പന്നൂന്‍ വധശ്രമ ഗൂഢാലോചനയിലെ ഇന്ത്യന്‍ ഉദ്യോഗസ്ഥന്റെ പേര് പുറത്തായി

പന്നൂന്‍ വധശ്രമ ഗൂഢാലോചനയിലെ ഇന്ത്യന്‍ ഉദ്യോഗസ്ഥന്റെ പേര് പുറത്തായി


വാഷിംഗ്ടണ്‍: ഖലിസ്ഥാന്‍ വിഘടനവാദി ഗുര്‍പത്വന്ത് സിംഗ് പന്നൂന്റെ വധശ്രമ ഗൂഡാലോചനയില്‍ ഉള്‍പ്പെട്ട ഇന്ത്യന്‍ ഉദ്യോഗസ്ഥന്റെ പേര് പുറത്തായി. വാഷിംഗ്ടണ്‍ പോസ്റ്റ് നടത്തിയ അന്വേഷണത്തില്‍ ഉദ്യോഗസ്ഥരെയും യു എസ് കുറ്റപത്രത്തെയും ഉദ്ധരിച്ച് 'ലക്ഷ്യത്തെക്കുറിച്ചുള്ള വിശദാംശങ്ങള്‍ കൈമാറിയത്' റോ ഓഫീസര്‍ വിക്രം യാദവ് ആണെന്ന് അവകാശപ്പെടുന്നു. പന്നൂന്റെ ന്യൂയോര്‍ക്ക് വിലാസം ഉള്‍പ്പെടെയാണ് വിക്രം യാദവ് കൈമാറിയത്.

റിസര്‍ച്ച് ആന്‍ഡ് അനാലിസിസ് വിംഗ് (റോ) ഏജന്റിന്റെ പേര് യു എസും ഇന്ത്യന്‍ സുരക്ഷാ ഉദ്യോഗസ്ഥരും വെളിപ്പെടുത്തിയെന്നാണ് റിപ്പോര്‍ട്ട് പറയുന്നത്. 

പന്നൂന്‍ വീട്ടിലുണ്ടെന്ന് കൊലയാളികള്‍ക്ക് സ്ഥിരീകരണം ലഭിച്ചാലുടന്‍ പദ്ധതികള്‍ നടപ്പാക്കുകയായിരുന്നു ലക്ഷ്യം. വാഷിംഗ്ടണ്‍ പോസ്റ്റിന്റെ അന്വേഷണ റിപ്പോര്‍ട്ട് പ്രകാരം യു എസ് രഹസ്യാന്വേഷണ ഏജന്‍സികള്‍ പറയുന്നതനുസരിച്ച് പന്നൂനെ ലക്ഷ്യമിടാന്‍ അക്കാലത്തെ റോ മേധാവി സാമന്ത് ഗോയലിന്റെ അനുവാദവുമുണ്ടായിരുന്നു. 

ഓപ്പറേഷനെ കുറിച്ച് അറിവുള്ള മുന്‍ മുതിര്‍ന്ന ഇന്ത്യന്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ വാഷിംഗ്ടണ്‍ പോസ്റ്റിന് നല്‍കിയ വിവരങ്ങളുമായി പൊരുത്തപ്പെടുന്നതാണ് ഈ കണ്ടെത്തല്‍, വിദേശത്തുള്ള സിഖ് തീവ്രവാദികളുടെ ഭീഷണി ഇല്ലാതാക്കാന്‍ ഗോയല്‍ കടുത്ത സമ്മര്‍ദ്ദത്തിലായിരുന്നുവെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.

