ഡോ. മാര്‍ അത്തനേഷ്യസ് യോഹാന്‍ മെത്രാപ്പൊലീത്തയുടെ ഭൗതികദേഹം കുറ്റപ്പുഴയിലെ സെന്റ് തോമസ് നഗറില്‍ കബറടക്കും

ഡോ. മാര്‍ അത്തനേഷ്യസ് യോഹാന്‍ മെത്രാപ്പൊലീത്തയുടെ ഭൗതികദേഹം കുറ്റപ്പുഴയിലെ സെന്റ് തോമസ് നഗറില്‍ കബറടക്കും


തിരുവല്ല:  അമേരിക്കയില്‍ വാഹനാപകടത്തില്‍ കാലം ചെയ്ത ബിലീവേഴ്‌സ് ഈസ്റ്റേണ്‍ ചര്‍ച്ച് സഭാധ്യക്ഷന്‍ ഡോ. മാര്‍ അത്തനേഷ്യസ് യോഹാന്‍ മെത്രാപ്പൊലീത്തയുടെ ഭൗതികശരീരം സഭാ ആസ്ഥാനമായ തിരുവല്ല കുറ്റപ്പുഴയിലെ സെന്റ് തോമസ് നഗറില്‍ കബറടക്കും. ഇവിടത്തെ കത്തീഡ്രലിലായിരിക്കും ശുശ്രൂഷകള്‍. തീയതി പിന്നീട് തീരുമാനിക്കും. വ്യാഴാാഴ്ച രാത്രി സഭാ ആസ്ഥാനത്തു ചേര്‍ന്ന ബിഷപ്പുമാരുടെ പ്രത്യേക യോഗമാണ് ഇതു സംബന്ധിച്ചു തീരുമാനമെടുത്തത്.

യുഎസിലെ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി 8 മുതല്‍ 10 വരെ ദിവസങ്ങള്‍ക്കുള്ളില്‍ സംസ്‌കാര ശുശ്രൂഷകള്‍ നടക്കുമെന്നു സഭാ വക്താവ് ഫാ. സിജോ പന്തപ്പള്ളില്‍ അറിയിച്ചു. നടപടിക്രമങ്ങള്‍ വേഗത്തിലാക്കാന്‍ ഹൂസ്റ്റണിലെ ഇന്ത്യന്‍ കോണ്‍സുലേറ്റുമായി ബന്ധപ്പെട്ടു ചര്‍ച്ചകള്‍ നടക്കുകയാണെന്നും സഭാ അധികൃതര്‍ പറഞ്ഞു.

പുതിയ മെത്രാപ്പൊലീത്തയെ തിരഞ്ഞെടുക്കുന്നതു വരെ സഭാ ചുമതലകള്‍ ബിഷപ്പുമാരുടെ ഒന്‍പതംഗ സമിതിക്കായിരിക്കും. ചെന്നൈ അതിഭദ്രാസനത്തിന്റെ ചുമതലയുള്ള ഡോ. സാമുവല്‍ മാര്‍ തെയോഫിലോസിന്റെ അധ്യക്ഷതയിലുള്ള സമിതി സംസ്‌കാര ശുശ്രൂഷകള്‍ക്കും നേതൃത്വം നല്‍കും. ബിഷപ്പുമാരായ ഡോ. സാമുവല്‍ മാര്‍ തെയോഫിലോസ്, ജോണ്‍ മാര്‍ ഐറേനിയോസ്, ജോഷ്വ മാര്‍ ബര്‍ന്നബാസ്, മാര്‍ട്ടിന്‍ മാര്‍ അപ്രേം, മാത്യൂസ് മാര്‍ സില്‍വാനിയോസ്, ഫാ. സിജോ പന്തപ്പള്ളില്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.

ചൊവ്വാഴ്ച യുഎസിലെ ഡാലസില്‍ ഉണ്ടായ അപകടത്തില്‍ ഗുരുതരമായി പരുക്കേറ്റ മെത്രാപ്പൊലീത്ത ഡാലസ് സിറ്റിയിലെ മെതഡിസ്റ്റ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് അന്ത്യം. ഡാലസിലെ സില്‍വര്‍സിന്റില്‍ പ്രഭാത സവാരിക്കിടെയാണ് വാഹനമിടിച്ച് മെത്രാപ്പൊലീത്തയുടെ നെഞ്ചിനും തലയ്ക്കും ഗുരുതരമായി പരുക്കേറ്റത്. ആന്തരാവയവങ്ങളിലുണ്ടായ രക്തസ്രാവം നിലയ്ക്കാന്‍ ശസ്ത്രക്രിയ നടത്തി. ആരോഗ്യ നിലയില്‍ നേരിയ പുരോഗതി കണ്ടെങ്കിലും ഇന്ത്യന്‍ സമയം ബുധനാഴ്ച രാത്രി 7 മണിയോടെ മരിച്ചു.

അപ്പര്‍ കുട്ടനാട്ടിലെ നിരണം കടപ്പിലാരില്‍ കുടുംബാംഗമായ മാര്‍ അത്തനേഷ്യസ് യോഹാന്‍ മെത്രാപ്പൊലീത്ത ഗോസ്പല്‍ ഫോര്‍ ഏഷ്യ എന്ന പ്രസ്ഥാനത്തിലൂടെയാണ് സുവിശേഷ പ്രവര്‍ത്തനരംഗത്തെത്തിയത്. ഡോ. കെ.പി.യോഹന്നാന്‍ എന്നായിരുന്നു മെത്രാപ്പൊലീത്തയാകും മുന്‍പുള്ള പേര്. ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ ഗോസ്പല്‍ ഫോര്‍ ഏഷ്യ സാമൂഹിക - സേവന പ്രവര്‍ത്തനങ്ങള്‍ക്കു നേതൃത്വം നല്‍കി. പ്രശസ്ത ആത്മീയ പ്രസംഗകനായിരുന്ന അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ 2003 ലാണ് ബിലീവേഴ്‌സ് ചര്‍ച്ച് സ്വതന്ത്ര സഭയായി പ്രവര്‍ത്തനം ആരംഭിക്കുന്നത്. സഭയുടെ സ്ഥാപക ബിഷപ്പായി അദ്ദേഹം.