സുനിതാ വില്യംസ് ചൊവ്വാഴ്ച മൂന്നാമതും ബഹിരാകാശത്തേക്ക്

സുനിതാ വില്യംസ് ചൊവ്വാഴ്ച മൂന്നാമതും ബഹിരാകാശത്തേക്ക്


വാഷിങ്ടണ്‍: സുനിതാ വില്യംസിന്റെ മൂന്നാം ബഹിരാകാശ യാത്ര ചൊവ്വാഴ്ച പുറപ്പെടും. പ്രാദേശിക സമയം രാവിലെ എട്ടിനു ഫ്‌ളോറിഡയിലെ കേപ് കനാവെറലില്‍ നിന്നാണ് അന്താരാഷ്ട്ര സ്‌പെയ്‌സ് സ്റ്റേഷനിലേക്ക് സുനിതയും ബുച്ച് വില്‍മോറുമടങ്ങുന്ന സംഘം യാത്ര തിരിക്കുക. ബോയിങ്ങിന്റെ ബഹിരാകാശ പേടകം സ്റ്റാര്‍ലൈനറിന്റെ ആദ്യ യാത്രയാണിത്. ഇലോണ്‍ മസ്‌കിന്റെ സ്‌പേസ് എക്‌സിന് ശേഷം ആദ്യമായാണ് സ്വകാര്യം പേടകം ബഹിരാകാശ യാത്രയ്ക്കായി ഉപയോഗിക്കുന്നത്. 

യാത്രയ്ക്കുള്ള തയ്യാറെടുപ്പുകള്‍ പൂര്‍ത്തിയായതായും ബഹിരാകാശ നിലയം തനിക്ക് വീടു പോലെയാണെന്നും സുനിത വില്യംസ് പറഞ്ഞു. പുതിയ പേടകത്തില്‍ പോകുന്നതിന്റെ നേരിയ പരിഭ്രമം പങ്കുവെക്കാന്‍ സുനിത മറന്നില്ല. എങ്കിലും യാത്രയെ കുറിച്ച് ആശങ്കയില്ലെന്നും അവര്‍ വ്യക്തമാക്കി. 

ബോയിങ് സ്റ്റാര്‍ലൈനര്‍ ബഹിരാകാശ പേടകത്തിന്റെ മനുഷ്യരെ വഹിക്കുന്ന ആദ്യ ദൗത്യത്തിന്റെ പൈലറ്റാണ് സുനിത. ബോയിങ്ങിന്റെ ക്രൂ ഫ്‌ളൈറ്റ് ടെസ്റ്റ് ആണിത്. 

നേരത്തെ 2006ലും 2012ലുമാണ് സുനിത വില്യംസ് ബഹിരാകാശത്തേക്ക് യാത്ര നടത്തിയത്. ഇതുവരെയായി 322 ദിവസമാണ് ബഹിരാകാശത്ത് ചെലവഴിച്ചത്. ഏഴ് തവണകളിലായി 50 മണിക്കൂറിലേറെ ബഹിരാകാശ നടത്തത്തിലും പങ്കെടുത്തു.

നേരത്തെ പദ്ധതിയിട്ടിരുന്ന യാത്രയായിരുന്നെങ്കിലും ബഹിരാകാശ പേടകത്തിന്റെ നിര്‍മാണത്തിലെ പിഴവുകള്‍ മൂലം പല തവണ മാറ്റിവെക്കുകയായിരുന്നു.