ഗൂഢാലോചനയില്‍ ഉള്‍പ്പെട്ടതായി ആരോപിക്കപ്പെടുന്ന ഇന്ത്യന്‍ ഉദ്യോഗസ്ഥരുടെ പട്ടിക ഇവിടെ അവസാനിക്കുന്നില്ല. റിപ്പോര്‍ട്ട് അനുസരിച്ച് യു എസ് ചാര ഏജന്‍സികള്‍ നടപ്പാക്കുന്ന പദ്ധതിയെ കുറിച്ച് ഇന്ത്യയുടെ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലിനും അറിവുണ്ടായിരിക്കാമെങ്കിലും ഇതിലേക്കെത്തുന്ന തെളിവുകളൊന്നും പുറത്തുവന്നിട്ടില്ല. 

പന്നൂന്‍ വധശ്രമ ഗൂഡാലോചനയുമായി ബന്ധപ്പെട്ട അഭിപ്രായങ്ങള്‍ ആരാഞ്ഞ ടെലിഫോണ്‍ കോളുകളോടും വോയ്‌സ് മെസേജുകളോടും അജിത് ഡോവലോ ഗോയലോ പ്രതികരിച്ചില്ലെന്ന് വാഷിംഗ്ടണ്‍ പോസ്റ്റ് പറയുന്നു.

അമേരിക്കയിലെ ഇന്ത്യന്‍ കൊലപാതക ഗൂഢാലോചനകളുടെ പരിശോധന യുണൈറ്റഡ് സ്റ്റേറ്റ്‌സ്, ഇന്ത്യ, കാനഡ, ബ്രിട്ടന്‍, ജര്‍മ്മനി, ഓസ്ട്രേലിയ എന്നിവിടങ്ങളിലെ നിലവിലുള്ളതും മുന്‍ മുതിര്‍ന്നതുമായ മൂന്ന് ഡസനിലധികം ഉദ്യോഗസ്ഥരുമായുള്ള അഭിമുഖങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണെന്ന് റിപ്പോര്‍ട്ട് കൂട്ടിച്ചേര്‍ത്തു.

വിക്രം യാദവിനെ തിരിച്ചറിഞ്ഞതോടെ കൊലപാതക പദ്ധതി ഇന്ത്യന്‍ ചാരസേവനത്തിനുള്ളില്‍ നിന്നാണെന്നതിന് ഏറ്റവും വ്യക്തമായ തെളിവുകള്‍ നല്‍കുന്നുവെന്ന് റിപ്പോര്‍ട്ട് ആവര്‍ത്തിക്കുന്നു. 'ഉയര്‍ന്ന റാങ്കിലുള്ള റോ ഉദ്യോഗസ്ഥരും ഇതില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നാണ് നിലവിലുള്ളതും മുന്‍ സുരക്ഷാ ഉദ്യോഗസ്ഥരും ഉദ്ധരിച്ചു.

പന്നൂനെ അമേരിക്കന്‍ മണ്ണില്‍ വച്ച് വധിക്കാനുള്ള ശ്രമം അമേരിക്ക പരാജയപ്പെടുത്തിയതായാണ് ആദ്യം പുറത്തവന്ന റിപ്പോര്‍ട്ട്. ഇത് വളരെ ഗൗരവമായി എടുത്തിട്ടുണ്ടെന്നും വിഷയത്തില്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നുമായിരുന്നു ആദ്യം ഇന്ത്യ പറഞ്ഞത്. 

കഴിഞ്ഞ വര്‍ഷം ജൂണില്‍ കാനഡയിലെ ബ്രിട്ടീഷ് കൊളംബിയ പ്രവിശ്യയിലെ സറേയില്‍ ഖാലിസ്ഥാന്‍ ഭീകരന്‍ ഹര്‍ദീപ് സിംഗ് നിജ്ജാറിനെ വെടിവെച്ചുകൊന്നതുമായി ബന്ധപ്പെട്ടാണ് യു എസില്‍ പന്നൂനെ കൊല്ലാനുള്ള ഗൂഢാലോചന നടന്നത്. ഉദ്യോഗസ്ഥര്‍ പറയുന്നതനുസരിച്ച് കാനഡയിലെ ഓപ്പറേഷനും യാദവുമായി ബന്ധപ്പെട്ടിരിക്കുന്നു.