തിരുവനന്തപുരം :വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് വിശേഷ ദിനങ്ങളില്‍ പൊതു അവധി കൊടുക്കുന്നത് റദ്ദാക്കണമെന്ന് ബാലാവകാശ കമ്മിഷന്‍ ഉത്തരവായി. സ്വാതന്ത്ര്യ ദിനം, ഗാന്ധിജയന്തി ദിനം, റിപ്പബ്ലിക് ദിനം തുടങ്ങി പൊതു അവധി ദിനങ്ങള്‍ റദ്ദാക്കാനും അറിവും വിജ്ഞാനവും സമ്പാദിക്കുന്നതിനുള്ള ദിനങ്ങളാക്കി മാറ്റാനുമാണ് കമ്മിഷന്‍ ചെയര്‍പേഴ്‌സണ്‍ കെ.വി മനോജ്കുമാര്‍ അംഗങ്ങളായ കെ.കെ. ഷാജു ഡോ. എഫ്. വില്‍സണ്‍ എന്നിവരുടെ ഫുള്‍ ബഞ്ച് ഉത്തരവ്. സ്വാതന്ത്ര്യ ദിനത്തില്‍ ഇന്ത്യയുടെ സ്വാതന്ത്ര്യ സമര ചരിത്രവും അതിനു ജീവത്യാഗം ചെയ്തവരെയും കുറിച്ച് പഠിപ്പിക്കണം. ഭരണഘടനാ ദിനത്തിലും റിപ്പബ്ലിക് ദിനത്തിലും രാജ്യത്തിന്റെ ഭരണഘടനയെ കുറിച്ച് കുട്ടികളെ പഠിപ്പിക്കണം. ഗാന്ധിജയന്തി ദിനത്തില്‍ പരിസ്ഥിതി സംരക്ഷണത്തിന്റെയും പരിസര ശുചിത്വത്തിന്റെയും പ്രാധാന്യം ഉള്‍ക്കൊള്ളുന്ന പ്രവര്‍ത്തനങ്ങള്‍ എല്ലാ സ്‌കൂളുകളിലും സംഘടിപ്പിക്കണമെന്നും പൊതുവിദ്യാഭ്യാസ സെക്രട്ടറിക്കും ഡയറക്ടര്‍ക്കും വനിതാ ശിശുവികസന സെക്രട്ടറിക്കും കമ്മിഷന്‍ നിര്‍ദ്ദേശം നല്‍കി.
ഓണം, ക്രിസ്തുമസ്, പെരുന്നാള്‍ തുടങ്ങിയ ദിനങ്ങളിള്‍ മനുഷ്യര്‍ തമ്മിലുള്ള സഹകരണം, പരസ്പര ബഹുമാനം, ഐക്യം, അഖണ്ഡത, സമത്വം തുടങ്ങിയ മൂല്യങ്ങള്‍ കുട്ടികള്‍ക്ക് പകരുന്നതിന് പദ്ധതികളും പരിപാടികളും നടപ്പാക്കണം. എല്ലാവര്‍ക്കും തുല്യനീതിയും പരിഗണനയും സംരക്ഷണവും ലഭിക്കുന്ന നവലോകം സൃഷ്ടിക്കാന്‍ ഉതകുന്ന ഓണ സന്ദേശം കുട്ടികള്‍ക്ക് നല്‍കുന്നതിന് സ്‌കൂളുകള്‍ക്ക് നിര്‍ദ്ദേശം നല്‍കണം. ദിനാചരണങ്ങള്‍, കലാകായിക മത്സരങ്ങള്‍ തുടങ്ങിയവയില്‍ കുട്ടികളുടെ നേതൃത്വപരമായ പങ്കാളിത്തം ഉറപ്പാക്കണം. ശ്രീനാരായണഗുരു ജയന്തിയിലും സമാധി ദിനത്തിലും ഗുരുവിന്റെയും നവോത്ഥാന നായകരുടെയും സന്ദേശങ്ങള്‍ ഉള്‍ക്കൊള്ളിച്ചുകൊണ്ട് ബോധവല്‍ക്കരണ ക്ലാസുകളും കുട്ടികളുടെ നേതൃത്വത്തില്‍ സംവാദ സദസ്സുകളും സംഘടിപ്പിക്കണം. പഞ്ചമി എന്ന കുട്ടിക്ക് വിദ്യാഭ്യാസം ലഭ്യമാക്കിയത് ഓര്‍മിച്ചുകൊണ്ട് അയ്യങ്കാളിയുടെ ജന്മദിനത്തില്‍ വിദ്യാഭ്യാസ അവകാശ ദിനമായി ആചരിക്കുകയും സ്‌കൂളുകളില്‍ വിവിധ പരിപാടികള്‍ സംഘടിപ്പിക്കുകയും വേണം.
