അഡ്വാൻസ്ഡ് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് രംഗത്തെ പ്രമുഖ കമ്പനിയായ ആന്ത്രോപിക് ബോർഡ് ഓഫ് ഡയറക്ടേഴ്സിലേക്ക് വാസ് നരസിംഹനെ നിയമിച്ചു. നൊവാർടിസ് സിഇഒയായ നരസിംഹന്റെ നിയമനം, എഐ വികസനത്തിൽ ലൈഫ് സയൻസ് വൈദഗ്ധ്യം കൂടുതൽ ശക്തമാക്കുന്നതിനുള്ള നീക്കമായാണ് വിലയിരുത്തുന്നത്.
'സങ്കീർണ്ണമായ സാങ്കേതിക വിദ്യകൾ സുരക്ഷിതമായി പൊതുജനങ്ങളിലേക്ക് എത്തിക്കുന്നതിൽ നരസിംഹന് മികച്ച അനുഭവമുണ്ട്.' എന്ന് ആന്ത്രോപിക് സഹസ്ഥാപകയും പ്രസിഡന്റുമായ ഡാനിയേല അമോഡെയ് പറഞ്ഞു.
നരസിംഹൻ മുമ്പ് ആഗോളാരോഗ്യ രംഗത്ത് എച്ച്ഐവി/എയ്ഡ്സ്, മലേറിയ, ക്ഷയം തുടങ്ങിയ രോഗപ്രതിരോധ പദ്ധതികളിൽ പ്രവർത്തിച്ചിട്ടുണ്ട്. നോവാർട്ടിസിന്റെ സിഇഒയായിരിക്കെ 35ലധികം പുതിയ മരുന്നുകളുടെ വികസനത്തിനും അംഗീകാരത്തിനും നേതൃത്വം നൽകി.
ആന്ത്രോപിക് ബോർഡിൽ ഇതിനകം ഡാരിയോ അമോഡെയ്, യാസ്മിൻ റസാവി, ജയ ക്രെപ്സ്, റീഡ് ഹാസ്റ്റിംഗ്സ്, ക്രിസ് ലിഡ്ഡൽ എന്നിവർ ഉൾപ്പെടുന്നുണ്ട്. പുതിയ നിയമനത്തോടെ കമ്പനിയുടെ 'ലോംഗ്ടേം ബെനിഫിറ്റ് ട്രസ്റ്റ്' പ്രതിനിധികളുടെ സ്വാധീനം കൂടി.
ആരോഗ്യം, മരുന്ന് വികസനം, നിയന്ത്രണ സംവിധാനങ്ങൾ എന്നിവയിൽ നരസിംഹന്റെ പരിചയം, എഐ സുരക്ഷയും ഉത്തരവാദിത്തപരമായ ഉപയോഗവും ഉറപ്പാക്കുന്നതിൽ സഹായകരമാകുമെന്ന് കമ്പനി വ്യക്തമാക്കി.
ആരോഗ്യരംഗത്ത് എഐ വലിയ മാറ്റങ്ങൾ സൃഷ്ടിക്കുന്നതായി നരസിംഹൻ പറഞ്ഞു. രോഗങ്ങളുടെ സ്വഭാവം മനസ്സിലാക്കുന്നതിൽ നിന്ന് പുതിയ മരുന്നുകൾ കണ്ടെത്തുന്നതുവരെ എഐയുടെ പങ്ക് വർധിച്ചുവരുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു.
മനുഷ്യർക്കു ഗുണകരമായ രീതിയിൽ എഐ വികസിപ്പിക്കാനുള്ള മാതൃക സ്ഥാപിക്കുകയാണ് ആന്ത്രോപിക് ലക്ഷ്യമിടുന്നതെന്നും കമ്പനി അറിയിച്ചു.
ആന്ത്രോപിക് ബോർഡിലേക്ക് ഇന്ത്യൻ വംശജനായ വാസ് നരസിംഹൻ; എഐ-ആരോഗ്യ രംഗ ബന്ധം ശക്തമാക്കുന്നു
