മിഡില്‍ ഈസ്റ്റില്‍ സമാധാനത്തിന് ഷി ജിന്‍പിംഗ് നാല് നിര്‍ദ്ദേശങ്ങള്‍ നല്‍കി

മിഡില്‍ ഈസ്റ്റില്‍ സമാധാനത്തിന് ഷി ജിന്‍പിംഗ് നാല് നിര്‍ദ്ദേശങ്ങള്‍ നല്‍കി


ബീജിംഗ്: മിഡില്‍ ഈസ്റ്റില്‍ ശാശ്വത സമാധാനം സ്ഥാപിക്കാന്‍ ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിംഗ് നാല് നിര്‍ദ്ദേശങ്ങള്‍ നല്‍കിയതായി ചൈനീസ് ഔദ്യോഗിക വാര്‍ത്താ ഏജന്‍സി സിന്‍ഹുവ റിപ്പോര്‍ട്ട് ചെയ്തു. ചൊവ്വാഴ്ച അബുദാബി കിരീടാവകാശി ഷെയ്ഖ് ഖാലിദ് ബിന്‍ മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാനുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് ചൈനീസ് പ്രസിഡന്റ് നിര്‍ദ്ദേശങ്ങള്‍ കൈമാറിയത്. 

സമാധാനപരമായ സഹവര്‍ത്തിത്വം ഉയര്‍ത്തിപ്പിടിക്കുക, ദേശീയ പരമാധികാരം പാലിക്കുക, വികസനവും സുരക്ഷയും ഏകോപിപ്പിക്കുക, അന്താരാഷ്ട്ര നിയമാധിഷ്ഠിത ക്രമം സംരക്ഷിക്കുക എന്നിവയാണ് അദ്ദേഹം ഊന്നിപ്പറഞ്ഞ കാര്യങ്ങള്‍. 

അന്താരാഷ്ട്ര നിയമവാഴ്ചയുടെ അധികാരം സംരക്ഷിക്കുകയും ലോകത്തെ കാടിന്റെ നിയമത്തിലേക്ക് മടങ്ങാന്‍ അനുവദിക്കാതിരിക്കുകയും വേണമെന്ന് ഷി പറഞ്ഞു.

ഇറാനെതിരായ യു എസ്- ഇസ്രായേല്‍ യുദ്ധത്തിനെതിരായ മൂര്‍ച്ചയുള്ള വിമര്‍ശനമായാണ് ഈ പരാമര്‍ശങ്ങള്‍ പരിഗണിക്കുന്നത്. യു എസ്- ഇസ്രായേല്‍ സംയുക്ത സൈനിക നീക്കത്തെ നിയമവിരുദ്ധമാണെന്ന് ചൈന ആവര്‍ത്തിച്ച് വിമര്‍ശിക്കുമ്പോഴും യുദ്ധത്തെക്കുറിച്ച് വളരെ കുറച്ച് പരസ്യ അഭിപ്രായങ്ങള്‍ മാത്രമേ ഷി നടത്തിയിട്ടുള്ളൂ.

അടുത്ത മാസമാണ് ഷി ജിന്‍പിംഗും യു എസ് പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപും ബീജിംഗില്‍ ചര്‍ച്ച നിശ്ചയിച്ചിരിക്കുന്നത്.