പാലസ്തീന്‍ അനുകൂല പ്രതിഷേധം; പരീക്ഷ നിഷേധിക്കപ്പെട്ട് യു എസ് വിദ്യാര്‍ഥികള്‍

പാലസ്തീന്‍ അനുകൂല പ്രതിഷേധം; പരീക്ഷ നിഷേധിക്കപ്പെട്ട് യു എസ് വിദ്യാര്‍ഥികള്‍


വാഷിംഗ്ടണ്‍: പാലസ്തീന്‍ അുകൂല പ്രതിഷേധത്തില്‍ പങ്കെടുത്ത നിരവധി വിദ്യാര്‍ഥികള്‍ക്കെതിരെ പ്രതികാര നടപടിയെടുത്ത് സര്‍വകലാശാലകള്‍. പ്രതിഷേധക്കാരെ സസ്‌പെന്‍ഡ് ചെയ്തും അറസ്റ്റ് ചെയ്തും ഡിസ്മിസ് ചെയ്തുമൊക്കെയാണ് യൂണിവേഴ്‌സിറ്റി നടപടി സ്വീകരിക്കുന്നത്. 

പ്രതിഷേധത്തില്‍ പങ്കെടുത്തതിന്റെ പേരില്‍ തനിക്ക് ബിരുദം നഷ്ടപ്പെടുമെന്ന് അറിഞ്ഞതോടെ അരിസോണ സ്റ്റേറ്റ് യൂണിവേഴ്‌സിറ്റി വിദ്യാര്‍ഥിനി ബ്രെന ബ്രോക്കര്‍ ദുരനുഭവം വിവരിക്കുന്നതിനിടെ കരയുന്ന വീഡിയോ വൈറലായി. ക്യാമ്പസ് പ്രതിഷേധത്തിനിടെ അറസ്റ്റിലായതിനെ തുടര്‍ന്ന് സസ്‌പെന്‍ഷനിലായ ബ്രോക്കറിന് അവസാന വര്‍ഷ ബിരുദ പരീക്ഷകളില്‍ പങ്കെടുക്കാന്‍ സാധിക്കാത്ത അവസ്ഥയാണുള്ളത്.  

പാലസ്തീനെതിരെ ഇസ്രായേല്‍ നടത്തുന്ന യുദ്ധത്തിനും ഇസ്രായേലി കമ്പനികളിലെ സര്‍വകലാശാല നിക്ഷേപത്തിനുമെതിരെ യു എസിലെ കോളജുകളില്‍ പ്രതിഷേധം പൊട്ടിപ്പുറപ്പെട്ടതിനെ തുടര്‍ന്ന് അരിസോണ സ്റ്റേറ്റ് യൂണിവേഴ്‌സിറ്റിയിലെ 72 വിദ്യാര്‍ഥികളെയാണ് അറസ്റ്റ് ചെയ്തത്.

ക്ലാസുകള്‍ പൂര്‍ത്തിയാക്കാന്‍ അനുവദിച്ചെങ്കിലും പരീക്ഷയെഴുതാന്‍ അനുമതിയില്ലെന്ന് ബ്രോക്കര്‍ പറഞ്ഞു. 

എന്നാല്‍, ഇത്തരം പ്രതിഷേധങ്ങളില്‍ പങ്കെടുക്കുന്നത് നിര്‍ത്തില്ലെന്ന് വിദ്യാര്‍ഥിനി പറഞ്ഞു. തനിക്ക് ശരിയെന്ന് തോന്നുന്നത് താന്‍ ചെയ്യുകയായിരുന്നു. അത് ശരിയാണെന്ന് ഇപ്പോഴും വിശ്വസിക്കുന്നു. തനിക്ക് എന്തെങ്കിലും നെഗറ്റീവ് ആണെങ്കിലും ലക്ഷ്യത്തിനായി വീണ്ടും നിലകൊള്ളുമെന്നും അവര്‍ തുടര്‍ന്നു. 

ബ്രോക്കറിനോടും അറസ്റ്റിലായ വിദ്യാര്‍ഥികളോടും സസ്‌പെന്‍ഷനെ തുടര്‍ന്ന് ക്യാമ്പസില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഇത് അരിസോണ സ്റ്റേറ്റ് യൂണിവേഴ്‌സിറ്റിക്കെതിരെ കേസ് ഫയല്‍ ചെയ്യാന്‍ വിദ്യാര്‍ഥികളെ പ്രേരിപ്പിച്ചു.

വിദ്യാര്‍ഥികളുടെ അഭിപ്രായ സ്വാതന്ത്ര്യം ലംഘിച്ചുവെന്നും പ്രതിഷേധത്തില്‍ പങ്കെടുത്തവരോട് പ്രതികാരം ചെയ്‌തെന്നും സസ്പെന്‍ഷനിലായ വിദ്യാര്‍ഥികള്‍ ആരോപിച്ചു. 

ബ്രോക്കര്‍ ഉള്‍പ്പെടെ അറസ്റ്റിലായ 20 അരിസോണ വിദ്യാര്‍ഥികളുടെ സസ്‌പെന്‍ഷന്‍ പിന്‍വലിക്കാനുള്ള പ്രമേയം യു എസ് ജില്ലാ ജഡ്ജി നിരസിച്ചു.