ബിലീവേഴ്‌സ് ഈസ്റ്റേൺ ചർച്ച് മെത്രാപോലിത്ത മാർ അത്തനേസിയസ് യോഹാൻ (കെ.പി. യോഹന്നാൻ) അന്തരിച്ചു.

ബിലീവേഴ്‌സ് ഈസ്റ്റേൺ ചർച്ച് മെത്രാപോലിത്ത മാർ അത്തനേസിയസ് യോഹാൻ (കെ.പി. യോഹന്നാൻ) അന്തരിച്ചു.


ബിലീവേഴ്സ്  ഈസ്റ്റേൺ ചര്‍ച്ച് മെത്രാപ്പോലീത്ത മാർ അത്തനേസിയസ് യോഹാൻ (കെ.പി യോഹന്നാന്‍)  അന്തരിച്ചു. അമേരിക്കയിലെ ഡാലസിൽ പ്രഭാത നടത്തത്തിനിടെ വാഹനമിടിച്ച് ഗുരുതരമായി പരുക്കേറ്റ അദ്ദേഹത്തെ അടിയന്തര ശസ്ത്രക്രിയയ്ക്കായി ഡാലസ് മെത്തഡിസ്റ്റ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു.

നാല് ദിവസം മുൻപാണ് അദ്ദേഹം അമേരിക്കയിലെത്തിയത്. സാധാരണ ഡാലസിലെ ബിലീവേഴ്സ് ചര്‍ച്ചിന്റെ ക്യാമ്പസിനകത്താണ് പ്രഭാത നടത്തം. രാവിലെ പള്ളിയുടെ പുറത്ത് റോഡിലേക്ക് നടക്കാന്‍ ഇറങ്ങിയപ്പോഴാണ് വാഹനം ഇടിച്ച് പരുക്കേറ്റത്. തലയ്ക്കും വാരിയെല്ലിനും ഇടുപ്പെല്ലിനും ഗുരുതര പരിക്കേറ്റിരുന്നു. ചികിത്സയ്ക്കിടെയുണ്ടായ ഹൃദയാഘാതത്തെ തുടര്‍ന്ന് ബുധനാഴ്ച വൈകുന്നേരമായിരുന്നു അന്ത്യം.

അപ്പർകുട്ടനാടിൻറെ ഭാഗമായപത്തനംതിട്ടയിലെ തിരുവല്ലയ്ക്കടുത്ത് നിരണത്ത് കടപ്പിലാരില്‍ വീട്ടില്‍ ചാക്കോ പുന്നൂസിന്റെ മകനായി 1950ലാണ് കെ.പി യോഹന്നാന്‍ ജനിച്ചത്. മാർത്തോമ്മാ വിശ്വാസികളായ കുടുംബം അക്കാലത്ത് പ്രദേശത്ത് വ്യാപകമായ താറാവ് കൃഷിയിലേർപ്പെട്ടുവരികയായിരുന്നു.

യൗവനകാലത്ത് ഡബ്ലു.എ. ക്രിസ്വെല്‍ എന്ന മിഷനറിക്കൊപ്പം അമേരിക്കയില്‍ വൈദിക പഠനത്തിന് പോയതോടെയാണ് യോഹന്നാന്‍ ആത്മീയ രംഗത്തേക്ക് തിരിഞ്ഞത്. ഇക്കാലത്ത് ജർമൻ സ്വദേശിയായ ഗസാലയെ 1974ൽ വിവാഹം ചെയ്തു.

ഭാര്യയോടൊപ്പം സുവിശേഷ പ്രവര്‍ത്തനം ആരംഭിച്ച കെ.പി യോഹന്നാന്‍ വര്‍ഷങ്ങള്‍ നീണ്ട വിദേശ വാസത്തിനുശേഷം 1983 ല്‍ തിരുവല്ല മാഞ്ഞാടിയില്‍ ഗോസ്പല്‍ ഏഷ്യയുടെ ആസ്ഥാനം നിര്‍മ്മിച്ച് കേരളത്തിലെ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു. സുവിശേഷ പ്രഘോഷണത്തിനായുളള ആത്മീയ യാത്രയെന്ന റേഡിയോയും അവിടെ നിന്നും ആരംഭിച്ചു. സവിശേഷ ശൈലിയിലൂടെ സുവിശേഷ വേലയിലേർപ്പെട്ട യോഹന്നാന്റെ പിന്നീടുള്ള ജീവിതയാത്ര അമ്പരപ്പിക്കുന്നതായിരുന്നു.

