ഇന്ത്യന്‍ മസാലകളില്‍ കീടനാശിനിയുടെ സാന്നിധ്യം: ആന്വേഷണവുമായി യുഎസ് ആരോഗ്യ ഉദ്യോഗസ്ഥര്‍

ഇന്ത്യന്‍ മസാലകളില്‍ കീടനാശിനിയുടെ സാന്നിധ്യം: ആന്വേഷണവുമായി യുഎസ് ആരോഗ്യ ഉദ്യോഗസ്ഥര്‍


വാഷിംഗ്ടണ്‍: രണ്ട് ഇന്ത്യന്‍ സുഗന്ധവ്യഞ്ജന നിര്‍മ്മാതാക്കള്‍ നിര്‍മ്മിച്ച ഉല്‍പ്പന്നങ്ങളില്‍  ക്യാന്‍സറിന് കാരണമാകുന്ന കീടനാശിനി അടങ്ങിയിട്ടുണ്ട് എന്ന ആരോപണം ഉയര്‍ന്ന സാഹചര്യത്തില്‍ ഇവയുടെ ഗുണനിലവാരത്തെക്കുറിച്ച് യുഎസ് ഫുഡ് ആന്‍ഡ് ഡ്രഗ് അഡ്മിനിസ്‌ട്രേഷന്‍ പരിശോധിക്കും.

ഉയര്‍ന്ന അളവില്‍ എഥിലീന്‍ ഓക്‌സൈഡ് ഉണ്ടെന്നാരോപിച്ച്  എംഡിഎച്ച് നിര്‍മ്മിച്ച മൂന്ന് സുഗന്ധവ്യഞ്ജന മിശ്രിതങ്ങളുടെയും എവറസ്റ്റിന്റെ മറ്റൊന്നിന്റെയും വില്‍പ്പന ഈ മാസം ആദ്യം,ഹോങ്കോംഗ് നിര്‍ത്തിവച്ചിരുന്നു.

ഇന്ത്യന്‍ നിര്‍മിത എംഡിഎച്ച്, എവറസ്റ്റ് ഉല്‍പ്പന്നങ്ങള്‍ ഇന്ത്യയിലും ലോകമെമ്പാടും ഏറ്റവും പ്രചാരമുള്ളവയാണ്.

ആരോപണങ്ഹള്‍ ഉയര്‍ന്ന സാഹചര്യത്തില്‍ തങ്ങളുടെ ഉല്‍പ്പന്നങ്ങള്‍ ഉപഭോഗത്തിന് സുരക്ഷിതമാണെന്ന് എവറസ്റ്റ് മുമ്പ് പറഞ്ഞിരുന്നു. അതേസമയം എംഡിഎച്ച് പ്രതികരിച്ചിട്ടില്ല.

'റിപ്പോര്‍ട്ടുകളെക്കുറിച്ച് എഫ്ഡിഎ ബോധവാന്മാരാണെന്നും സാഹചര്യത്തെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ശേഖരിക്കുകയാണെന്നും എഫ്ഡിഎ വക്താവ് റോയിട്ടേഴ്സ് വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു.

ഉയര്‍ന്ന അളവിലുള്ള എഥിലീന്‍ ഓക്‌സൈഡ് ക്യാന്‍സര്‍ സാധ്യതയുണ്ടാക്കുമെന്ന് ആരോപിച്ച് മീന്‍കറികള്‍ക്കുള്ള എവറസ്റ്റ് മിശ്രിതവും സിംഗപ്പൂര്‍ തിരിച്ചുവിളിച്ചു.

ഹോങ്കോങ്ങിലെയും സിംഗപ്പൂരിലെയും രണ്ട് കമ്പനികളുടെയും കയറ്റുമതിയെക്കുറിച്ചുള്ള വിവരങ്ങള്‍ തേടുകയാണെന്നും നിര്‍മാണശാലകളില്‍ പരിശോധനകള്‍ ആരംഭിച്ചതോടെ ഗുണനിലവാര പ്രശ്നങ്ങളുടെ മൂലകാരണം കണ്ടെത്താന്‍ നിര്‍മാതാക്കളുമായി  ചേര്‍ന്ന് പ്രവര്‍ത്തിക്കുകയാണെന്നും സുഗന്ധവ്യഞ്ജന കയറ്റുമതി നിയന്ത്രിക്കുന്ന ഇന്ത്യാ ഗവണ്‍മെന്റിന്റെ ഏജന്‍സിയായ ഇന്ത്യന്‍ സ്പൈസസ് ബോര്‍ഡ് ഈ ആഴ്ച ആദ്യം അറിയിച്ചു.

രണ്ട് കമ്പനികളുടെയും വെബ്സൈറ്റുകള്‍ ശനിയാഴ്ച പ്രവര്‍ത്തനരഹിതമായിരുന്നു.

സുഗന്ധവ്യഞ്ജനങ്ങളുടെ ഒരു ഫ്യൂമിഗേറ്റിംഗ് ഏജന്റ് ഉള്‍പ്പെടെഎഥിലീന്‍ ഓക്‌സൈഡ് വ്യവസായത്തില്‍ പല ആവശ്യങ്ങള്‍ക്കും ഉപയോഗിക്കുന്നുണ്ട്. യുഎസിലെ പരിസ്ഥിതി സംരക്ഷണ ഏജന്‍സി പറയുന്നത് ഈ രാസവസ്തു മനുഷ്യര്‍ക്ക് ക്യാന്‍സറിന് കാരണമാകുന്നുണ്ട് എന്നാണ്.

'എഥിലീന്‍ ഓക്‌സൈഡുമായി സമ്പര്‍ക്കം പുലര്‍ത്തുന്നത് ലിംഫോയിഡ് ക്യാന്‍സറിന്റെയും സ്ത്രീകള്‍ക്ക് സ്തനാര്‍ബുദത്തിന്റെയും സാധ്യത വര്‍ദ്ധിപ്പിക്കുമെന്ന് മനുഷ്യരിലെ തെളിവുകള്‍ സൂചിപ്പിക്കുന്നുവെന്ന് യുഎസിലെ പരിസ്ഥിതി സംരക്ഷണ ഏജന്‍സി  2018 ല്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

സാല്‍മൊണെല്ല മലിനീകരണത്തെക്കുറിച്ചുള്ള ഭയം കാരണം 2019-ല്‍, എംഡിഎച്ച് ഉല്‍പ്പന്നങ്ങളുടെ ഏതാനും ബാച്ചുകള്‍ യുഎസില്‍ തിരിച്ചുവിളിച്ചിരുന്നു.