വാഷിംഗ്ടൺ: അമേരിക്കയും ഇറാനും തമ്മിലുള്ള ബന്ധത്തിൽ ദീർഘകാലമായുള്ള അവിശ്വാസം തുടരുന്നതായി യു.എസ്. വൈസ് പ്രസിഡന്റ് ജെ.ഡി വാൻസ് പറഞ്ഞു. ഈ പ്രശ്നം 'ഒരു രാത്രികൊണ്ട് പരിഹരിക്കാനാകില്ല' എന്നാൽ ചർച്ചകളിൽ പുരോഗതി ഉണ്ടെന്ന്് അദ്ദേഹം വിലയിരുത്തി.
ടേണിംഗ് പോയിന്റ് യുഎസ്എ സംഘടിപ്പിച്ച പരിപാടിയിൽ സംസാരിക്കുകയായിരുന്നു വാൻസ്. ഇറാനുമായുള്ള ചർച്ചകൾ വീണ്ടും പാകിസ്താനിലോ മറ്റേതെങ്കിലും സ്ഥലത്തോ ഉടൻ പുനരാരംഭിക്കാമെന്ന സൂചനയും അദ്ദേഹം നൽകി.
ഇസ്രായേൽ-ലെബനൻ സംഘർഷം ഉൾപ്പെടെയുള്ള പ്രാദേശിക പ്രശ്നങ്ങൾക്കൊപ്പം വെടിനിർത്തൽ നിലനിൽക്കുന്നുണ്ടെങ്കിലും അതിന്റെ നിലപാട് ഇപ്പോഴും അനിശ്ചിതമാണെന്ന് വാൻസ് പറഞ്ഞു.
പരിപാടിക്കിടെ ഗാസ വിഷയവുമായി ബന്ധപ്പെട്ടും വാൻസ് വിമർശനം നേരിട്ടു. ഗാസയിലെ മനുഷ്യാവകാശ പ്രശ്നങ്ങൾ നേരത്തെ ഗുരുതരമായിരുന്നുവെന്നും, സമാധാന ശ്രമങ്ങളിൽ പ്രസിഡന്റ് ഡോണൾഡ് ട്രംപ് പ്രധാന പങ്കുവഹിച്ചുവെന്നും അദ്ദേഹം പറഞ്ഞു.
മതപരമായ വിഷയങ്ങളിൽ പോപ്പ് സംസാരിക്കുമ്പോൾ കൂടുതൽ ജാഗ്രത പാലിക്കണമെന്ന പരാമർശവും വാൻസ് നടത്തി.
ഇതിനിടെ, സാമൂഹിക പ്രവർത്തകനായ ചാർലി കിർക്കിന്റെ ഭാര്യയും ടേണിംഗ് പോയിന്റ് യുഎസ്എ സി.ഇ.ഒയുമായ എറിക കിർക്ക് സുരക്ഷാ ഭീഷണികളെ തുടർന്ന് പരിപാടിയിൽ പങ്കെടുക്കുന്നതിൽ നിന്ന് പിന്മാറി. തന്റെ ജീവന് ഭീഷണി ഉയർന്നതായി സൂചന ലഭിച്ചതിനെ തുടർന്നാണ് ഈ തീരുമാനം.
പരിപാടിയുടെ സുരക്ഷയെ കുറിച്ച് ആശങ്കയില്ലെന്നും, സീക്രറ്റ് സർവീസുമായി ബന്ധപ്പെട്ട് കാര്യങ്ങൾ വിലയിരുത്തിയതായും വാൻസ് വ്യക്തമാക്കി.
അമേരിക്ക-ഇറാൻ ബന്ധത്തിൽ വിശ്വാസക്കുറവ് തുടരുന്നു: 'ഒരു രാത്രികൊണ്ട് പരിഹാരമില്ല' - ജെ.ഡി. വാൻസ്