കെ.പി. യോഹന്നാന്‍, കെ.പി ചാക്കോ, കെ.പി.മാത്യു എന്ന മൂന്ന് സഹോദരന്മാർ ചേർന്നാണ് സംഘടന രൂപീകരിച്ചത്. ഒരു പൊതു മതപര ധര്‍മ്മസ്ഥാപനമായിട്ടാണ് ഈ ട്രസ്റ്റ് പ്രവര്‍ത്തിച്ചു വന്നത്. ഗോസ്പല്‍ മിനിസ്ട്രീസ് ഇന്ത്യ എന്നറിയപ്പെട്ട ഈ സംഘടന 1991ല്‍ ഗോസ്പല്‍ ഫോര്‍ ഏഷ്യ എന്ന പേരിലേക്ക് പിന്നീട് രൂപാന്തരപ്പെട്ടു. ആത്മീയ യാത്ര പിന്നീട് ബിലീവേഴ്‌സ് ചര്‍ച്ച് എന്ന പേരില്‍ 2003ൽ ഒരു എപ്പിസ്ക്കോപ്പൽ സഭയായി. 


ബിലീവേഴ്‌സ് ഈസ്റ്റേൺ ചർച്ച് മെത്രാപോലിത്ത മാർ അത്തനേസിയസ് യോഹാൻ (കെ.പി. യോഹന്നാൻ) അന്തരിച്ചു.

നിരവധി രാജ്യങ്ങളില്‍ ശാഖകളുള്ള സഭയുടെ തലവനായ മാർ അത്തനേഷ്യസ് യോഹാൻ മെത്രാപോലിത്ത പ്രഥമൻ എന്ന പേരിൽ യോഹന്നാന്‍ അഭിഷിക്തനായി. സിഎസ്ഐ സഭയുടെ മോഡറേറ്ററായിരുന്ന ബിഷപ്പ് കെ.ജെ. സാമുവലാണ് അഭിഷേകം നടത്തിയത്. 2017ൽ സഭ ബിലീവേഴ്‌സ് ഈസ്റ്റേൺ ചര്‍ച്ച് ആയി. ഇതിന് വടക്കു കിഴക്കൻ സംസ്ഥാനങ്ങളിലും നേപ്പാളിലും ശക്തമായ സാന്നിധ്യമുണ്ട്. ഇപ്പോൾ സഭയിൽ 35 ബിഷപ്പുമാരുണ്ട്.

സാമ്പത്തികമായി ഏറെ കരുത്തുള്ള സഭയാണ് ബിലീവേഴ്‌സ് ചർച്ച്. തിരുവല്ലയില്‍ സ്ഥിതി ചെയ്യുന്ന ബിലീവേഴ്‌സ് സൂപ്പര്‍ സ്‌പെഷാലിറ്റി മെഡിക്കല്‍ കോളജാണ് സ്ഥാപനങ്ങളില്‍ പ്രധാനം. ഇതടക്കം  അത്യാധുനിക സംവിധാനങ്ങൾ ഉള്ള മെഡിക്കല്‍ കോളജുകള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുടങ്ങി കേരളത്തില്‍ മാത്രം ശതകോടികളുടെ ആസ്തിയാണ് ബിലീവേഴ്‌സ് ചര്‍ച്ചിനുള്ളത്. ഒരു ഡസനിലേറെ രാജ്യങ്ങളിലായി 35 ലക്ഷം വിശ്വാസികള്‍ ഒപ്പമുണ്ടന്നാണ് സഭ പറയുന്നത്.