തന്നേക്കാള്‍ ദരിദ്രനായ രാജീവ് ചന്ദ്രശേഖറിനെ അന്വേഷിച്ച് കേരളത്തിലെത്തിയെന്ന് പ്രകാശ് രാജ്

തന്നേക്കാള്‍ ദരിദ്രനായ രാജീവ് ചന്ദ്രശേഖറിനെ അന്വേഷിച്ച് കേരളത്തിലെത്തിയെന്ന് പ്രകാശ് രാജ്


തിരുവനന്തപുരം: രാജീവ് ചന്ദ്രശേഖര്‍ തന്നേക്കാള്‍ ദരിദ്രനാണെന്ന് അറിഞ്ഞതില്‍ തനിക്ക് സന്തോഷമാണോ ദുഃഖമാണോ ഉള്ളതെന്ന് അറിയില്ലെന്ന് നടന്‍ പ്രകാശ് രാജ്. താന്‍ രാജീവ് ചന്ദ്രശേഖറിനെ അന്വേഷിച്ചാണ് കേരളത്തിലേക്ക് വന്നതെന്നും ബംഗളൂരുവില്‍ നിന്നും രക്ഷപ്പെട്ട് കേരളത്തിലെത്തിയ അദ്ദേഹം ഇവിടെ എന്താണ് ചെയ്യുന്നതെന്ന് അറിയാനാണ് താനെത്തിയതെന്നും പ്രകാശ് രാജ് പരിഹാസ രൂപേണ പറഞ്ഞു. 

രാജീവ് ചന്ദ്രശേഖര്‍ തന്നെക്കാള്‍ ദരിദ്രനാണെന്ന കാര്യം തമാശയായി തോന്നുന്നു. അദ്ദേഹം എങ്ങനെയാണ് തന്നേക്കാള്‍ ദരിദ്രനായതെന്ന് അറിയില്ലെന്നും പ്രകാശ് രാജ് പറഞ്ഞു. താന്‍ രണ്ടരക്കോടി രൂപ നികുതി അടക്കുമ്പോള്‍ രാജീവ് ചന്ദ്രശേഖരന്‍ വെറും 616 രൂപ മാത്രമാണ് നികുതി ഇനത്തില്‍ അടക്കുന്നത്. 

താന്‍ നികുതി അടച്ചില്ലെങ്കില്‍ രാജ്യം തനിക്കെതിരെ തിരിയും. എന്നാല്‍ നുണയന്മാരുടെ സംഘത്തിലുള്ള രാജീവ് ചന്ദ്രശേഖരന് നിരവധി വിദേശ വാഹനങ്ങളുണ്ട്, മാധ്യമ സ്ഥാപനങ്ങളുണ്ട് എന്നിട്ടും അദ്ദേഹം പറയുന്നു ദരിദ്രനാണെന്ന്. 

നികുതി അടക്കുന്നത് രാജ്യത്തിനും വികസനത്തിനും വേണ്ടിയാണ്. ഇത്തരത്തില്‍ നികുതി വെട്ടിപ്പ് നടത്തുകയും രാജ്യത്തിന് എതിരേയും ദരിദ്രര്‍ക്കു വേണ്ടിയും തങ്ങളുടെ സമ്പത്ത് ചെലവഴിക്കാതെ വഞ്ചിക്കുന്നവരെ ശിക്ഷിക്കണം. ഒന്നാം നമ്പര്‍ ക്രിമിനലാണ് അദ്ദേഹം. അതുകൊണ്ടാണ് അദ്ദേഹത്തേയും തിരക്കി കേരളത്തിലേക്ക് വന്നതെന്നും രാജീവ് ചന്ദ്രശേഖറിന്റെ വിലാസം കയ്യിലുണ്ടെങ്കില്‍ തനിക്ക് തന്നാല്‍ അദ്ദേഹത്തെ നേരില്‍കണ്ട് ഈ ചോദ്യങ്ങള്‍ ഉന്നയിക്കണമെന്നും പ്രകാശ് രാജ് പറഞ്ഞു. രാജാവിന്റെ ആസ്ഥാന വിദൂഷകനാണ് അദ്ദേഹമെന്നും പ്രകാശ് രാജ് പറഞ്ഞു. 

നിരവധി രാഷ്ട്രീയപാര്‍ട്ടികളും സാമൂഹ്യ സംഘടനകളും അയാള്‍ക്കെതിരെ അതാത് ഡിപ്പാര്‍ട്ട്‌മെന്റുകളില്‍ പരാതി നല്‍കിയിട്ടുണ്ടെങ്കിലും കള്ളനു തന്നെ പരാതി കൊടുത്തിട്ട് കാര്യമില്ലെന്നും പ്രകാശ് രാജ് പറഞ്ഞു. ഇത്തരം പ്രശ്‌നങ്ങളില്‍ നിന്നൊക്കെ എങ്ങനെ പുറത്തേക്ക് കടക്കാമെന്ന കാര്യവും ഇവര്‍ക്കൊക്കെ നന്നായി അറിയാവുന്നതാണ്. 

രാജ്യത്ത് ഇലക്ടറല്‍ ബോണ്ട് കൊണ്ടുവരികയും ഏറ്റവും കൂടുതല്‍ തുക സ്വന്തമാക്കുകയും ചെയ്ത പാര്‍ട്ടിയാണ് രാജീവ് ചന്ദ്രശേഖറിന്റേത്. സുപ്രിം കോടതി ഇലക്ടറല്‍ ബോണ്ട് നിയമവിരുദ്ധമാണെന്ന് പറഞ്ഞെങ്കിലും അധികാരത്തില്‍ വീണ്ടും വന്നാല്‍ അത് തിരികെ കൊണ്ടുവരുമെന്നാണ് ധനകാര്യ മന്ത്രി കഴിഞ്ഞ ദിവസം പറഞ്ഞിരിക്കുന്നത്. 

താന്‍ മലയാളിയാണെന്ന് അവകാശപ്പെടുന്ന രാജീവ് ചന്ദ്രശേഖരന്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കാതെ പണത്തിന്റേയും മസിലിന്റേയും മേന്മ കാണിച്ചാണ് രംഗത്തെത്തിയത്. ഇദ്ദേഹം വലിയ ബുദ്ധിമാനാണെന്നും സ്വര്‍ഗ്ഗമാക്കാമെന്നാണ് ഇപ്പോള്‍ തിരുവനന്തപുരത്തോടു പറയുന്നതെങ്കിലും കര്‍ണാടകയില്‍ നിന്നും പാര്‍ലമെന്റിലേക്ക് പോയ അദ്ദേഹം സംസ്ഥാനത്തിന് വേണ്ടി ഒന്നും ചെയ്തിട്ടില്ലെന്നും പ്രകാശ് രാജ് വിശദമാക്കി. ഒരു കളവ് നൂറു തവണ ആവര്‍ത്തിച്ചാല്‍ സത്യമാകുമെന്നു വിശ്വസിക്കുന്നയാളാണ് അദ്ദേഹം. എന്നാല്‍ കര്‍മം തിരികെ കിട്ടുമെന്ന് മനസ്സിലാക്കണമെന്നും പ്രകാശ് രാജ് പറഞ്ഞു.