ഷിക്കാഗോ പോലീസ് ഓഫീസര്‍ ലൂയിസ് ഹ്യൂസ്‌ക വെടിയേറ്റ് മരിച്ചു

ഷിക്കാഗോ പോലീസ് ഓഫീസര്‍ ലൂയിസ് ഹ്യൂസ്‌ക വെടിയേറ്റ് മരിച്ചു


ഷിക്കാഗോ: ഷിക്കാഗോ പോലീസ് ഓഫീസര്‍ ലൂയിസ് ഹ്യൂസ്‌ക ജോലികഴിഞ്ഞ് വീട്ടിലേക്ക് ഡ്രൈവ് ചെയ്യുന്നതിനിടെ ഗേജ് പാര്‍ക്കില്‍ വെടിയേറ്റ് മരിച്ചു. ഞായറാഴ്ച പുലര്‍ച്ചെ ഷിഫ്റ്റ് കഴിഞ്ഞ് വീട്ടിലേക്ക് പോകുന്നതിനിടെ എട്ടാമത്തെ പോലീസ് ഡിസ്ട്രിക്റ്റിലാണ് വെടിവയ്പുണ്ടായതെന്ന് അധികൃതര്‍ പറഞ്ഞു.

പുലര്‍ച്ചെ 2:53 ന്, ഒരു വെടിവയ്പ്പിന്റെ സന്ദേശം ലഭിച്ചതിനെത്തുടര്‍ന്നു  ഉദ്യോഗസ്ഥര്‍ സൗത്ത് കെഡ്സി അവന്യൂവിലെ 5500 ബ്ലോക്കിലേക്ക് എത്തി. അവിടെ വെടിയേറ്റ മുറിവുകളുമായി ഉദ്യോഗസ്ഥനെ കണ്ടെത്തി. ഉദ്യോഗസ്ഥനെ ഷിക്കാഗോ യൂണിവേഴ്സിറ്റി ഹോസ്പിറ്റലില്‍ പ്രവേശിപ്പിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ലെന്ന് പോലീസില്‍ നിന്നുള്ള പ്രാഥമിക പ്രസ്താവനയില്‍ പറയുന്നു.

കൊല്ലപ്പെട്ട ഉദ്യോഗസ്ഥന്റെ വാഹനം സംഭവസ്ഥലത്ത് കണ്ടെത്തിയതായി പോലീസ് പറഞ്ഞു.
അഞ്ചാമത്തെ ഡിസ്ട്രിക്ട് പ്രയോറിറ്റി റെസ്പോണ്‍സ് ടീമില്‍ ജോലി ചെയ്തിരുന്ന ലൂയിസ് എം. ഹ്യൂസ്‌കയെ മേയറുടെ ഓഫീസ് തിരിച്ചറിഞ്ഞു. തന്റെ 31-ാം ജന്മദിനം ആഘോഷിക്കാന്‍ വെറും രണ്ട് ദിവസം ശേഷിക്കെയാണ് ആറ് വര്‍ഷം ഡിപ്പാര്‍ട്ട്‌മെന്റില്‍ ഉണ്ടായിരുന്ന അദ്ദേഹത്തെ മരണം തട്ടിയെടുത്തതെന്ന് മേലുദ്യോഗസ്ഥനായ ലാറി സ്‌നെല്ലിംഗ് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. തെളിവുകള്‍ ശേഖരിച്ചുകൊണ്ടിരിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു