അമേരിക്കയിലേക്ക് കുടിയേറുന്നവര്‍ ആദ്യം ചെയ്യേണ്ടത് അമേരിക്കാരായി മാറുക എന്നതാണ്‌ ': കുടിയേറ്റക്കാരോട് വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസിന്റെ നിർദേശം

അമേരിക്കയിലേക്ക് കുടിയേറുന്നവര്‍ ആദ്യം ചെയ്യേണ്ടത് അമേരിക്കാരായി മാറുക എന്നതാണ്‌ ': കുടിയേറ്റക്കാരോട് വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസിന്റെ നിർദേശം


ജോർജിയ:  അമേരിക്കൻ പൗരത്വം നേടുന്ന കുടിയേറ്റക്കാർ ആദ്യം തങ്ങളെ അമേരിക്കക്കാരായി കാണണമെന്നും, സ്വന്തം മാതൃരാജ്യത്തിന്റെ താത്പര്യങ്ങളെക്കാൾ അമേരിക്കയുടെ താത്പര്യങ്ങൾക്ക് മുൻഗണന നൽകണമെന്നും യു.എസ്. വൈസ് പ്രസിഡന്റ് ജെ.ഡി വാൻസ് പറഞ്ഞു.

ജോർജിയ സർവകലാശാലയിൽ വിദ്യാർത്ഥികളുമായി നടത്തിയ സംവാദത്തിനിടെയാണ് വാൻസ് ഈ അഭിപ്രായം പങ്കുവെച്ചത്. അമേരിക്കൻ പൗരന്മാരായാൽ, കുടുംബ വേരുകൾ എവിടെയായാലും രാജ്യത്തിന്റെ മികച്ച താത്പര്യങ്ങൾക്കായി പ്രവർത്തിക്കേണ്ടത് ഉത്തരവാദിത്വമാണെന്ന് അദ്ദേഹം വ്യക്തമാക്കി.

ഇന്ത്യൻ വംശജനായ ഒരു വിദ്യാർത്ഥിയുടെ ചോദ്യത്തിന് മറുപടിയായാണ് വാൻസ് ഇക്കാര്യം പറഞ്ഞത്. എച്ച്1ബി വിസ സംവിധാനത്തിൽ തട്ടിപ്പുകൾ ഉണ്ടെന്നും, ഗ്രീൻ കാർഡ് ലഭിക്കുന്നതിൽ താമസം നേരിടുന്നുവെന്നുമായിരുന്നു വിദ്യാർത്ഥിയുടെ പരാതി.

തന്റെ ഭാര്യ ഉഷ വാൻസ്  ഇന്ത്യൻ കുടിയേറ്റക്കാരുടെ മകളാണെന്നും, അവരുടെ കുടുംബം അമേരിക്കയ്ക്ക് വലിയ സംഭാവനകൾ നൽകിയിട്ടുണ്ടെന്നും വാൻസ് പറഞ്ഞു. എന്നാൽ സ്വന്തം മാതൃരാജ്യത്തിന്റെ താൽപര്യങ്ങൾക്ക് വേണ്ടി ഒരിക്കലും സമ്മർദ്ദം ചെലുത്തിയിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അമേരിക്കയിൽ താമസിക്കുന്നവർ എല്ലാവരും 'അമേരിക്കക്കാരാണ്' എന്ന മനോഭാവം സ്വീകരിച്ചാൽ മാത്രമേ സമൂഹം കൂടുതൽ സ്വീകരിക്കപ്പെടൂ എന്നും അതാണ് കുടിയേറ്റ നയങ്ങളുടെ അടിസ്ഥാനമാകേണ്ടതെന്നും വാൻസ് അഭിപ്രായപ്പെട്ടു.

അതേസമയം, എച്ച്1ബി വിസ സംവിധാനത്തിൽ ചില തട്ടിപ്പുകൾ ഉണ്ടെന്ന് അദ്ദേഹം സമ്മതിച്ചെങ്കിലും, കുടിയേറ്റക്കാർ അമേരിക്കയുടെ വളർച്ചയ്ക്ക് നിർണായകമായ സംഭാവനകൾ നൽകിയിട്ടുണ്ടെന്നും വാൻസ് പറഞ്ഞു.