സര്‍ക്കാര്‍, എയ്ഡഡ്, അണ്‍ എയ്ഡഡ്, സ്‌പെഷ്യല്‍ സ്‌കൂളുകളില്‍ സംഘടിപ്പിക്കുന്ന വിവിധ ആഘോഷ ദിനാചരണ പരിപാടികളില്‍ എല്ലാ കുട്ടികള്‍ക്കും പങ്കെടുക്കാവുന്ന തരത്തില്‍ ഐക്യസ്വഭാവം കാണുന്നില്ല. സ്‌കൂള്‍തലത്തില്‍ പരിപാടികള്‍ സംഘടിപ്പിക്കുന്നത് കുട്ടികള്‍ക്ക് വേണ്ടിയാണ്. ഇത്തരം പരിപാടികളില്‍ സംഘാടകരാകാനുള്ള അവസരങ്ങള്‍ അവര്‍ക്ക് ലഭിക്കുന്നില്ല. എല്ലാവിധ ദിനാചരണങ്ങളും സ്‌കൂള്‍തലത്തില്‍ സംഘടിപ്പിക്കുന്നതിനും അവയില്‍ എല്ലാ വിദ്യാര്‍ത്ഥികളുടെയും സാന്നിധ്യവും പ്രാതിനിധ്യവും ഉറപ്പാക്കുന്നതിനും ബാലാവകാശ കമ്മിഷന്‍ ഇടപെടണം എന്ന അധ്യാപകനും സോഷ്യല്‍ വര്‍ക്കറുമായ എല്‍. സുഗതന്റെ പരാതിയിന്മേലാണ് ഉത്തരവ്.
ലീഗല്‍ സര്‍വീസ് അതോറിറ്റിയുടെ നേതൃത്വത്തില്‍ കുട്ടികള്‍ക്ക് റോഡ് സുരക്ഷ, സൈബര്‍ നിയമം, ഉപഭോക്തൃ സംരക്ഷണ നിയമം, പോക്‌സോ നിയമം തുടങ്ങിയവയെക്കുറിച്ചുള്ള ബോധവല്‍ക്കരണം സ്‌കൂള്‍തലത്തില്‍ നടത്തുന്നതിന് നടപടികള്‍ സ്വീകരിക്കണം. അനാചാരങ്ങളും അന്ധവിശ്വാസങ്ങളും അടിച്ചേല്‍പ്പിക്കുന്നതിന് പകരം കുട്ടികളില്‍ ശാസ്ത്രബോധം വളര്‍ത്താന്‍ ആവശ്യമായ പദ്ധതികള്‍ രൂപീകരിക്കണം. ഭാരതത്തിന്റെ ഭരണഘടന(ദ്വിഭാഷാ പതിപ്പ്) പുസ്തകം കേരളത്തിലെ മുഴുവന്‍ സ്‌കൂള്‍ ലൈബ്രറികളിലും വാങ്ങി സൂക്ഷിക്കുകയും അവ കുട്ടികള്‍ക്ക് വായനയ്ക്കും റഫറന്‍സിനും ലഭ്യമാക്കുന്നതും ഗുണകരമാകും. വായനാദിനം, പരിസ്ഥിതിദിനം തുടങ്ങിയ ദിനാചരണങ്ങള്‍ ഒരു ദിവസത്തെ പ്രവര്‍ത്തനത്തില്‍ ഒതുക്കിനിര്‍ത്താതെ വിദ്യാര്‍ത്ഥികളുടെ ജീവിതത്തിലുടനീളം തുടരുന്ന സംസ്‌ക്കാരമായി വളര്‍ത്തിയെടുക്കാനുള്ള കര്‍മപദ്ധതി രൂപീകരിക്കാനും ബാലാവകാശ കമ്മിഷന്‍ ഉത്തരവില്‍ നിര്‍ദ്ദേശിച്ചു. ശുപാര്‍ശകളിന്‍മേല്‍ സ്വീകരിച്ച നടപടി റിപ്പോര്‍ട്ട് 2012ലെ കേരള സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മിഷന്‍ ചട്ടങ്ങളിലെ, ചട്ടം 45 പ്രകാരം 60 ദിവസത്തിനകം കമ്മിഷനില്‍ സമര്‍പ്പിക്കണം. 2005ലെ ബാലാവകാശങ്ങള്‍ സംരക്ഷിക്കുന്നതിന് വേണ്ടിയുള്ള കമ്മിഷനുകള്‍ ആക്ടിലെ വകുപ്പ്15 പ്രകാരമാണ് സര്‍ക്കാരിന് ശുപാര്‍ശകള്‍ നല്‍കിയത്.
വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കുള്ള വിശേഷ ദിന പൊതു അവധി റദ്ദാക്കണം-ബാലാവകാശ കമ്മിഷന്‍
