ലൈംഗികാതിക്രമ ആരോപണം: മുൻ യു.എസ്. കോൺഗ്രസ് അംഗം എറിക് സ്വാൽവെല്ലിനെതിരായ കേസ് ചൂടുപിടിക്കുന്നു

ലൈംഗികാതിക്രമ ആരോപണം: മുൻ യു.എസ്. കോൺഗ്രസ് അംഗം എറിക് സ്വാൽവെല്ലിനെതിരായ കേസ് ചൂടുപിടിക്കുന്നു


ന്യൂയോർക്ക്:  അമേരിക്കൻ രാഷ്ട്രീയ രംഗത്ത് വിവാദം ശക്തമാക്കി മുൻ കോൺഗ്രസ് അംഗമായ എറിക് സ്വാൽവെല്ലിനെതിരെ ഒരുയുവതി ഗുരുതരമായ ലൈംഗികാതിക്രമ ആരോപണങ്ങൾ ഉയർത്തി. 2018ൽ സ്വാൽവെൽ തന്നെ ബലാത്സംഗത്തിനിരയാക്കിയെന്ന് ആരോപിച്ച് ലോണ്ണ ഡ്രൂസ് എന്ന യുവതിയാണ് വാർത്താസമ്മേളനം നടത്തിയത്.

സാമൂഹികമായി പരിചയപ്പെട്ട ശേഷമാണ് സ്വാൽവെൽ തന്നെ ഒരു രാഷ്ട്രീയ പരിപാടിയിലേക്ക് ക്ഷണിച്ചതെന്നും, അതിന് മുമ്പ് തന്റെ പാനീയത്തിൽ മയക്കുമരുന്ന് കലർത്തിയതായി സംശയിക്കുന്നതായും ഡ്രൂസ് പറഞ്ഞു. ഹോട്ടൽ മുറിയിലെത്തുമ്പോഴേക്കും ശരീരത്തെ നിയന്ത്രിക്കാൻ കഴിയാത്ത അവസ്ഥയിലായിരുന്നെന്നും, അവിടെ വെച്ച് തന്നെ ബലാത്സംഗം ചെയ്തതായും അവർ ആരോപിച്ചു. ഈ സംഭവത്തിന് താൻ സമ്മതം നൽകിയിട്ടില്ലെന്നും അവർ കൂട്ടിച്ചേർത്തു.

അതേസമയം, ഡ്രൂസിന്റെ ആരോപണങ്ങൾ സ്വതന്ത്രമായി സ്ഥിരീകരിക്കാനായിട്ടില്ലെന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ആരോപണങ്ങളെ പൂർണമായും നിഷേധിച്ച സ്വാൽവെല്ലിന്റെ അഭിഭാഷക സാറ അസാരി  ഇത് രാഷ്ട്രീയ ലക്ഷ്യത്തോടെ നടത്തിയ വ്യാജ പ്രചാരണമാണെന്ന് വ്യക്തമാക്കി.

ഇതിനിടെ, സ്വാൽവെല്ലിനെതിരെ കുറഞ്ഞത് ആറു സ്ത്രീകൾ ലൈംഗിക  പീഡന ആരോപണങ്ങൾ ഉന്നയിച്ചതായും റിപ്പോർട്ടുണ്ട്. ആരോപണങ്ങൾ അന്വേഷിക്കാൻ ഹൗസ് എതിക്‌സ് കമ്മിറ്റിയും നടപടി തുടങ്ങി. ഇതിന്റെ പശ്ചാത്തലത്തിൽ സ്വാൽവെൽ കോൺഗ്രസ് അംഗത്വത്തിൽനിന്ന് രാജിവെച്ചു.

മറ്റൊരു യുവതി, കോളേജ് വിദ്യാർത്ഥിനിയായിരിക്കെ സ്വാൽവെൽ തനിക്ക് അശ്ലീല സന്ദേശങ്ങൾ അയച്ചതായും ഹോട്ടലിൽ കാണാൻ ക്ഷണിച്ചതായും ആരോപിച്ചു. കൂടാതെ, അനാവശ്യമായ നഗ്‌നചിത്രം അയച്ചതായി മറ്റൊരു സ്ത്രീയും വെളിപ്പെടുത്തി.

സംഭവം തന്റെ മാനസികാരോഗ്യത്തെ ഗൗരവമായി ബാധിച്ചതായും, ഭയമാണ് ഇതുവരെ നിയമനടപടികളിലേക്ക് നീങ്ങാതിരുന്നതിന് കാരണമെന്നും ഡ്രൂസ് വ്യക്തമാക്കി. ഇപ്പോൾ പോലീസിൽ പരാതി നൽകാൻ ഒരുങ്ങുന്നതായും അവർ അറിയിച്ചു.

അതേസമയം, തനിക്കെതിരെ ഉയർന്ന ആരോപണങ്ങൾ അസത്യമാണ് എന്നും നിയമപരമായി നേരിടുമെന്നും സ്വാൽവെൽ പ്രതികരിച്ചു. സംഭവത്തിൽ അന്വേഷണം തുടരുകയാണ്.