കിഴക്കൻ പസഫിക്കിൽ വീണ്ടും യു.എസ്. ആക്രമണം; നാല് പേർ കൊല്ലപ്പെട്ടു, വിവാദം ശക്തം

കിഴക്കൻ പസഫിക്കിൽ വീണ്ടും യു.എസ്. ആക്രമണം; നാല് പേർ കൊല്ലപ്പെട്ടു, വിവാദം ശക്തം


കിഴക്കൻ പസഫിക് സമുദ്രത്തിൽ  മയക്കുമരുന്ന് കടത്തുന്നു എന്ന് സംശയിക്കുന്ന ബോട്ടിനെതിരെ അമേരിക്ക നടത്തിയ പുതിയ സൈനികാക്രമണത്തിൽ നാല് പേർ കൊല്ലപ്പെട്ടതായി യു.എസ്. സൈന്യം അറിയിച്ചു. 'നാർക്കോടെററിസ്റ്റുകൾ' പ്രവർത്തിപ്പിച്ച ബോട്ടിനെ ലക്ഷ്യമിട്ടാണ് ആക്രമണം നടത്തിയതെന്ന് യുഎസ് ദക്ഷിണ കമാൻഡ് അറിയിച്ചു. 

ഇതോടെ കഴിഞ്ഞ സെപ്റ്റംബർ മുതൽ തുടരുന്ന ഈ സൈനിക നീക്കത്തിൽ 170ൽ അധികം പേരാണ് കൊല്ലപ്പെട്ടത്. അടുത്തിടെ നടന്ന നിരവധി ആക്രമണങ്ങളിലായി രണ്ട് മുതൽ അഞ്ചുവരെയുള്ള ആളുകൾ കൊല്ലപ്പെട്ടതായി റിപ്പോർട്ടുകളുണ്ട്. 
 ഈ ബോട്ടുകൾ മയക്കുമരുന്ന് കടത്ത് പാതകളിലൂടെ സഞ്ചരിച്ചവയാണെന്നും, ഭീകരസംഘടനകളുമായി ബന്ധമുള്ളവയാണെന്നും പറയുന്നുവെന്നാണ് അമേരിക്കയുടെ വിശദീകരണം . എന്നാൽ ഇതിനെ പിന്തുണയ്ക്കുന്ന വ്യക്തമായ തെളിവുകൾ ഇതുവരെ പുറത്തുവിട്ടിട്ടില്ല.

അതേസമയം, ഈ ആക്രമണങ്ങളെ മനുഷ്യാവകാശ സംഘടനകളും നിയമ വിദഗ്ധരും ശക്തമായി വിമർശിച്ചു. സാധാരണ പൗരന്മാരെ ലക്ഷ്യമിട്ട് നടത്തുന്ന 'നിയമവിരുദ്ധ കൊലപാതകങ്ങൾ' ആണിതെന്ന് അവർ ആരോപിക്കുന്നു. അന്താരാഷ്ട്ര നിയമങ്ങൾക്കും ഇത് വിരുദ്ധമാണെന്നും വിമർശനം ഉയരുന്നു. 

ഡ്രഗ് കടത്ത് തടയുന്നതിനായി കർശനമായ ഇത്തരം നടപടികൾ അനിവാര്യമാണെന്നാണ് അമേരിക്കൻ ഭരണകൂടത്തിന്റെ നിലപാട്. എന്നാൽ തെളിവുകളുടെ അഭാവവും നിയമപരമായ ചോദ്യങ്ങളും കാരണം വിഷയത്തിൽ അന്താരാഷ്ട്ര തലത്തിൽ വിവാദം ശക്തമാകുകയാണ്.