ന്യൂഡല്‍ഹി: രാജ്യത്തെ ലോക്‌സഭയുടെ ഘടനയില്‍ വന്‍ മാറ്റം വരുത്താന്‍ കേന്ദ്ര സര്‍ക്കാര്‍ നീക്കം തുടങ്ങി. നിലവിലുള്ള 543 സീറ്റുകള്‍ 850 ആക്കുന്നതിനുള്ള നിര്‍ദ്ദേശം ഉള്‍ക്കൊള്ളുന്ന ഭരണഘടന ബില്‍ ഏപ്രില്‍ 16, 17 തിയ്യതികളില്‍ ചേരുന്ന പ്രത്യേക പാര്‍ലമെന്റ് സമ്മേളനത്തില്‍ പരിഗണിക്കുമെന്നാണ് സൂചന.
എ എന്‍ ഐ റിപ്പോര്‍ട്ട് പ്രകാരം, 850 സീറ്റുകളില്‍ 815 എണ്ണം സംസ്ഥാനങ്ങള്‍ക്കായി വകയിരുത്തുകയും 35 എണ്ണം കേന്ദ്രഭരണ പ്രദേശങ്ങള്‍ക്കായി നീക്കിവെക്കുകയും ചെയ്യുന്നതാണ് പദ്ധതി. ദശകങ്ങള്‍ക്കിപ്പുറം പാര്‍ലമെന്ററി പ്രാതിനിധ്യത്തില്‍ നടക്കുന്ന ഏറ്റവും വലിയ പുനഃസംഘടനയായി ഇതിനെ വിലയിരുത്തുന്നു.
ജനസംഖ്യാ കണക്കെടുപ്പിന് പിന്നാലെ നിയോജക മണ്ഡലങ്ങളുടെ പുനര്‍വിഭജനവുമായി ബന്ധപ്പെട്ട ഭരണഘടനയിലെ ആര്‍ട്ടിക്കിള്‍ 82 ഭേദഗതി ചെയ്യുന്നതും ബില്ലില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. 2026ന് ശേഷമുള്ള ആദ്യ സെന്‍സസിന് പിന്നാലെ നിര്‍ബന്ധമായും ഡിലിമിറ്റേഷന്‍ നടത്തണമെന്ന വ്യവസ്ഥ ഒഴിവാക്കുന്നതാണ് പ്രധാന മാറ്റം. ഇതോടെ 2026- 27ന് മുമ്പുള്ള കണക്കുകള്‍ അടിസ്ഥാനമാക്കി മണ്ഡല പുനര്‍ക്രമീകരണം നടത്താനുള്ള സാധ്യത തുറക്കുന്നു.
വനിതകള്‍ക്ക് ലോക്‌സഭയിലും സംസ്ഥാന നിയമസഭകളിലും 33 ശതമാനം സംവരണം നല്‍കുന്ന നാരി ശക്തി വന്ദന്‍ നിയമം 2023 നടപ്പാക്കുന്നതുമായി ബന്ധപ്പെട്ടാണ് ഈ നീക്കമെന്നാണ് കേന്ദ്രം വ്യക്തമാക്കുന്നത്. 2029ലെ പൊതുതെരഞ്ഞെടുപ്പില്‍ ഈ സംവരണം പ്രാബല്യത്തില്‍ വരുത്താനാണ് ലക്ഷ്യം.
ഡെറാഡൂണില്‍ നടന്ന പൊതുയോഗത്തില്‍ സംസാരിച്ച പ്രധാനമന്ത്രി നരേന്ദ്ര മോഡി വനിതാ സംവരണം 2029ന് മുമ്പ് നടപ്പാക്കണമെന്ന് ആവശ്യപ്പെട്ടു. ഇത് രാജ്യത്തിന്റെ വികാരവും സ്ത്രീശക്തിയുടെ ആഗ്രഹവുമാണെന്നും അദ്ദേഹം പറഞ്ഞു. ഭരണഘടനാ ഭേദഗതികള്‍ക്ക് എല്ലാ രാഷ്ട്രീയ കക്ഷികളും പിന്തുണ നല്‍കണമെന്നും രാജ്യത്തെ സഹോദരിമാരുടെയും പുത്രിമാരുടെയും അവകാശവുമായി ബന്ധപ്പെട്ട ഈ പ്രവര്‍ത്തനത്തിന് എല്ലാവരും ഒന്നിക്കണം എന്നും അദ്ദേഹം ആഹ്വാനം ചെയ്തു.
നിലവിലെ നിയമപ്രകാരം, 2023ലെ 106-ാം ഭരണഘടനാ ഭേദഗതി നിയമം അനുസരിച്ച് അടുത്ത സെന്‍സസിന് ശേഷമുള്ള ഡിലിമിറ്റേഷനോടാണ് വനിതാ സംവരണം ബന്ധിപ്പിച്ചിരിക്കുന്നത്. എന്നാല്‍ പുതിയ നിര്‍ദ്ദേശം ഈ സമയക്രമവും അടിസ്ഥാനവും മാറ്റി അടുത്ത പൊതുതെരഞ്ഞെടുപ്പിന് മുമ്പേ പ്രക്രിയ വേഗത്തിലാക്കാനിടയാക്കും.
അതേസമയം, നിര്‍ദ്ദേശത്തിനെതിരെ രാഷ്ട്രീയ രംഗത്ത് ആശങ്കകള്‍ ഉയരുന്നുണ്ട്. പ്രത്യേകിച്ച് പ്രതിപക്ഷം ഭരിക്കുന്ന സംസ്ഥാനങ്ങള്‍, ഡിലിമിറ്റേഷനിലെ മാറ്റങ്ങള്‍ വടക്കന്‍- തെക്കന്‍ സംസ്ഥാനങ്ങളിലെ പ്രാതിനിധ്യത്തിന്റെ സന്തുലിതാവസ്ഥയെ ബാധിക്കാമെന്ന് ചൂണ്ടിക്കാട്ടുന്നു. ജനസംഖ്യാ നിയന്ത്രണം നടക്കുന്ന സംസ്ഥാനങ്ങളുടെ പ്രാതിനിധ്യം കുറയാനിടയുണ്ടെന്ന വിമര്‍ശനവും ഉയരുന്നു.
ആവശ്യമായ ആലോചന കൂടാതെ ഭരണഘടനാ ഭേദഗതികള്‍ 'ബുള്‍ഡോസ്' ചെയ്യാനുള്ള ശ്രമമാണിതെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍ ആരോപിച്ചു. തെക്കന്‍ സംസ്ഥാനങ്ങളുടെ താത്പര്യങ്ങളെ ബാധിക്കുകയാണെങ്കില്‍ ശക്തമായ സമരങ്ങള്‍ക്ക് നേതൃത്വം നല്‍കുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നല്‍കി. ഇതോടെ രാജ്യത്തെ പാര്‍ലമെന്ററി പുനര്‍വിന്യാസത്തെ ചുറ്റിപ്പറ്റി ഫെഡറല്‍ തലത്തില്‍ സംഘര്‍ഷ സാധ്യതകള്‍ ശക്തമാകുകയാണ്.
