനെ ഇതുവരെ നേരിട്ട് കണ്ട് സംസാരിച്ചിട്ടില്ല. ഉമ്മന്‍ചാണ്ടി മരണപ്പെട്ട സമയത്താണ് അടുത്തുകണ്ടത്. എന്നെപോലൊരാള്‍ എന്തിനാണ് ശോഭാ സുരേന്ദ്രനോട് സംസാരിക്കുന്നത്. ശോഭാ സുരേന്ദ്രനെ എനിക്ക് പണ്ടേ ഇഷ്ടമല്ല. അവരുടെ പ്രസംഗം വളരെ മോശമാണ്. അവരെ കാണുകയോ സംസാരിക്കുയോ ചെയ്തിട്ടില്ല. ഫോണില്‍ പോലും സംസാരിച്ചിട്ടില്ല. ആസുത്രിത പദ്ധതിയുടെ ഭാഗമായിട്ടാണ് നിലവിലെ ആരോപണങ്ങള്‍. മാധ്യമങ്ങള്‍ നിഷ്പക്ഷമായി അന്വേഷിക്കണം.' എന്നായിരുന്നു മറുപടി.