എയര്‍ ഇന്ത്യ ജീവനക്കാരുടെ മിന്നല്‍ പണിമുടക്ക്; കേരളത്തില്‍ വിമാന സര്‍വീസ് താറുമാറായി

എയര്‍ ഇന്ത്യ ജീവനക്കാരുടെ മിന്നല്‍ പണിമുടക്ക്; കേരളത്തില്‍ വിമാന സര്‍വീസ് താറുമാറായി


തിരുവനന്തപുരം: ജീവനക്കാരുടെ മിന്നല്‍ പണിമുടക്കിനെ തുടര്‍ന്ന് എയര്‍ ഇന്ത്യയുടെ സര്‍വീസുകള്‍ താറുമാറായി. നിരവധി വിമാനങ്ങള്‍ പറന്നില്ല. പ്രതിഷേധവുമായി യാത്രക്കാര്‍ രംഗത്തെത്തി. 

ജീവനക്കാര്‍ സമരം പ്രഖ്യാപിച്ചതോടെ എയര്‍ ഇന്ത്യ പകരം സംവിധാനം ഏര്‍പ്പെടുത്താതിരുന്നതാണ് യാത്രക്കാരെ ചൊടിപ്പിച്ചത്. 

കണ്ണൂരില്‍ നിന്നുള്ള അബൂദാബി, ഷാര്‍ജ, മസ്‌ക്കത്ത് വിമാനങ്ങളാണ് ആദ്യം റദ്ദായത്. പിന്നാലെ കേരളത്തിലെ വിമാനത്താവളങ്ങളിലെല്ലാം എയര്‍ ഇന്ത്യയുടെ സര്‍വീസ് താളംതെറ്റി.

കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തില്‍നിന്ന് പുറപ്പെടേണ്ട എയര്‍ ഇന്ത്യ എക്സ്പ്രസിന്റെ നാല് സര്‍വീസുകള്‍ കണ്ണൂരിന് പിന്നാലെ റദ്ദാക്കി. പുലര്‍ച്ചെ 2.05ന് പുറപ്പെടേണ്ട ഷാര്‍ജ വിമാനവും രാവിലെ 8.50ന് പുറപ്പെടേണ്ട മസ്‌കത്ത് വിമാനവും, ബഹറൈന്‍, ദമ്മാം വിമാനങ്ങളും റദ്ദായവയില്‍ ഉള്‍പ്പെടുന്നു.  

യാത്ര പുറപ്പെട്ടിട്ടില്ലാത്തതിനാല്‍ കൊച്ചിയിലെത്തേണ്ട നാല് വിമാനങ്ങള്‍ റദ്ദാക്കിയിട്ടുണ്ട്. കൊച്ചിയില്‍് രാവിലെ 11.30ന് എത്തേണ്ട ഷാര്‍ജ വിമാനം, വൈകിട്ട് 5.45ന് എത്തേണ്ട മസ്‌കത്ത് വിമാനം, വൈകിട്ട് 6.30ന് എത്തേണ്ട ബഹ്റൈന്‍ വിമാനം, വൈകിട്ട് 7.10ന് എത്തേണ്ട ദമ്മാം വിമാനം എന്നിവയാണ് റദ്ദാക്കിയത്.

ബുധനാഴ്ച അര്‍ധരാത്രി മുതലാണ് എയര്‍ ഇന്ത്യ ജീവനക്കാര്‍ മിന്നല്‍ പണിമുടക്ക് പ്രഖ്യാപിച്ചത്.

വിമാനം റദ്ദാക്കിയതിനെതിരെ കണ്ണൂര്‍ വിമാനത്താവളത്തിലും യാത്രക്കാര്‍ പ്രതിഷേധിച്ചു. യാത്രക്കാരെല്ലാം ചെക്ക് ഇന്‍ നടത്താനായി എത്തിയതിന് ശേഷമാണ് ജീവനക്കാരുടെ സമരം മൂലം വിമാനം റദ്ദാക്കിയെന്ന് എയര്‍ ഇന്ത്യ അറിയിച്ചത്. മറ്റു ദിവസത്തേക്ക് ടിക്കറ്റ് നല്‍കുമോ എന്നത് സംബന്ധിച്ചൊന്നും യാത്രക്കാരെ അറിയിക്കാന്‍ എയര്‍ ഇന്ത്യ തയ്യാറായിട്ടില്ല.

കരിപ്പൂരില്‍നിന്ന് രാത്രി ദമാമിലേക്ക് പോകേണ്ട എയര്‍ ഇന്ത്യ വിമാനം റദ്ദാക്കിയിരുന്നു. പിന്നീട് യാത്രക്കാരുടെ പ്രതിഷേധത്തെ തുടര്‍ന്ന് ദുബൈ, മസ്‌ക്കറ്റ് വിമാനങ്ങള്‍ സര്‍വീസ് നടത്തി. കരിപ്പൂരില്‍ രാവിലെ എട്ടു മണി മുതലുള്ള ആറ് എയര്‍ ഇന്ത്യ വിമാനങ്ങള്‍ റദ്ദാക്കിയിട്ടുണ്ട്.

തിരുവനന്തപുരം വിമാനത്താവളത്തിലും വിമാനങ്ങള്‍ റദ്ദാക്കിയിട്ടുണ്ട്. ആറ് വിമാനങ്ങളാണ് ഇവിടെ നിന്നും റദ്ദാക്കിയത്. മസ്‌ക്കത്ത്, ഷാര്‍ജ, ദുബായ്, അബുദാബി, കുവൈത്ത്, ജിദ്ദ സര്‍വീസുകളാണ് റദ്ദാക്കിയത്.

ജീവനക്കാരുടെ മിന്നല്‍ പണിമുടക്കാണ് സര്‍വീസുകള്‍ മുടങ്ങാന്‍ കാരണമെന്നാണ് എയര്‍ ഇന്ത്യ അധികൃതര്‍ പറയുന്നത്. അലവന്‍സ് ഉള്‍പ്പെടെയുള്ള ആവശ്യങ്ങല്‍ ഉയര്‍ത്തിക്കാട്ടി എയര്‍ ഇന്ത്യ ജീവനക്കാര്‍ രാജ്യവ്യാപകമായി പണിമുടക്ക് നടത്തുന്നുവെന്നാണ് വിവരം. 

കണ്ണൂരില്‍ നിന്നും നാളെ മുതലുളള വിമാനങ്ങളില്‍ ടിക്കറ്റ് നല്‍കാമെന്ന് എയര്‍ ഇന്ത്യ ഉറപ്പു നല്‍കിയെന്ന് യാത്രക്കാര്‍ പറഞ്ഞു.