വനിതാ ക്രിക്കറ്റില്‍ പാകിസ്ഥാനെ 88 റണ്‍സില്‍ തോല്‍പ്പിച്ച് ഇന്ത്യ

വനിതാ ക്രിക്കറ്റില്‍ പാകിസ്ഥാനെ 88 റണ്‍സില്‍ തോല്‍പ്പിച്ച് ഇന്ത്യ


കൊളംബോ: ഐ സി സി വനിതാ ഏകദിന ലോകകപ്പ് മത്സരത്തില്‍ 88 റണ്‍സിന് പാകിസ്ഥാനെ ഇന്ത്യ പരാജയപ്പെടുത്തി. ടോസ് നേടി ബൗളിങ് തെരഞ്ഞെടുത്ത പാക്കിസ്ഥാന്‍ കരുത്തുറ്റ ഇന്ത്യന്‍ ബാറ്റിങ് നിരയെ 50 ഓവറില്‍ 247 റണ്‍സിന് ഓള്‍ഔട്ടാക്കിയിരുന്നു. എന്നാല്‍, പാക്കിസ്ഥാന്റെ മറുപടി 43 ഓവറില്‍ 159 റണ്‍സില്‍ അവസാനിച്ചു.

20 റണ്‍സ് മാത്രം വഴങ്ങി മൂന്ന് വിക്കറ്റ് വീഴ്ത്തിയ ഇന്ത്യയുടെ യുവ പേസ് ബൗളര്‍ ക്രാന്തി ഗൗഡ് ആണ് പ്ലെയര്‍ ഒഫ് ദ മാച്ച്. ഓഫ് സ്പിന്നര്‍ ദീപ്തി ശര്‍മയും മൂന്ന് വിക്കറ്റ് നേടി. 46 റണ്‍സെടുത്ത ഹര്‍ലീന്‍ ഡിയോള്‍, 35 റണ്‍സെടുത്ത് പുറത്താകാതെ നിന്ന റിച്ച ഘോഷ് എന്നിവര്‍ ബാറ്റിങ്ങില്‍ തിളങ്ങി.

അസുഖബാധിതയായ പേസ് ബൗളിങ് ഓള്‍റൗണ്ടര്‍ അമന്‍ജോത് കൗറിനു പകരം പേസ് ബൗളര്‍ രേണുക സിങ് ഠാക്കൂറിനെ ഉള്‍പ്പെടുത്തിയാണ് ഇന്ത്യ കളിക്കാനിറങ്ങിയത്. ശ്രീലങ്കക്കെതിരായ മത്സരത്തില്‍ ദീപ്തി ശര്‍മക്കൊപ്പം ഇന്ത്യയെ ബാറ്റിങ് തകര്‍ച്ചയില്‍ നിന്നു കരകയറ്റിയത് അമന്‍ജോത് ആയിരുന്നു.

ടോസ് നേടി ബൗളിങ് എടുക്കാന്‍ പാക്കിസ്ഥാന്‍ ക്യാപ്റ്റന്‍ ഫാത്തിമ സന തീരുമാനിച്ചതിനെ സാധൂകരിക്കുന്ന വിധത്തിലായിരുന്നു പാക് ബൗളര്‍മാരുടെ പ്രകടനം. ഒന്‍പത് ഓവറില്‍ 48 റണ്‍സ് കൂട്ടിച്ചേര്‍ത്ത ഓപ്പണര്‍മാര്‍ സ്മൃതി മന്ഥനയും (23) പ്രതീക റാവലും (31) മോശമല്ലാത്ത തുടക്കമാണ് ഇന്ത്യക്കു നല്‍കിയത്. എന്നാല്‍, തുടര്‍ച്ചയായ ഇടവേളകളില്‍ വിക്കറ്റ് വീഴ്ത്തി ഇന്ത്യന്‍ സ്‌കോറിങ് നിരക്ക് ഉയരാതെ പിടിച്ചു നിര്‍ത്താന്‍ പാക് ബൗളര്‍മാര്‍ക്കു സാധിച്ചു.

മൂന്നാം നമ്പറില്‍ ഹര്‍ലീന്‍ ഡിയോളും (46) തുടര്‍ന്ന് ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗര്‍ (19), ജമീമ റോഡ്രിഗ്‌സ് (32), ദീപ്തി ശര്‍മ (25), സ്‌നേഹ് റാണ (20) എന്നിവരെല്ലാം ഒന്നിനു പിറകെ ഒന്നായി മടങ്ങി. 

വിക്കറ്റ് കീപ്പര്‍ ബാറ്ററും ഹാര്‍ഡ് ഹിറ്ററുമായ റിച്ച ഘോഷിനെ നേരത്തെ ഇറക്കാതെ കരുതിവച്ചത് അവസാന ഓവറുകളില്‍ ഇന്ത്യക്കു പ്രയോജനപ്പെട്ടു. സ്ലോഗ് ഓവറുകളില്‍ റിച്ച നടത്തിയ വെടിക്കെട്ടാണ് ഇന്ത്യയെ സുരക്ഷിതമെന്നു കരുതാവുന്ന സ്‌കോറില്‍ എത്തിച്ചത്. 20 പന്തില്‍ മൂന്നു ഫോറും രണ്ടു സിക്‌സും സഹിതം 35 റണ്‍സെടുത്ത റിച്ച പുറത്താകാതെ നിന്നു.

മറുപടി ബാറ്റിങ്ങില്‍ ഒരു ഘട്ടത്തിലും പാക് ബാറ്റര്‍മാര്‍ക്ക് വിജയ പ്രതീക്ഷ ഉണര്‍ത്താന്‍ സാധിച്ചില്ല. സ്‌കോര്‍ ബോര്‍ഡില്‍ 26 റണ്‍സ് എത്തുമ്പോഴേക്കും അവരുടെ മൂന്ന് വിക്കറ്റുകള്‍ നഷ്ടമായിരുന്നു. മൂന്നാം നമ്പറില്‍ ബാറ്റ് ചെയ്ത സിദ്ര അമിന്‍ 106 പന്തില്‍ 81 റണ്‍സുമായി മത്സരത്തിലെ തന്നെ ടോപ് സ്‌കോററായി.

നതാലിയ പര്‍വെയ്‌സ് (31), സിദ്ര നവാസ് (14) എന്നിവര്‍ മാത്രമാണ് രണ്ടക്കം കണ്ട മറ്റു പാക് താരങ്ങള്‍.